June 25, 2026 |
Share on

യുഎസിലെ ഇന്ത്യന്‍ വംശജയുടെ കൊലപാതകം: പിന്നില്‍ സാമ്പത്തിക തര്‍ക്കമെന്ന് പിതാവ്, റൂം മേറ്റിനായി വലവിരിച്ച് പോലീസ്

നികിതയെ ജനുവരി രണ്ടിനാണ് കാണാതാകുന്നത്

അമേരിക്കയിലെ മേരിലാന്‍ഡില്‍ കൊല്ലപ്പെട്ട തെലുങ്കാന യുവതി നികിത ഗോഡിഷാലയുടെ (27) മരണം പണമിടപാടിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്നാണെന്ന് പിതാവ്. മേരിലാന്‍ഡിലെ കൊളംബിയയിലെ ഹൊവാര്‍ഡ് കൗണ്ടിയില്‍ പുതുവത്സരാഘോഷത്തിനിടെയാണ് നികിത കൊല്ലപ്പെട്ടത്. നികിതയുടെ മുന്‍ കാമുകനായ അര്‍ജുന്‍ ശര്‍മയാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറയുന്നു. നികിതയെ അര്‍ജുന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. നികിതയെ കാണാനില്ലെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ പ്രതി ഇന്ത്യയിലേക്ക് കടന്നതായാണ് പോലീസ് നിഗമനം.

കൊലയാളിയുടെ ഒളിത്താവളത്തെക്കുറിച്ചും കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളെക്കുറിച്ചും പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആനന്ദ് ഗോഡിഷാല വിശദീകരണവുമായി രംഗത്തെത്തിയത്. തന്റെ മകളുടെ മരണത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവര്‍ത്തിച്ചു.

പ്രതിയായ 26 കാരന്‍ തന്റെ മകളുടെ മുന്‍ കാമുകനാണെന്ന വാര്‍ത്ത ആനന്ദ് ഗോഡിഷാല നിഷേധിച്ചു. പ്രതി നികിതയുടെ കാമുകനായിരുന്നില്ല, മറിച്ച് മറ്റ് രണ്ട് പേര്‍ക്കൊപ്പം താമസിച്ചിരുന്ന അവളുടെ മുന്‍ റൂംമേറ്റ് മാത്രമായിരുന്നു. വ്യക്തിപരമായ കാരണങ്ങളല്ല, മറിച്ച് പണമിടപാടുകളെച്ചൊല്ലിയുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

‘എന്റെ മകള്‍ നാല് വര്‍ഷം മുമ്പാണ് കൊളംബിയയിലേക്ക് പോയത്. അവള്‍ അവിടെ ജോലി ചെയ്തു വരികയായിരുന്നു. അവന്‍ അവളുടെ മുന്‍ റൂംമേറ്റായിരുന്നു എന്നത് സത്യമാണ്, എന്നാല്‍ അവന്‍ അവളുടെ കാമുകനായിരുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്,” പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു അപ്പാര്‍ട്ട്മെന്റില്‍ നാല് പേര്‍ക്കൊപ്പമാണ് നികിത താമസിച്ചിരുന്നത്. അവിടെ കൂടെയുണ്ടായിരുന്ന റൂംമേറ്റ് അര്‍ജുന്‍ ശര്‍മ നികിതയില്‍ നിന്ന് വലിയൊരു തുക കടം വാങ്ങിയിരുന്നു. പ്രതി ഇന്ത്യയിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതായി അറിഞ്ഞ നികിത, തന്റെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് ആരോപിക്കുന്നു. പണം നല്‍കാതിരിക്കാനാണ് അയാള്‍ മകളെ കൊലപ്പെടുത്തിയ ശേഷം രാജ്യം വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 31 ന് രാത്രിയിലാണ് നികിത അവസാനമായി തന്നോട് ഫോണ്‍ വഴി സംസാരിച്ചതെന്നും പിതാവ് പറയുന്നു.

കൊലപാതകത്തിന് പിന്നിലെ സാമ്പത്തിക തര്‍ക്കത്തെ കുറിച്ച് നികിതയുടെ ബന്ധു സരസ്വതി ഗോഡിഷാല യുഎസിലെ ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് തൊട്ടുമുമ്പ് അര്‍ജുന്‍ ശര്‍മ, നികിതയില്‍ നിന്ന് ഏകദേശം 4,500 ഡോളര്‍ (ഏകദേശം 4.07 ലക്ഷം രൂപ) കടം വാങ്ങിയിരുന്നു. ഇതില്‍ 3,500 ഡോളര്‍ അര്‍ജുന്‍ തിരികെ നല്‍കിയിരുന്നു. ബാക്കി തുക നല്‍കാനിരിക്കെ തന്നെ വീണ്ടും അര്‍ജുന്‍ 1,000 ഡോളര്‍ കൂടി നികിതയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം നികിത നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു.

അമേരിക്കയിലെ മേരിലാന്‍ഡില്‍ ഡാറ്റാ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്ന നികിതയെ ജനുവരി രണ്ടിനാണ് കാണാതാകുന്നത്. തുടര്‍ന്ന് കൊളംബിയയിലെ അര്‍ജുന്‍ ശര്‍മയുടെ അപ്പാര്‍ട്ട്‌മെന്റില്‍ നികിതയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

അര്‍ജുന്‍ ശര്‍മയ്‌ക്കെതിരെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്. കൊലപാതക കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയെ പിടികൂടുന്നതിനായി യുഎസ് പോലീസ് ഔദ്യോഗികമായി അറസ്റ്റ് വാറണ്ടും പുറപ്പെടുവിച്ചു. ഇന്ത്യയിലേക്ക് കടന്ന പ്രതിയെ തിരികെ എത്തിക്കുന്നതിനായി അന്താരാഷ്ട്ര ഏജന്‍സികളുടെയോ ഇന്ത്യന്‍ അധികൃതരുടെയോ സഹായം തേടാനുള്ള നടപടികള്‍ പോലീസ് തുടരുകയാണ്.

Content Summary: Indian woman killed in US; police hunt roommate

Leave a Reply

Your email address will not be published. Required fields are marked *

×