June 26, 2026 |
Share on

നീന്തൽക്കളത്തിൽ ചരിത്രം രചിച്ച് 12 വയസുകാരി യു സിദി; ലോക ചാമ്പ്യൻഷിപ്പിൽ ചൈനയ്ക്ക് വൈങ്കല നേട്ടം

സിദിയുടെ നേട്ടങ്ങൾ പ്രായത്തെക്കാൾ വലുതാണ്

ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടി ചൈനയിൽ നിന്നുള്ള 12 വയസ്സുകാരി യു സിദി. ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ടാണ് ഈ ഏഴാം ക്ലാസുകാരിയുടെ അപൂർവ്വ നേട്ടം. ചൈനയുടെ 4×200 മീറ്റർ ഫ്രീസ്റ്റൈൽ റിലേ ടീമിന്റെ പ്രിലിമിനറിയിൽ നീന്തിയാണ് യു മെഡൽ നേടിയത്. ഓസ്‌ട്രേലിയയെയും അമേരിക്കയെയും മറികടന്ന് ചൈന മൂന്നാം സ്ഥാനത്തെത്തി ചേർന്നതിനും ഈ മെഡൽ നേട്ടം കാരണമായി തീർന്നു

നീന്തൽക്കുളത്തിലെ ഇതുവരെയുള്ള നേട്ടങ്ങളുടെ കണക്കെടുത്താൽ പ്രായത്തെക്കാൾ വലുതാണ് സിദിയുടെ പ്രകടനം. ഈ വർഷം പങ്കെടുത്ത 3 മത്സരങ്ങളിൽ സിദിയുടെ പ്രകടനം പരിശോധിച്ചാൽ, പാരിസ് ഒളിംപിക്സിലായിരുന്നു അതെങ്കിൽ മെഡൽ നേട്ടങ്ങൾക്ക് അരികിലെത്തുമായിരുന്നു അവ. മെയിൽ നടന്ന ചൈനീസ് നീന്തൽ ചാംപ്യൻഷിപ്പിലായിരുന്നു യു സിദിയുടെ മാസ്മ‌രിക പ്രകടനം അരങ്ങേറിയത്. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ സിദിയുടെ ഫിനിഷിങ് ടൈം പാരിസ് ഒളിംപിക്‌സിലെ നാലാം സ്ഥാനത്തിനു തുല്യമായിരുന്നു.ഇതേ ചാംപ്യൻഷിപ്പിൽ 200 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ 2 മിനിറ്റ് 10.63 സെക്കൻഡിലായിരുന്നു സിദിയുടെ ഫിനിഷ്. ഈയിനത്തിൽ 12 വയസ്സുകാരിൽ ആൺ പെൺ വ്യത്യാസമില്ലാതെ, ഏറ്റവും വേഗം ഫിനിഷ് ചെയ്ത താരം എന്ന നേട്ടവുമുണ്ട്.

സിംഗപ്പൂരിൽ വച്ച് നടന്ന ലോക നീന്തൽ ചാംപ്യൻഷിപ്പിൽ 200, 400 മീറ്റർ വ്യക്തിഗത മെഡലെ, 200 മീറ്റർ ബട്ടർഫ്ലൈ എന്നീ ഇനങ്ങളിലാണു യു സിദി മത്സരിച്ചത്. ഇത്ര ചെറുപ്പത്തിൽ തന്നെ ഒളിംപിക്സ് നിലവാരത്തിലുള്ള പ്രകടനം നടത്താൻ സാധിക്കുന്ന യു സിദിയെ നീന്തൽക്കുളത്തിലെ ഭാവിതാരമെന്ന നിലയ്ക്കാണ് കായികലോകം കാണുന്നത്.

content summary: Twelve-year-old Yu Zidi of China wins bronze in relay at World Swimming Championships

Leave a Reply

Your email address will not be published. Required fields are marked *

×