June 25, 2026 |
Share on

യുഎസില്‍ പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിക്ക് നീതി; കുടുംബത്തിന് 260 കോടി നഷ്ടപരിഹാരം

ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു

അമേരിക്കയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ അശ്രദ്ധമായ ഡ്രൈവിംഗിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി ജാഹ്നവി കണ്ഡുലയുടെ കുടുംബവുമായി സിയാറ്റില്‍ നഗരം ഒത്തുതീര്‍പ്പിലെത്തി. നഷ്ടപരിഹാരമായി 29 മില്യണ്‍ ഡോളര്‍ (ഏകദേശം 262 കോടി രൂപ) നല്‍കാനാണ് തീരുമാനം. 2023-ല്‍ നടന്ന ഈ ദാരുണമായ സംഭവം അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അപകടത്തെത്തുടര്‍ന്ന് കണ്ഡുല കുടുംബം നല്‍കിയ നിയമപോരാട്ടത്തിനൊടുവിലാണ് ധാരണ.

ആന്ധ്രാപ്രദേശ് സ്വദേശിനിയായ ജാഹ്നവി കണ്ഡുല (23), സിയാറ്റിലിലെ നോര്‍ത്ത് ഈസ്റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു. 2021-ല്‍ ബെംഗളൂരുവില്‍ നിന്നാണ് ഉപരിപഠനത്തിനായി ജാഹ്നവി അമേരിക്കയിലെത്തിയത്. 2023 ജനുവരിയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയില്‍ വന്ന പോലീസ് വാഹനം ജാഹ്നവിയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മണിക്കൂറില്‍ 40 കി.മീ വേഗത നിശ്ചയിച്ചിരുന്ന മേഖലയില്‍ 119 കി.മീ വേഗതയിലാണ് ഓഫീസര്‍ കെവിന്‍ ഡേവ് വാഹനം ഓടിച്ചിരുന്നത്. ബിരുദപഠനം പൂര്‍ത്തിയാകാനിരിക്കെയായിരുന്നു മരണം ജാഹ്നവിയെ തേടിയെത്തിയത്.

ജാഹ്നവിയുടെ മരണം അമേരിക്കയിലും ഇന്ത്യയിലും വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിതുറന്നത്. സംഭവത്തില്‍ മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജനരോഷം ഇരട്ടിച്ചു. ജാഹ്നവിയുടെ ജീവന് പരിമിതമായ മൂല്യമേയുള്ളൂ എന്നും, നഗരസഭ ഒരു ചെക്ക് എഴുതി നല്‍കി പ്രശ്‌നം തീര്‍ക്കണമെന്നും പരിഹാസരൂപേണ ഉദ്യോഗസ്ഥന്‍ സംസാരിക്കുന്നത് ഈ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഒരു മനുഷ്യജീവനോടുള്ള പോലീസിന്റെ ഈ ക്രൂരമായ മനോഭാവമാണ് വന്‍ വിവാദങ്ങള്‍ക്ക് കാരണമായത്. തുടര്‍ന്ന് സിയാറ്റില്‍ പോലീസ് ഇയാളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു.

സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടു. പോലീസ് യൂണിയന്‍ നേതാവ് കൂടിയായ ഓഫീസര്‍ ഡാനിയേല്‍ ഔഡെററുടെ വിവാദ പരാമര്‍ശങ്ങള്‍ പോലീസ് വകുപ്പിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കിയെന്നും പൊതുജനവിശ്വാസം തകര്‍ത്തുവെന്നും സിവിലിയന്‍ മേല്‍നോട്ട സമിതി വിലയിരുത്തി.

എന്നാല്‍, കേസില്‍ അഭിഭാഷകര്‍ സ്വീകരിക്കുന്ന നിലപാടുകളെ പരിഹസിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും ആരോപിച്ച് ഇയാള്‍ നഗരഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

അശ്രദ്ധമായി വാഹനമോടിച്ചതിന് പ്രതിയായ ഉദ്യോഗസ്ഥനെതിരെ കേസെടുക്കുകയും 5,000 ഡോളര്‍ പിഴ ചുമത്തുകയും ചെയ്തു. എന്നാല്‍, ജാഹ്നവിയെ ഇടിക്കുന്ന സമയത്ത് ഇയാള്‍ മനഃപൂര്‍വ്വം സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് തെളിയിക്കാന്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ക്രിമിനല്‍ കുറ്റം ചുമത്തേണ്ടതില്ലെന്ന് കിംഗ് കൗണ്ടി പ്രോസിക്യൂട്ടര്‍മാര്‍ തീരുമാനിച്ചു. അതേസമയം, ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകയായ 29 മില്യണ്‍ ഡോളറില്‍ ഏകദേശം 20 മില്യണ്‍ ഡോളറും നഗരത്തിന്റെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ നിന്നാണ് നല്‍കുന്നത്.

Content Summary: Justice for Jaahnavi Kandula: Seattle to Pay 29 million dollar settlement to family

Leave a Reply

Your email address will not be published. Required fields are marked *

×