എഴുപത്തി ഏഴാമത് പ്രൈംടൈം എമ്മി അവാർഡ്‌സിൽ ചരിത്രം സൃഷ്ടിച്ച് ബ്രിട്ടീഷ് താരം ഓവൻ കൂപ്പർ. അഡോൾസൻസ് എന്ന പരമ്പരയിലെ മികച്ച പ്രകടനത്തിന് മികച്ച സഹനടനുള്ള എമ്മി പുരസ്കാരം നേടിയിരിക്കയാണ് ഈ പതിനഞ്ചു വയസുകാരൻ. അഡോളസെൻസ് എന്ന ഒറ്റ പരമ്പരയിലൂടെ എമ്മിയുടെ ചരിത്രം മാറ്റിയെഴുതിയിരിക്കുകയാണ് ഓവൻ കൂപ്പർ.
മികച്ച സഹനടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എമ്മി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ അഭിനേതാവുമായി മാറിയിരിക്കുകയാണ് ഓവൻ കൂപ്പർ. ആഷ്‌ലി വാൾട്ടേഴ്‌സ്, ഹാവിയർ ബാർഡെം, ബിൽ കാമ്പ്, പീറ്റർ സാർസ്ഗാർഡ്, റോബ് ഡെലാനി എന്നിവരുൾപ്പെടെ അഞ്ച് മുതിർന്ന നോമിനികളെ പിന്തള്ളിയാണ് കൂപ്പർ ഈ പുരസ്‌കാരം സ്വന്തമാക്കിയത്. ജാക്ക് തോണും സ്റ്റീഫൻ ഗ്രഹാമും ചേർന്ന് നെറ്റ്ഫ്ലിക്സിനുവേണ്ടി അഡോളസെൻസ് എന്ന ലിമിറ്റഡ് സീരീസ് ഒരുക്കിയത്. ആദ്യമായാണ് മാഞ്ചസ്റ്റർ സ്വദേശിയായ ഓവൻ ക്യാമറയ്ക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടതുതന്നെ. അഭിനയിച്ച് യാതൊരു മുൻപരിചയവുമില്ലാത്ത ഒരാളാണ് ഇപ്പോൾ പുരസ്കാരത്തിന്റെ ചരിത്രം മാറ്റിയെഴുതിയത് എന്നതാണ് ഇത്തവണത്തെ എമ്മിയെ ശ്രദ്ധേയമാക്കുന്നത്.
‘അഡോളസൻസ്’ ഒരു കുറ്റാന്വേഷണ സീരീസാണ്. തൻ്റെ സഹപാഠിയെ കൊലപ്പെടുത്തിയതിന് കൗമാരപ്രായക്കാരനായ ജാമി മില്ലറെ (ഓവൻ കൂപ്പർ) അറസ്റ്റ് ചെയ്തതിനെ തുടർന്നുള്ള സംഭവങ്ങളാണ് അഡോളസെൻസിന്റെ കഥാപശ്ചാത്തലം. എന്തിന് കൊന്നു, വാട്ട് വാസ് ദി മോട്ടീവ്, എന്നതിനെ പറ്റിയുള്ള അന്വേഷണമാണിത്. നാല് എപ്പിസോഡുകൾ അടങ്ങുന്ന സീരിസിലെ എല്ലാ എപ്പിസോഡും സിംഗിൾ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. ഗംഭീര പ്രകടനമാണ് സീരിസിലെ അഭിനേതാക്കൾ എല്ലാവരും കാഴ്ചവെച്ചിരിക്കുന്നത്. സീരിസിലെ പ്രധാന കഥാപാത്രമായ ജെയ്മിയെ അവതരിപ്പിച്ച ഓവൻ കൂപ്പറിന് വലിയ കയ്യടികളാണ് ലഭിച്ചത്.
നാടക പരിശീലന കളരിയിലൂടെയാണ് ഓവൻ കൂപ്പർ അഭിനയത്തിലേക്ക് എത്തുന്നത്. നിരപരാധിത്വത്തിൽ നിന്ന് കുറ്റബോധത്തിലേക്കും, കോപത്തിൽ നിന്ന് പശ്ചാത്താപത്തിലേക്കും മാറുന്ന തീവ്രമായ ഭാവങ്ങൾ വ്യക്തമാക്കുന്ന രംഗങ്ങൾ തനിയെ ഷൂട്ട് ചെയ്ത് അയക്കാൻ സിനിമയുടെ ഓഡീഷന്റെ സമയത്ത് അഭിനേതാക്കളോട് നിർദേശിച്ചിരുന്നു. അത്തരത്തിൽ വന്ന് നിരവധി വീഡിയോകളിൽ നിന്നാണ് കൂപ്പറിനെ ജാമിയായി തിരഞ്ഞെടുത്തത്. ഓവൻ കൂപ്പർ കഥാപാത്രത്തിലേക്ക് പൂർണ്ണമായി ഇറങ്ങിച്ചെന്നു. അഡോളസൻസ് എന്ന പരമ്പരയിലെ ഓരോ മണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡും ഒറ്റ ഷോട്ടിൽ ചിത്രീകരിച്ചതുപോലെയാണ് അനുഭവപ്പെടുന്നത്. ഇത് പരിചയസമ്പന്നരായ അഭിനേതാക്കൾക്ക് പോലും എളുപ്പമുള്ള കാര്യമല്ല. എന്നാൽ ഒരു കൗമാരക്കാരനായ കൂപ്പർ ഇത് എളുപ്പത്തിൽ കൈകാര്യം ചെയ്തു.
content summary: Owen Cooper Makes History at 15, Wins Best Supporting Actor at the Emmy Awards for Adolescence