June 26, 2026 |

‘ഫിറ്റ്നസ് മാത്രം പോരാ, ഹൃദയം ഫിറ്റായിരിക്കണം’ : ഡോ. ജോ ജോസഫ്

‘ഹൃദ്‌രോഗം നേരത്തേയെത്തുന്നതിനും കാരണമുണ്ട്’

ചെറുപ്പക്കാർ കുഴഞ്ഞുവീണ് മരിക്കുന്ന വാർത്തകളിൽ അവസാനമായി വന്നത് നിയമസഭയിലെ ഓണാഘോഷങ്ങൾക്കിടെ നൃത്തം അവതരിപ്പിക്കുന്നതിനിടെ ഡെപ്യൂട്ടി ലൈബ്രേറിയൻ ജുനൈസിൻ്റെ മരണമാണ്. 2024 ജൂലൈയിൽ എറണാകുളം സ്വദേശിയായ 26 വയസുകാരി അന്ന സെബാസ്റ്റ്യന്‍ മരിച്ചതും 41 വയസുള്ള പ്രശസ്ത ഹൃദ്രോഗ വിദഗ്‌ധന്‍ ഡോ. സൗരവ് ഗാന്ധി ഗുജറാത്തിലെ റാം നഗറില്‍ പെട്ടെന്ന് മരണപ്പെട്ടതും ജനങ്ങൾക്കിടയിൽ ആശങ്കയുയർത്തിയിരുന്നു. 25 വയസ് പ്രായമുളള ചെറുപ്പക്കാർ ജിമ്മില്‍ വര്‍ക്ഔട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതത്തില്‍ മരിക്കുന്ന റിപ്പോർട്ടുകളും വന്നിരുന്നു.

എന്തുകൊണ്ടാണ് ചെറുപ്പക്കാർക്കിടയിൽ ഇത്തരം മരണങ്ങൾ കൂടുന്നത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എറണാകുളം, തൃക്കാക്കര ലിസി ഹോസ്പിറ്റലിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫ് അഴിമുഖത്തോട് പറയുന്നു.

പെട്ടെന്നുണ്ടാകുന്ന മരണങ്ങളെ സഡൻ കാർഡിയാക് ഡെത്ത് എന്നാണ് പറയുന്നത്. സഡൻ കാർഡിയാക് ഡെത്തിനെ പ്രധാനമായും രണ്ടായി തരംതിരിക്കാം. 35 വയസിന് താഴെയുള്ളവരിലും അതിന് മുകളിലുള്ളവരിലും സഡൻ കാർഡിയാക് ഡെത്ത് സംഭവിക്കുന്നുണ്ട്. 35 വയസിന് മുകളിലുള്ളവരിലാണെങ്കിൽ അതിന്റെ പ്രധാന കാരണം ഹാർട്ട് അറ്റാക്ക് ആണ്. ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന പ്രധാന ധമനി കൊറോണറി ആർട്ടറി ആണ്. ഈ ഹൃദയധമനിയിൽ എവിടെയെങ്കിലും തടസ്സം സംഭവിച്ചാൽ, ഹൃദയത്തിലേക്ക് രക്തം കൃത്യമായി എത്താൻ കഴിയാതെ പോകും. ഹൃദയത്തിന്റെ ഇടിപ്പുക​ൾക്ക് താളം തെറ്റുന്നു. അങ്ങനെ വെൻട്രിക്കുലാർ ഫിബ്രിലേഷൻ എന്ന് പറയുന്ന അപകടകരമായ ആർത്മിയ ഉണ്ടാകുന്നു. ഇതാണ് ഹൃദയാഘാതത്തിന് കാരണമാകുന്നത്.

35 വയസിന് താഴെയുള്ളവരാണെങ്കിൽ ഹൃദയത്തിൻ്റെ ഭിത്തിക്ക് കട്ടി കൂടുന്നൊരു ​രോ​ഗമുണ്ടാകും. ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി (hypertrophic cardiomyopathy) എന്നാണ് അതിന് പറയുന്നത്. ഇത് അപൂർവ്വമായി ഹൃദയാഘാതത്തിലേക്ക് നയിക്കാൻ കാരണമാകാറുണ്ട്. കൂടാതെ ഹാർട്ട് കൺജന്റ് അനോമലിയും (heart conjunct anomaly) ഹൃദയാഘാതത്തിലേക്ക് നയിക്കാം. ഇത് ജന്മനാ ഉണ്ടാകുന്ന ഒരു ഹൃദയസംബന്ധമായ പ്രശ്നമാണ്. ഹൃദയത്തിന്റെ ഘടനയിലുള്ള ഈ പ്രശ്നം രക്തയോട്ടത്തെ ബാധിക്കാം. ഇതാണ് സഡൻ കാർഡിയാക് ഡെത്തുകളുടെ പ്രധാന കാരണങ്ങൾ.

ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതകൾ എല്ലാവർക്കുമുണ്ട് എന്നതാണ് മനസിലാക്കേണ്ട ഒരു കാര്യം. ഹൃദയാഘാതത്തിൽ റിസ്കില്ലാത്ത ഒരു വിഭാ​ഗമെന്ന് പറയാൻ ആരും തന്നെയില്ല. 30 വയസ് വരെയാണ് റിസ്ക് കുറഞ്ഞ ഒരു കാലഘട്ടമുണ്ടാകുന്നത്. അതിന് ശേഷം റിസ്ക് കൂടി വരികയാണ് ചെയ്യുന്നത്.

ഹൃദ്‌രോഗം പല കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ഒന്ന് ജനിതക രോഗമായി ഹൃദ്‌രോഗം വരാറുണ്ട്. ഒരാൾ ‍ഡയബറ്റിക് ആണെങ്കിൽ ഹൃദ്‌രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലി ഹൃദ്‌രോഗത്തിന് വലിയൊരു കാരണമാണ്. ഉയർന്ന കൊളസ്ട്രോൾ ഉള്ളയാളാണെങ്കിൽ സാധ്യത കൂടുതലാണ്. തുടങ്ങിയ കാരണങ്ങളാണ് ഹൃദ്‌രോഗമുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ശാരീരിക ക്ഷമത എന്ന് പറയുന്നത് ഹൃദയത്തിന്റെ ആരോ​ഗ്യവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ഫിസിക്കലി ഫിറ്റ് ആയ ഒരാൾക്ക് ഹൃദയാഘാതം സംഭവിക്കാം. എല്ലാ ദിവസവും വ്യായാമം ചെയ്തത് കൊണ്ട് ഒരാളുടെ ഹൃദയം ആരോ​ഗ്യമുള്ളതാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല.

കൃത്യമായ ജീവിതശൈലി പിന്തുടരുന്നത് നമ്മുടെ ഹൃദയത്തിൻ്റെ ആരോ​ഗ്യം നിലനിർത്താൻ സഹായിക്കും. ഹൃദയത്തിൻ്റെ ആരോ​ഗ്യത്തിന് മോശമായി തോന്നുന്നവ ഒഴിവാക്കുകയാണ് ചെയ്യാൻ കഴിയുന്ന ഒരു കാര്യം. ഉദാഹരണത്തിന് പുകവലി, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോ​​ഗം പൂർണമായും ഒഴിവാക്കുക. ആരോ​ഗ്യപരമല്ലാത്ത ഭക്ഷണരീതിയാണ് പിന്തുടരുന്നതെങ്കിൽ അത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. ഒരു വശത്ത് ഫാറ്റി ഫൂഡ് കഴിച്ചിട്ട് മറുവശത്ത് വ്യായാമം ചെയ്തത് കൊണ്ട് കാര്യമില്ല.

നമ്മുടെ സമൂഹത്തിൽ ഹൃദ്‌രോഗത്തിലേക്ക് നയിക്കുന്ന റിസ്ക് ഫാക്ടേഴ്സ് കൂടി വരികയാണ്. ജനസംഖ്യയിൽ 28 ശതമാനം പേരും ഡയബറ്റിക് ആണ്. പലരും ഡയബറ്റിക് നിയന്ത്രിക്കാറില്ല എന്നതാണ് പ്രധാന കാരണം. പ്രായം കുറവുള്ളത് കൊണ്ട് ഹൃദയാഘാതം ഉണ്ടാകില്ലെന്ന് നിർബന്ധം പിടിക്കാനാകില്ല. കൃത്യമായ ജീവിതശൈലിയുള്ളയാളാണെങ്കിൽ റിസ്ക് ഫാക്ടേഴ്സ് കുറവായിരിക്കും എന്നത് മാത്രമാണ് ​ഗുണം, ഡോ. ജോ ജോസഫ് അഴിമുഖത്തോട് പറഞ്ഞു.

Content Summary: Sudden cardiac arrest in young people and its causes

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×