അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഔദ്യോഗിക യാത്രകള്‍ക്കായി 30 വര്‍ഷത്തിലേറെയായി ഉപയോഗിച്ചിരുന്ന രണ്ട് ബോയിംഗ് 747 വിമാനങ്ങളില്‍ ഒന്നിന് ഔദ്യോഗിക യാത്രയയപ്പ് നല്‍കി വൈറ്റ് ഹൗസ്. ഇതിനു പിന്നാലെ, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ യാത്രകള്‍ക്കായുള്ള പുതിയ താല്‍ക്കാലിക ‘എയര്‍ഫോഴ്‌സ് വണ്‍’ വിമാനം രാജ്യത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. മേരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസിലെ ഹാംഗറില്‍ നടന്ന ചടങ്ങിലാണ് ചുവപ്പ്, വെള്ള, കടും നീല, സ്വര്‍ണ്ണ നിറങ്ങള്‍ കലര്‍ന്ന പുതിയ രൂപത്തിലുള്ള വിമാനം ട്രംപ് പുറത്തിറക്കിയത്. ഖത്തര്‍ അമീര്‍ ട്രംപിന് സമ്മാനമായി നല്‍കിയതാണ് ‘വിസി-25ബി എന്ന് പേരിട്ടിരിക്കുന്ന ഈ അത്യാഡംബര ബോയിംഗ് 747 വിമാനം. എന്നാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരേ സ്രോതസ്സില്‍ നിന്ന് ലഭിക്കുന്ന സൗജന്യ സമ്മാനങ്ങളുടെ പരിധി വെറും 4,725 രൂപ (50 ഡോളര്‍) ആയിരിക്കെ, ഏകദേശം 3,780 കോടി രൂപ (400 മില്യണ്‍ ഡോളര്‍) വിലമതിക്കുന്ന ഈ അത്യാഡംബര വിമാനം സ്വീകരിച്ചത് അമേരിക്കയില്‍ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്.
എന്നാല്‍ ഈ വിമര്‍ശനങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ട്രംപ്, ഇത്രയും വലിയൊരു ഓഫര്‍ നിരസിക്കുന്നത് ‘വിഡ്ഢിത്തം’ ആയിരിക്കുമെന്നാണ് പ്രതികരിച്ചത്. ഫെഡറല്‍ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് പ്രതിരോധ സെക്രട്ടറി ഖത്തറില്‍ നിന്നുള്ള ബോയിംഗ് 747 വിമാനം സ്വീകരിച്ചതെന്ന് അന്നത്തെ പെന്റഗണ്‍ വക്താവ് സീന്‍ പാര്‍നെലും വ്യക്തമാക്കിയിരുന്നു. ഖത്തര്‍ നല്‍കിയ ഈ വിമാനത്തെ പ്രസിഡന്റിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റിയെടുക്കാന്‍ മാത്രം ഏകദേശം 9,450 കോടി രൂപ (1 ബില്യണ്‍ ഡോളര്‍) ചിലവ് വന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
പുതിയ രണ്ട് ഔദ്യോഗിക വിമാനങ്ങളുടെ നിര്‍മാണം വൈകുന്ന സാഹചര്യത്തില്‍, 2027-ലും 2028-ലും അവ എത്തുന്നതുവരെ ഒരു ബ്രിഡ്ജ് എയര്‍ക്രാഫ്റ്റായി ആയി പ്രവര്‍ത്തിക്കാനാണ് ഈ വിമാനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതിനിടയില്‍, പുതിയ രണ്ട് വിമാനങ്ങളുടെ നിര്‍മ്മാണച്ചെലവ് 3.7 ബില്യണ്‍ ഡോളറില്‍ നിന്ന് 5 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തിട്ടുണ്ട്.
മുമ്പ് വില്‍ക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ഈ വിമാനം അമേരിക്കയ്ക്ക് സമ്മാനമായി നല്‍കിയ ഖത്തറിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. വിമാനത്തിന്റെ നവീകരണത്തിനായി ചിലവഴിച്ച തുക, ഇതിനകം തന്നെ വര്‍ഷങ്ങളായി വൈകിക്കൊണ്ടിരിക്കുന്ന ‘സെന്റിനല്‍’ എന്ന ഐ.സി.ബി.എം (അന്തര്‍ഭൂഖണ്ഡ ബാലിസ്റ്റിക് മിസൈല്‍) ആധുനികവല്‍ക്കരണ പദ്ധതിയ്ക്കായുള്ള ഫണ്ടില്‍ നിന്നാണ് ചെലവഴിച്ചതെന്നാണ് പ്രധാന ആരോപണം. അതേസമയം, വിമാനം പുറത്തിറക്കുന്ന ചടങ്ങില്‍ ട്രംപ് ഖത്തര്‍ അമീറിന് പ്രത്യേക നന്ദി ട്രംപ് രേഖപ്പെടുത്തിയിരുന്നു.
ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ വിമാനമാണിതെന്നും, ഇനി ഇത്തരമൊരു നിലവാരത്തില്‍ മറ്റൊരു വിമാനം നിര്‍മിക്കപ്പെടാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദേശ നേതാക്കളുടെ അത്യാധുനിക വിമാനങ്ങളോട് കിടപിടിക്കാന്‍ അമേരിക്കയ്ക്ക് പുതിയ വിമാനം ആവശ്യമാണെന്നും, വിദേശരാജ്യങ്ങള്‍ക്ക് നമ്മളോട് വലിയ ബഹുമാനമുണ്ടെങ്കിലും അവരുടേതിനേക്കാള്‍ പഴക്കമുള്ള വിമാനത്തില്‍ യു.എസ് പ്രസിഡന്റ് യാത്ര ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് വാദിച്ചു.
നിലവില്‍ യു.എസ് പ്രസിഡന്റിന്റെ വ്യോമസേനയിലുള്ള രണ്ട് പഴയ 747 വിമാനങ്ങള്‍ 1990-ല്‍ ജോര്‍ജ്ജ് എച്ച്.ഡബ്ല്യു ബുഷിന്റെ ഭരണകാലത്താണ് സര്‍വീസില്‍ ഉപയോഗിച്ചു തുടങ്ങിയത്. ഈ വര്‍ഷം ആദ്യം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസിലേക്കുള്ള യാത്രയ്ക്കിടെ ഇതിലൊന്നില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തുകയും വിമാനം വാഷിംഗ്ടണിലേക്ക് തന്നെ തിരിച്ചുവിടുവാന്‍ നിര്‍ബന്ധിതമാകുകയും ചെയ്തിരുന്നു. വിമാനത്തില്‍ ചെറിയൊരു ഇലക്ട്രിക്കല്‍ തകരാര്‍ ഉണ്ടായതിനാലാണ് ആന്‍ഡ്രൂസ് ബേസിലേക്ക് മടങ്ങിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
താത്കാലിക വിമാനം എത്രയും വേഗം ലഭ്യമാക്കുന്നതിനായി ഖത്തര്‍ വിമാനത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വ്യോമസേന വേഗത്തിലാക്കിയെങ്കിലും, അടുത്ത തലമുറ പ്രസിഡന്‍ഷ്യല്‍ വിമാനങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന ചില പ്രധാന മാറ്റങ്ങള്‍ ഇതില്‍ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. എങ്കിലും വിമാനം പ്രസിഡന്‍ഷ്യല്‍ മാനദണ്ഡങ്ങള്‍ പുലര്‍ത്തുന്നതാണെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പുനല്‍കുന്നു. ‘കമാന്‍ഡര്‍ ഇന്‍ ചീഫിന്റെ സുരക്ഷയ്ക്കാണ് ഞങ്ങളുടെ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന,’ എന്ന് വ്യോമസേനാ സെക്രട്ടറി ട്രോയ് മെയ്ങ്ക് വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചു. ട്രംപിന്റെ സ്വന്തം സ്വകാര്യ വിമാനത്തിന്റെ നിറങ്ങളോട് സാദൃശ്യമുള്ളതാണ് ഈ പുതിയ വിമാനത്തിന്റെ കളര്‍ സ്‌കീം. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തോടനുബന്ധിച്ച് ജൂലൈ 4-ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ നടക്കുന്ന വ്യോമപ്രകടനത്തിന് രണ്ടാഴ്ച മുമ്പാണ് വിമാനം എത്തിയിരിക്കുന്നത്. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്‌ലൈഓവറിന് (വ്യോമപ്രകടനം) ഈ പുതിയ വിമാനമായിരിക്കും നേതൃത്വം നല്‍കുകയെന്ന് ആന്‍ഡ്രൂസിലെ ജനക്കൂട്ടത്തോട് ട്രംപ് പറഞ്ഞു. ലിങ്കണ്‍ മെമ്മോറിയല്‍ റിഫ്‌ലെക്റ്റിംഗ് പൂളില്‍ ഒരു താറാവ് നീന്തുന്നതിന്റെ ഫ്രെയിം ചെയ്ത ചിത്രം വിമാനത്തിനകത്ത് അലങ്കാരത്തിനായി വെച്ചിട്ടുണ്ട്.
ഖത്തര്‍ വിമാനത്തിന്റെ വരവോടെ, വ്യാഴാഴ്ച പ്രസിഡന്റിനെ യൂറോപ്പില്‍ നിന്ന് തിരികെ എത്തിച്ച 29000 ടെയില്‍ നമ്പറുള്ള ബോയിംഗ് 747-200 വിമാനം ഔദ്യോഗികമായി വിരമിക്കുകയാണ്. ഈ വിമാനം ഇനി ഒരു മ്യൂസിയത്തിലേക്ക് മാറ്റും. എന്നാല്‍, ഇളം നീലയും വെള്ളയും കലര്‍ന്ന 28000 ടെയില്‍ നമ്പറുള്ള രണ്ടാമത്തെ വിമാനം, പുതിയ വിമാനങ്ങള്‍ പൂര്‍ണ്ണമായി സജ്ജമാകുന്നതുവരെ പുതിയ ഢഇ25ആ വിമാനത്തോടൊപ്പം സര്‍വീസ് തുടരും. അതേസമയം, 2028-ല്‍ ട്രംപ് കാലാവധി കഴിഞ്ഞ് പടിയിറങ്ങുമ്പോള്‍ ഈ ഖത്തര്‍ വിമാനം തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കൊണ്ടുപോകുമെന്ന ആശങ്കകള്‍ അടിസ്ഥാനരഹിതമാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാരണം, ഈ 747 വിമാനത്തിന്റെ ഒരു മണിക്കൂര്‍ യാത്രാച്ചെലവ് 1,80000 മുതല്‍ 2,00000 ഡോളര്‍ വരെയാണ്. ഇത് ട്രംപിന്റെ സ്വന്തം ബോയിംഗ് 757 വിമാനത്തിന്റെ യാത്രാച്ചെലവിനേക്കാള്‍ (മണിക്കൂറിന് 12,000 മുതല്‍ 16,500 ഡോളര്‍ വരെ) വളരെ കൂടുതലാണ്.
Content Summary; Donald Trump unveils the new, temporary Air Force One gifted by Qatar, sparking a major political row in the US over the $400 million aircraft
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.