അരുണാചല്‍ പ്രദേശിലെ ബിജെപി മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ഭാര്യയുടെയും സഹോദരങ്ങളുടെയും ഉടമസ്ഥതയിലുള്ള നാല് സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 2012 നും 2023 നും ഇടയില്‍ തവാങ് ജില്ലയില്‍ മാത്രം അനുവദിച്ചത് 383.74 കോടി രൂപയുടെ 146 നിര്‍മാണ കരാറുകള്‍. പൊതു താത്പര്യ ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ പറഞ്ഞിരിക്കുന്നത്. ദി ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച വിവരങ്ങള്‍ പ്രകാരം, ഈ കരാറുകളില്‍ 16.83 കോടി രൂപയുടെ 59 എണ്ണം ടെന്‍ഡര്‍ നടപടികള്‍ ഇല്ലാതെ വര്‍ക്ക് ഓര്‍ഡറുകള്‍ വഴി നേരിട്ട് നല്‍കിയിട്ടുണ്ട്. പ്രാദേശിക സംരംഭകരെ പ്രോത്സാഹിപ്പിക്കാന്‍ 2020-ല്‍ ടെന്‍ഡര്‍ ഇല്ലാതെ കരാര്‍ നല്‍കാനുള്ള പരിധി 50 ലക്ഷം രൂപയായി നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇത്തരത്തില്‍ നല്‍കിയ വര്‍ക്ക് ഓര്‍ഡറുകളില്‍ കുറഞ്ഞത് 11 എണ്ണമെങ്കിലും ഈ 50 ലക്ഷം രൂപയുടെ പരിധി മറികടന്നതായും സത്യവാങ്മൂലം സൂചിപ്പിക്കുന്നതായി ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു.
മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ ഭാര്യ ത്സെറിംഗ് ഡോള്‍മയുടെ ഉടമസ്ഥതയിലുള്ള എം/എസ് ഫ്രോണ്ടിയര്‍ അസോസിയേറ്റ്‌സ്, എം/എസ് ബ്രാന്‍ഡ് ഈഗിള്‍സ് എന്നിവയും, അദ്ദേഹത്തിന്റെ സഹോദരന്‍ താഷി ഖണ്ഡുവിന്റെ എം/എസ് ആര്‍ഡി കണ്‍സ്ട്രക്ഷന്‍, സഹോദര ഭാര്യ നിമ ദ്രേമയുടെ എം/എസ് അലയന്‍സ് ട്രേഡിംഗ് കമ്പനി എന്നിവയുമാണ് കരാറുകള്‍ നേടിയ സ്ഥാപനങ്ങളായി പറയുന്നത്.
തവാങ് ജില്ലയില്‍ ഈ നാല് സ്ഥാപനങ്ങള്‍ക്ക് ലഭിച്ച കരാറുകളുടെ ഏകദേശ മൂല്യം ഇങ്ങനെയാണ്; ത്സെറിംഗ് ഡോള്‍മയുടെ എം/എസ് ഫ്രോണ്ടിയര്‍ അസോസിയേറ്റ്‌സ്, എം/എസ് ബ്രാന്‍ഡ് ഈഗിള്‍സ് എന്നിവയ്ക്ക് 209.6 കോടിയുടെ 42 കരാറുകള്‍. നിമ ദ്രേമയുടെ എം/എസ് അലയന്‍സ് ട്രേഡിംഗ് കമ്പനിക്ക് 145.04 കോടിയുടെ 91 കരാറുകള്‍. താഷി ഖണ്ഡുവിന്റെ എം/എസ് ആര്‍ഡി കണ്‍സ്ട്രക്ഷന് 29.1 കോടിയുടെ 13 കരാറുകള്‍.
മുഖ്യമന്ത്രിയുടെ സ്വന്തക്കാര്‍ക്ക് കരാറുകള്‍ നല്‍കിയതിനെതിരെ സേവ് മോണ്‍ റീജിയണ്‍ ഫെഡറേഷന്‍, വോളണ്ടറി അരുണാചല്‍ സേന എന്നീ സംഘടനകള്‍ നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്. ഈ കരാറുകള്‍ സംബന്ധിച്ച് സിബിഐ അല്ലെങ്കില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
2020-ലെ ഭേദഗതിക്ക് മുമ്പ് ഈ നാല് കമ്പനികള്‍ക്ക് നല്‍കിയ 11 പ്രവര്‍ത്തി കരാറുകള്‍ 50 ലക്ഷം രൂപയുടെ പരിധി ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. 2018-ല്‍ എം/എസ് അലയന്‍സ് ട്രേഡിംഗിന് നല്‍കിയ തവാങ് സര്‍ക്കാര്‍ കോളേജ് നിര്‍മാണ കരാര്‍ രണ്ടു കോടി രൂപയുടേതായിരുന്നുവെന്നതാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.
മുഖ്യമന്ത്രിയുടെ കുടുംബത്തിന് ഇത്രയധികം കരാറുകള്‍ ലഭിച്ചത് അസാധാരണമായ യാദൃച്ഛികതയാണ് എന്നായിരുന്നു ഡിസംബര്‍ രണ്ടിന് ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചത്. 2015 മുതല്‍ 2025 വരെയുള്ള കാലയളവിലെ എല്ലാ ജില്ലകളിലെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി എട്ട് ആഴ്ചക്കകം സമഗ്രമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ കോടതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കും.
അരുണാചല്‍ പ്രദേശിന്റെ ഗോത്രവര്‍ഗ്ഗ ജീവിതത്തില്‍ നിന്ന് ആധുനിക സംസ്ഥാനത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ ഇത് ഒരു സാധാരണ രീതിയാണെന്നായിരുന്നു വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ന്യായീകരണത്തില്‍ പറയുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമീണര്‍ സൗജന്യമായി ഭൂമി വിട്ടുനല്‍കുന്നു. തങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ ശുപാര്‍ശ ചെയ്യുന്ന കരാറുകാരില്‍ ഗ്രാമവാസികള്‍ക്ക് കൂടുതല്‍ വിശ്വാസ്യതയുണ്ടെന്നും ഇത് ജോലിയുടെ വഴക്കം ഉറപ്പാക്കുമെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. 95% കരാറുകളും ഓപ്പണ്‍ ടെന്‍ഡര്‍ വഴിയാണ് നല്‍കിയതെന്നും, ഉയര്‍ന്ന സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള സങ്കീര്‍ണ്ണമായ ജോലികള്‍ക്കാണ് ടെന്‍ഡര്‍ നിര്‍ബന്ധമാക്കുന്നതെന്നും സര്‍ക്കാര്‍ വാദിക്കുന്നു.
ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ റിപ്പോര്‍ട്ട് ഇവിടെ വായിക്കാം
Content Summary: Arunachal Pradesh BJP Chief Minister Pema Khandu’s family gets government contracts worth Rs 383 crore