June 26, 2026 |

‘ക്ഷേമ പ്രഖ്യാപനങ്ങള്‍ കടക്കെണിയിലാക്കില്ല, കരുതലോടെയുള്ള ചെലവുചുരുക്കല്‍ സര്‍ക്കാരിന് തുണയാകും’

തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കൊണ്ട് ബുദ്ധിപൂർവ്വമായ നീക്കം നടത്തി

ക്ഷേമപെൻഷൻ പദ്ധതിയുൾപ്പെടെ സുപ്രധാന പ്രഖ്യാപനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നത്. സാമ്പത്തിക ബുദ്ധിമുട്ടിലും കാര്യങ്ങൾ കൃത്യമായി ചെയ്യാൻ സാധിക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. വീട്ടമ്മമാർക്കുള്ള പെൻഷൻ, ആശ, അങ്കണവാടി, പ്രീ–പൈമറി, സ്‌കൂൾ പാചകത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലകൾക്ക്‌ ആശ്വാസമേകുന്ന തീരുമാനങ്ങളാണ് പ്രഖ്യാപനത്തിലുള്ളത്. കേന്ദ്രത്തിൽ നിന്നും ഫണ്ട് ലഭിക്കാതെ വരുന്നതും നിലവിലെ പ്രഖ്യാപനങ്ങളും കേരളത്തെ കടത്തിലേക്ക് തള്ളിവിടുമെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. രാഷ്ട്രീയ നീക്കത്തിൻ്റെ ഭാ​ഗമായാണ് നിലവിലെ പ്രഖ്യാപനങ്ങളെന്നും വിമർശനങ്ങളുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ കരുതലോടെയുള്ള സാമ്പത്തിക ചെലവ് ചുരുക്കൽ നടത്തിയതിനാൽ സംസ്ഥാന സർക്കാരിന് കടമെടുക്കേണ്ട അവസ്ഥയുണ്ടാകില്ലായെന്നാണ് സാമ്പത്തിക വിദ​ഗ്ധനും എറണാകുളം മഹാരാജാസ് കോളേജിലെ ഇക്കണോമിക്ക് വിഭാ​ഗം അധ്യാപകനുമായ സന്തോഷ്. ടി. വർ​ഗീസ് അഴിമുഖത്തോട് പറഞ്ഞു. കേരളത്തിൻ്റേത് ബുദ്ധിപൂർവ്വമായ നീക്കമായിരുന്നുവെന്നും സന്തോഷ്. ടി. വർ​ഗീസ് പ്രതികരിച്ചു.

‘ക്ഷേമപെൻഷൻ വർദ്ധനവ് ഉൾപ്പെടെയുള്ള കാര്യങ്ങൾ പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനം ഒരു കടക്കെണിയിലേക്ക് പോകാനുള്ള സാധ്യത ഇവിടെ കാണുന്നില്ല. അതിനൊരു അവസരം ഉണ്ടാകരുതെന്ന് കരുതിയുള്ള നീക്കങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിയിട്ടുള്ളത് എന്നാണ് നിലവിൽ വ്യക്തമാക്കുന്നത്.

പ്രതീക്ഷിക്കുന്ന തുക കേന്ദ്രത്തിൽ നിന്നും ലഭിക്കുമ്പോഴാണല്ലോ സർക്കാരിന് കൂടുതൽ കാര്യങ്ങൾ ചെയ്യാനാവുന്നത്. ഇപ്പോൾ പി എം ശ്രീയിൽ നിന്ന് മാറുന്ന അവസ്ഥ വന്നിരിക്കുന്നു. അങ്ങനെ വരുമ്പോൾ ലഭിക്കേണ്ട 900 കോടിയിൽ ഉറപ്പായും കുറവ് സംഭവിക്കും. അത്തരത്തിലുള്ള സംഭവങ്ങൾ വരുമ്പോൾ കേരളത്തിന് പദ്ധതികളും മറ്റും ആവിഷ്കരിക്കുന്നതിനും നടപ്പാക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെടും.

തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് കൊണ്ട് ബുദ്ധിപൂർവ്വമായ നീക്കം നടത്തിയെന്നാണ് ഞാൻ മനസിലാക്കുന്നത്. കഴിഞ്ഞ വർഷവും ഈ നടത്തിപ്പ് വർഷവും ചെലവ് ചെയ്യേണ്ട കാര്യത്തിൽ സർക്കാർ നല്ല കുറവ് വരുത്തിയിട്ടുണ്ട്. വളരെ സൂക്ഷിച്ചാണ് സർക്കാർ ചെലവ് നടത്തിയിരിക്കുന്നത്. സർക്കാരിൻ്റെ കൈയിൽ കുറച്ച് പണം സൂക്ഷിച്ച് വെക്കേണ്ടതുണ്ടെന്ന് മനസിലായത് കൊണ്ടാണ് ഇത്രയും നിയന്ത്രിച്ച് ചെലവുകൾ നടത്തിയിരിക്കുന്നതെന്ന് വ്യക്തമാണ്.

കേരളത്തിന്‌ അർഹതപ്പെട്ട തുക കേന്ദ്രം വെട്ടിക്കുറയ്‌ക്കുന്നത്‌ വലിയ പ്രയാസമുണ്ടാക്കുന്നുണ്ടെന്ന് കേരളം പറയുന്നുണ്ട്. കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട പണം നമുക്ക് അവകാശപ്പെട്ടതാണല്ലോ? അത് തീർച്ചയായും ലഭിക്കേണ്ടതാണ്. സമ​ഗ്ര ശിക്ഷ അഭിയാൻ്റെ പേരിലാണ് 1600 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുന്നത്. എന്നാൽ, കേന്ദ്രത്തിനെ പ്രതീക്ഷിച്ചുകൊണ്ടല്ല കേരളം സ്വരൂപിച്ച് വെച്ച് ചെലവ് നടത്തിയത്.

നവംബർ അവസാനം ധനകാര്യ കമ്മീഷൻ്റെ റിപ്പോർട്ട് വരാനിരിക്കുകയാണ്. അതിലെ വിവരങ്ങൾ കൂടി മനസിലാക്കിയാൽ മാത്രമേ കേരളം കടത്തിലേക്ക് വീഴുമോയെന്ന് പറയാൻ കഴിയുകയുള്ളൂ.

അച്ചടക്കപൂർണമായ ചെലവാക്കലും ആസൂത്രണവും ഇനി വരാൻ പോകുന്ന തിരഞ്ഞെടുപ്പ് ദിനങ്ങളിൽ കേരള സർക്കാരിന് ​ഗുണം ചെയ്യും. അതേസമയം, അവശ്യ സർവീസിനൊന്നും സർക്കാർ ചെലവ് വെട്ടിക്കുറച്ചിട്ടുമില്ല. അബ്സൊല്യൂട്ട് എമൗണ്ടല്ല കുറഞ്ഞിരിക്കുന്നത്. എന്നാൽ, ജിഡിപിയുടെ അനുപാതം നോക്കിയാൽ സർക്കാർ ചെലവ് കുറച്ചിട്ടുണ്ട്.

ഫണ്ട് ലഭിക്കാതിരുന്നത് കൊണ്ട് തന്നെ പലതിലും സർക്കാർ മുടക്കുകൾ വരുത്തിയിരുന്നു. പിന്നീട് കരുതലോടെ മുന്നോട്ട് പോവുകയും മൊത്തലുള്ള ചെലവ് ജിഡിപിയുടെ അനുപാതത്തിൽ കുറയ്ക്കുകയും ചെയ്തു. ഇനി എല്ലാ കുടിശ്ശികയും വീട്ടാനുള്ള ശ്രമങ്ങളാകും സർക്കാർ നടത്തുക. അതിൻ്റെ ഭാ​ഗമായാണ് ഇപ്പോൾ നടത്തിയിരിക്കുന്ന പ്രഖ്യാപനങ്ങൾ’, സന്തോഷ്. ടി. വർ​ഗീസ് അഴിമുഖത്തോട് പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ വിമർശനങ്ങളും ചോദ്യങ്ങളുമായി പ്രതിപക്ഷം രം​ഗത്ത് വന്നിരുന്നു. പിഎം ശ്രീ പദ്ധതിയിൽ നിന്നും താൽക്കാലികമായി പിന്മാറിയത് പോലുള്ള സാഹചര്യങ്ങളിൽ, വിദ്യാഭ്യാസ രംഗം മെച്ചപ്പെടുത്താൻ സർക്കാർ ബദൽ സംവിധാനങ്ങൾ കാണുമെന്നും വാ​ഗ്ദാനങ്ങൾ നടപ്പിലാക്കുമെന്നും ധനകാര്യമന്ത്രി മറുപടി നൽകുകയും ചെയ്തിരുന്നു.

Content Summary: kerala welfare pension hike; ‘Welfare announcements will not lead state government to debt

Leave a Reply

Your email address will not be published. Required fields are marked *

×