June 26, 2026 |
Share on

42 ജീവനെടുത്ത സൗദിയിലെ ബസപകടം; കൺട്രോൾ റൂം തുറന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ്

മരണപ്പെട്ടത് ഹൈദരാബാദ് സ്വദേശികൾ

സൗദി അറേബ്യയിൽ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ച് ഉംറ തീർഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ച് 42 പേർ മരിച്ചു. മരിച്ചവരിൽ 20 സ്ത്രീകളും 11 കുട്ടികളും ഉൾപ്പെടുന്നു. മരിച്ച 42 പേരും ഹൈദരാബാദ് സ്വദേശികളാണെന്ന് ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 43 യാത്രക്കാരുണ്ടായിരുന്ന ബസിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്.

അപകടം സംഭവിച്ചത് ബദറിനും മദീനയ്ക്കും ഇടയിലുള്ള മുഫ്രഹത്ത് റോഡിൽ വച്ചാണ്. അപകടം നടക്കുമ്പോൾ മിക്ക യാത്രക്കാരും ഉറക്കത്തിലായിരുന്നതാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അപ്രതീക്ഷിത അപകടത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും മരണപ്പെട്ട ഇന്ത്യൻ പൗരന്മാർക്കും കുടുംബാം​ഗങ്ങൾക്കും വേണ്ട എല്ലാ പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിൽ ഇരകളുടെ കുടുംബങ്ങളെ സഹായിക്കുന്നതിനും വിവരങ്ങൾ നൽകുന്നതിനുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഒരു കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്. റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം, പ്രാദേശിക അധികാരികൾ, ബന്ധപ്പെട്ട ഉംറ ഓപ്പറേറ്റർമാർ എന്നിവരുമായി ഏകോപനം നടത്തുന്നു. ഇരകളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനായി കോൺസുലേറ്റ് ജീവനക്കാരും ഇന്ത്യൻ കമ്മ്യൂണിറ്റി വോളണ്ടിയർമാരും ഉൾപ്പെടുന്ന ഒരു സംഘം ആശുപത്രികളിലും അപകടസ്ഥലങ്ങളിലും നേരിട്ട് സഹായം നൽകുന്നുണ്ടെന്ന് കോൺസുലേറ്റ് പത്രക്കുറിപ്പിൽ അറിയിച്ചു.

അടിയന്തര ദുരിതാശ്വാസ നടപടികൾ കൈക്കൊള്ളുന്നതിനായി വിദേശകാര്യ മന്ത്രാലയത്തിലെയും സൗദി എംബസിയിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാനും കർണാടക മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു ഡൽഹിയിലെ കോർഡിനേഷൻ സെക്രട്ടറി ഗൗരവ് ഉപ്പലുമായി സംസാരിക്കുകയും തുടർനടപടികൾക്കുള്ള നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. സാഹചര്യം നിരീക്ഷിക്കുന്നതിനും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് വിവരങ്ങൾ നൽകുന്നതിനുമായി സെക്രട്ടേറിയറ്റിൽ ഒരു കൺട്രോൾ റൂമും സ്ഥാപിച്ചിട്ടുണ്ട്.

ബസിന് തീപിടിച്ച സമയത്ത് 42 ഉംറ തീർഥാടകർ ബസിലുണ്ടായിരുന്നു എന്ന് ഹൈദരാബാദ് എം.പി. അസദുദ്ദീൻ ഒവൈസി സ്ഥിരീകരിച്ചു.
റിയാദിലെ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അബു മാത്തൻ ജോർജുമായി താൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വിവരങ്ങൾ ശേഖരിക്കുകയാണെന്നും ഒവൈസി പറഞ്ഞു. കൂടാതെ, മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ത്യയിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനും പരിക്കേറ്റവർക്ക് ശരിയായ വൈദ്യസഹായം നൽകുന്നതിനും വേണ്ട നടപടികൾ ഉറപ്പാക്കണമെന്ന് ഒവൈസി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.

content summary: A bus accident in Saudi Arabia has claimed 42 lives, many of whom were from Hyderabad. The Indian Consulate in Jeddah has opened a control room

Leave a Reply

Your email address will not be published. Required fields are marked *

×