June 26, 2026 |
Share on

ഹൃദയം നിറഞ്ഞ ലാളിത്യം, ‘ഇത്രയും സിംപിൾ ആയിട്ടുള്ള മനുഷ്യനോ?’ ഡോ. ജോസ് ചാക്കോയ്ക്ക് ഹൃദയപൂർവം ജയസൂര്യ

ഡോക്ടറുടെ ലാളിത്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തി

പ്രശസ്ത ഹൃദയ ശസ്ത്രക്രിയാ വിദഗ്ദ്ധനും പത്മശ്രീ, പത്മഭൂഷൺ ജേതാവുമായ ഡോ. ജോസ് ചാക്കോ പെരിയാപുരത്തിൻ്റെ ലാളിത്യത്തെക്കുറിച്ച് നടൻ ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. ഒരിക്കൽ തന്റെ സുഹൃത്തിനൊപ്പം ഡോക്ടറുമായി അവിചാരിതമായി നടന്ന ഒരു കൂടിക്കാഴ്ചയുടെ അനുഭവമാണ് ജയസൂര്യ പങ്കുവെച്ചത്.

രണ്ടു കൈകളിലും സഞ്ചികളുമായി ഷോർട്ട് സ്ലീവ് ടീ ഷർട്ടും ട്രാക്ക് പാന്റുമിട്ട് നടന്നു വരുന്ന ഡോക്ടറെ കണ്ടപ്പോൾ തന്റെ സുഹൃത്ത് ഞെട്ടിയെന്നും, തുടർന്ന് നടന്ന സംഭാഷണത്തിൽ ഡോക്ടറുടെ ലാളിത്യം അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയെന്നും ജയസൂര്യ പറയുന്നു.

ഒരാൾ അധ്വാനിച്ച് നേടിയത് തൻ്റെ കഴിവ് കൊണ്ട് മാത്രമല്ല, ദൈവം തന്ന സമ്മാനം കൂടിയാണ് എന്ന് തിരിച്ചറിയാനുള്ള മാനസിക വികാസം ഉള്ളവർക്ക് മാത്രമേ വീണ്ടും വീണ്ടും സമ്മാനങ്ങൾ ലഭിക്കൂ എന്ന തിരിച്ചറിവ് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ സാധിക്കുമെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

ഹൃദയത്തിൽ ദൈവീകതയുടെ പ്രകാശം നിറഞ്ഞൊഴുകുന്നവരെ വിശേഷിപ്പിക്കാൻ വാക്കുകളില്ലെന്ന് പറഞ്ഞുകൊണ്ടാണ് ജയസൂര്യ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.

(ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം)

ഞാനും , ഒരു സുഹൃത്തും കൂടി എൻ്റെ ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോൾ , രണ്ടു കൈയ്യിലും സഞ്ചിയൊക്കെ പിടിച്ച് , ഒരു ഷോർട്ട് സ്ലീവ് ടീ ഷർട്ടും , ട്രാക്ക് പാൻ്റുമൊക്കെയിട്ട് ഒരാൾ നടന്ന് വരുന്നു . കണ്ട ഉടനെ തന്നെ അദ്ദേഹം ; ങ്ങാ..ജയസൂര്യേ… എന്നാ ഉണ്ട്? ഇന്ന് ഷൂട്ടിങ്ങില്ലേ …..?
: ങ്ങാ.. ഇന്നില്ല ഡോക്ടറേ…..
ഡോക്ടർ എവിടെ പോയതാ ? ഞാനും ചോദിച്ചു
: ഞാൻ എൻ്റെ ഫാം ഹൌസ് വരെ പോയതാ , നല്ല കൊറച്ച് റംമ്പൂട്ടാനുണ്ട് ഞാൻ ജെയ്മിയോട് പറഞ്ഞേക്കാം സരിതയുടെ കൈയില് കൊറച്ച് കൊടുത്തേക്കാൻ
: ഓ താങ്ക്യൂ ഡോക്ടർ, അപ്പോ ഞങ്ങള് കഴിച്ചിട്ട് വിളിക്കാം.
എൻ്റെ ഫ്രണ്ടിനെ കണ്ടതും മൂപ്പര് ചോദിച്ചു..ഇതാരാ.?
: എൻ്റെ ഫ്രണ്ടാ ഒരു കഥ പറയാൻ വന്നതാ…
: ok അപ്പൊ എല്ലാം നന്നായി നടക്കട്ടെ!! God Bless you!! എന്ന് പറഞ്ഞ് പുള്ളി ലിഫ്റ്റിൻ്റെ ഭാഗത്തേക്ക് പോയി.
എൻ്റെ സുഹൃത്ത് എന്നോട് ചോദിച്ചു : അതാരാ ചേട്ടാ പള്ളീലച്ചനെ പോലെയുള്ള ആള് ? ഡോക്ടറാ?
ഞാൻ പറഞ്ഞു : ങ്ങാ.. ഡോക്ടറാ… പേര് പറഞ്ഞാ നീ ചെലപ്പോ അറിയും ” ജോസ് ചാക്കോ പെരിയാപുരം”
അവൻ ഞെട്ടി : ദൈവമേ… അതായിരുന്നോ
ജോസ് ചാക്കോ പെരിയാപുരം ??
ഇത്രയും സിംപിൾ ആയിട്ടുള്ള മനുഷ്യനോ?
‘അവൻ ഞെട്ടിയതിൽ അത്ഭുതപ്പെടാനില്ല ‘കാരണം..
സ്വന്തം ജോലി ചിലപ്പോ അലങ്കാരമായും, അഹങ്കാരമായും കൊണ്ടു നടക്കുന്ന ഈ കാലഘട്ടത്തിൽ ..
22500 -ലധികം ഹൃദയ ശസ്ത്രക്രീയകളും ,32 ഹൃദയം മാറ്റി വെയ്ക്കൽ ശസ്ത്രക്രീയകളും , കൂടാതെ പത്മശ്രീയും ,പത്മഭൂഷൺ ബഹുമതികളൊക്കെ ലഭിച്ച ഈ മനുഷ്യൻ ഇത്രയും ഭാരമില്ലാതെ എങ്ങനെ ജീവിക്കുന്നു എന്നുള്ളത് അത്ഭുതകരമായ ഒരു കാഴ്ച തന്നെയാണ്.
ഞാൻ എൻ്റെ സുഹൃത്തിനോട് പറഞ്ഞു : ടാ, മാത്രമല്ല ഇത്രയും തിരക്ക് പിടിച്ച് നടക്കുന്ന ഈ മനുഷ്യനാണ് ഈ ഫ്ളാറ്റിലെ പ്രസിഡണ്ട് അറിയോ നിനക്ക്..
അവൻ ശരിക്കും ഞെട്ടി : എൻ്റെ പൊന്നേ..ഇങ്ങേര് ഒരു വൻ പുലി ആണല്ലോ ചേട്ടാ…
ഞാൻ അവനെ നോക്കി വെറുതെ ചിരിച്ചതേയുള്ളൂ.
ഒരാൾ അധ്വാനിച്ച് നേടിയത് അവൻ്റെ കഴിവ് കൊണ്ട് മാത്രമല്ല . ദൈവം തന്ന സമ്മാനം കൂടിയാണ് എന്ന് തിരിച്ചറിയാനുള്ള മാനസിക വികാസം ഉള്ളവനേ ദൈവം വീണ്ടും വീണ്ടും സമ്മാനങ്ങൾ നൽകൂ..
എന്ന തിരിച്ചറിവും അദ്ദേഹത്തിൽ നിന്നും പഠിക്കാൻ സാധിക്കും.
ഹൃദയത്തിൽ ദൈവീകതയുടെ പ്രകാശം നിറഞ്ഞ് തുളുമ്പുന്നവരെ നമുക്ക് എന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാകും!!!
Congratulations!!!
“Doctor Jose Chako Periyapuram”
ഹൃദയപൂർവ്വം
ജയസൂര്യ.

content summary: Jayasurya’s Heartfelt Tribute to Dr. Jose Chacko Periyapuram

 

 

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×