July 14, 2026 |
Share on

‘ക്ഷേമ പദ്ധതി ഉപഭോക്താക്കൾക്ക് നന്ദി വേണം, മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്തില്ലെങ്കിൽ അന്വേഷണമുണ്ടാകും’

ഭീഷണിയുമായി മധ്യപ്രദേശ് മന്ത്രി

മധ്യപ്രദേശ് സർക്കാരിൻ്റെ ക്ഷേമ പദ്ധതിയുടെ ഉപഭോക്താക്കൾക്ക് നന്ദിവേണമെന്നും അതിന്റെ ഭാഗമായി അവർ മുഖ്യമന്ത്രിയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കണമെന്നും ആദിവാസി കാര്യമന്ത്രി കുൻവാർ വിജയ് ഷാ. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് തൊട്ടുപുറകെ ക്ഷേമപദ്ധതിയുടെ ഉപഭോക്താക്കൾ ഇടത്പക്ഷത്തോട് നന്ദി കാണിച്ചില്ലെന്ന് മുൻ മന്ത്രി എം.എം മണി പറഞ്ഞതിന് സമാനമായ പ്രസ്താവനയാണ് വിജയ് ഷായും നടത്തിയത്. എം.എം മണി പിന്നീട് പ്രസ്താവനയിൽ ഖേദം പ്രകടിപ്പിക്കുകയും അങ്ങനെ പറയാൻ പാടില്ലായിരുന്നുവെന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.

ഓപ്പറേഷൻ സിന്ദൂർ നയിച്ച പട്ടാള ഉദ്യോഗസ്ഥരിൽ ഒരാളായ കേണൽ സോഫിയ ഖുറൈഷിയെ ‘ഭീകരവാദികളുടെ സഹോദരി’ എന്ന് വിശേഷിപ്പിച്ചതിനെ തുടർന്ന് ക്രിമിനൽ കേസ് നേരിടുന്ന ആളാണ് വിജയ് ഷാ. ഇന്ത്യൻ സുരക്ഷാ സംവിധാനത്തിനെതിരെ ഇത്രയും മോശമായ പരാമർശം നടത്തിയതിനെതിരെ ഒട്ടേറെ വിമർശനങ്ങളുയർന്നിട്ടും ബി.ജെ.പി വിജയ് ഷായെ മന്ത്രി പദത്തിൽ നിന്ന് മാറ്റി നിർത്താൻ തയ്യാറായില്ല.

2023-ലെ മധ്യപ്രദേശ് തിരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് വലിയ സഹായമായി എന്ന് കണക്കാക്കപ്പെടുന്ന ക്ഷേമപദ്ധതിയാണ് ലാഡ്‌ലി ബേഹ്‌നാ പദ്ധതി. സ്ത്രീകൾക്കും പെൺകുഞ്ഞുങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്ന പരിപാടിയാണിത്. മുൻ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ പദ്ധതിയുടെ ചുവട് പിടിച്ച് മറ്റ് സംസ്ഥാനങ്ങളിലും ബി.ജെ.പി സർക്കാരുകൾ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. റത്‌ലം ജില്ലയിലെ വികസന ഉപദേശക സമിതി യോഗത്തിൽ അധ്യക്ഷം വഹിക്കവേയാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. ‘ഈ ജില്ലയിൽ ലാഡ്‌ലി ബേഹ്‌നാ പദ്ധതിയുടെ ഉപഭോക്താക്കളായി രണ്ടര ലക്ഷം പേരുണ്ട്. സർക്കാർ രണ്ട് വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് മുഖ്യമന്ത്രിക്ക് ജില്ലയിൽ നൽകുന്ന സ്വീകരണത്തിൽ അതിൽ ചുരുങ്ങിയത് അമ്പതിനായിരം പേരെങ്കിലും പങ്കെടുക്കാൻ തയ്യാറാകണം. ലാഡ്‌ലി-ബേഹ്‌നാ പദ്ധതിയുടെ ഉപഭോക്താക്കൾ മുഖ്യമന്ത്രിയെ ആദരിക്കുന്ന ഒരു പരിപാടി സംഘടിപ്പിക്കണം. മാസം ഒരോരുത്തർക്കും 1500 രൂപ വച്ച് കോടിക്കണക്കിന് രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. വർഷത്തിൽ ഒരിക്കലെങ്കിലും ഇതിൻ്റെ ഉപഭോക്താക്കൾ നന്ദി പ്രകടിപ്പിക്കാൻ ഒരു ചടങ്ങ് വയ്ക്കണം”-മന്ത്രി പറഞ്ഞു.

ആ പരിപാടിയിൽ ഭക്ഷണമെല്ലാം നൽകാമെന്നും വരാത്തവരുടെ പട്ടിക തയ്യാറാക്കണമെന്നും മന്ത്രി പറഞ്ഞു. അവരെക്കുറിച്ച് അന്വേഷണം നടത്തണം. അവരുടെ ആധാർ പദ്ധതിയുമായി ബന്ധിച്ചിട്ടുണ്ടോ എന്ന് നോക്കണം-മന്ത്രി ഭീഷണിപ്പെടുത്തി. കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും മന്ത്രിയുടെ പ്രഖ്യാപനത്തെ രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണ് സംസ്ഥാനത്തെ പാവപ്പെട്ട സഹോദരിമാരെ മന്ത്രി വിജയ് ഷാ അപമാനിക്കുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്‌വാരി ചൂണ്ടിക്കാണിച്ചു. സംസ്ഥാനത്തെ സ്ത്രീകളെ മന്ത്രി ഭീഷണിപ്പെടുത്തുകയാണ് എന്ന് മുൻ മുഖ്യമന്ത്രി കമൽനാഥും പ്രതികരിച്ചു.

Content Summary: Madhya Pradesh minister wants to thank beneficiaries of welfare schemes, threatens to investigate if not shared at CM’s event

Leave a Reply

Your email address will not be published. Required fields are marked *

×