July 03, 2026 |
Share on

‘ഖലിസ്ഥാൻ അനുകൂലികളെ ല​​ക്ഷ്യമിട്ട് ഇന്ത്യ ചാരവൃത്തി നടത്തുന്നു’ ; കാനഡയിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഭീഷണി

വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഉപരോധിക്കുക

യുഎസിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഭീഷണി മുഴക്കി യുഎസ് ആസ്ഥാനമായ ഖാലിസ്ഥാൻ സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്എഫ്ജെ). ഇന്ത്യയും കാനഡും തമ്മിലുള്ള നയതന്ത്ര ബന്ധം പുനരാരംഭിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയതിന് പിന്നാലെയാണ് പ്രഖ്യാപനം.

വൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് വ്യാഴാഴ്ച ഉപരോധിക്കുമെന്നും അതുകൊണ്ട് കോൺസുലേറ്റിൽ പതിവ് സന്ദർശനത്തിന് പദ്ധതിയിട്ടിരുന്ന ഇന്തോ-കനേഡിയൻ പൗരന്മാർ മറ്റൊരു തീയതി തിരഞ്ഞെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്നായിക്കിന്റെ ചിത്രത്തോടൊപ്പം അദ്ദേഹത്തിന്റെ മുഖത്ത് ഒരു ടാർഗെറ്റ് അടയാളപ്പെടുത്തിയ പോസ്റ്ററും അവർ പുറത്തിറക്കി. പ്രസ്താവനയിൽ, ഖാലിസ്ഥാൻ അനുകൂലികളെ ലക്ഷ്യമിട്ട് ഇന്ത്യൻ കോൺസുലേറ്റുകൾ ചാരവൃത്തി നടത്തുന്നതായി ഗ്രൂപ്പ് ആരോപിച്ചു.

രണ്ട് വർഷം മുമ്പ് 2023 സെപ്റ്റംബർ 18ന് ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാർക്കുള്ള പങ്കിനെക്കുറിച്ചുള്ള അന്വേഷണത്തിലാണെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർലമെന്റിൽ പറഞ്ഞിരുന്നതായി പ്രസ്താവനയിൽ പറയുന്നു. രണ്ട് വർഷം പിന്നിട്ടിട്ടും ഇന്ത്യൻ കോൺസുലേറ്റുകൾ ഖാലിസ്ഥാൻ പ്രചാരകരെ ലക്ഷ്യമിട്ടുള്ള ചാരശൃംഖലയും നിരീക്ഷണവും തുടരുകയാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. നിജ്ജാറിൻ്റെ മരണശേഷം ഖാലിസ്ഥാൻ റഫറണ്ടം കാമ്പെയ്‌നിൻ്റെ നേതൃത്വം ഏറ്റെടുത്ത ഇന്ദർജീത് സിംഗ് ഗോസൽ ഏറെ നാൾ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ സംരക്ഷണത്തിലായിരുന്നു. തങ്ങൾ നേരിടുന്ന ഭീഷണി വളരെ വലുതാണെന്നും സംഘടന ആരോപിച്ചു.

ഈ മാസം ആദ്യം പുറത്തുവിട്ട ഒരു ആഭ്യന്തര റിപ്പോർട്ടിൽ, ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകൾക്ക് കാനഡയിലുള്ള വ്യക്തികളിൽ നിന്നും ശൃംഖലകളിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന് കനേഡിയൻ സർക്കാർ സമ്മതിച്ചിരുന്നു. ബാബ്ബർ ഖൽസ ഇന്റർനാഷണൽ, ഇന്റർനാഷണൽ എസ്.വൈ.എഫ് എന്നിവ ഉൾപ്പെടെയുള്ള ഈ ഗ്രൂപ്പുകൾ കാനഡയുടെ ക്രിമിനൽ കോഡ് പ്രകാരം ഭീകര സംഘടനകളായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ തീവ്രവാദ ഗ്രൂപ്പുകൾ ഇപ്പോൾ ഏതെങ്കിലും ഒരു പ്രത്യേക സംഘടനയുമായി ബന്ധമില്ലാതെ, ഖാലിസ്ഥാൻ ആശയത്തെ പിന്തുണയ്ക്കുന്ന വ്യക്തികളുടെ ചെറിയ ഗ്രൂപ്പുകളായാണ് പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഖലിസ്ഥാൻ ഭീകരവാദികളുടെ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ കാനഡയിൽ വലിയ രീതിയിൽ നടക്കുന്നതായി ഇന്ത്യ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. അത് ശരി വയ്ക്കുന്ന റിപ്പോർട്ടാണ് നിലവിൽ കാനഡയുടെ ഭാ​ഗത്ത് നിന്ന് പുറത്തു വന്നിരിക്കുന്നത്. കാനഡയ്ക്ക് പുറത്തുള്ള മറ്റു രാജ്യങ്ങളിൽ നിന്നും പണം ഇവർ പണം സ്വീകരിക്കുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

content summary: A Khalistan support group has accused India of conducting espionage activities against Khalistan supporters

Leave a Reply

Your email address will not be published. Required fields are marked *

×