എംഎസ്‌സി എൽസ 3 കപ്പൽ അപകടവുമായി ബന്ധപ്പെട്ട് ചരക്ക് കപ്പലിൻ്റെ കമ്പനിയായ എംഎസ്‌സിക്ക് എതിരെ നിർണ്ണായകമായ ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. അപകടത്തിൽ നഷ്ടപരിഹാരമായി 1,200 കോടി രൂപ അടിയന്തരമായി നൽകാനാണു കോടതി ഉത്തരവ്. എന്നാൽ, കേസിൽ മൊത്തം നഷ്ടപരിഹാരത്തുക 1,200 കോടിയേക്കാൾ ഉയരാൻ സാധ്യതയുണ്ടെന്ന് ഒരു മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടുന്നു.
ഇടക്കാല ഉത്തരവുപ്രകാരം 1,200 കോടിയാണ് ഇപ്പോൾ നൽകേണ്ടത്. കപ്പൽ കമ്പനിയായ എംഎസ്‌സി പരമാവധി 136 കോടി രൂപ വരെ നഷ്ടപരിഹാരം നൽകാമെന്നാണ് ആദ്യം അറിയിച്ചത്. വിഷയത്തിൽ ഷിപ്പിംഗ് ട്രൈബ്യൂണലിൽ അപ്പീലിന് പോകാനുള്ള നീക്കവും കമ്പനി നടത്തുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. കേസ് തീർപ്പാക്കുന്ന മുറയ്ക്ക് മാത്രമേ അന്തിമ നഷ്ടപരിഹാര തുക നൽകേണ്ടതുള്ളൂ. അതെ സമയം, നഷ്ടപരിഹാരത്തുക സർക്കാരിന് നൽകാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ തുക കൃത്യമായി മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും അദ്ദേഹം അഴിമുഖത്തോട് അഭിപ്രായപ്പെട്ടു.
കേസിൻ്റെ ആദ്യഘട്ടത്തിലെ കേരള സർക്കാരിൻ്റെ പരിചയമില്ലായ്മയും വീഴ്ചയെക്കുറിച്ചും അദ്ദേഹം വിമർശിച്ചു. നഷ്ടപരിഹാരത്തുക ലഭിക്കുന്നതിൽ കാലതാമസം ഉണ്ടാകാനുള്ള പ്രധാന കാരണം, കേസിൻ്റെ ആരംഭത്തിൽ കപ്പൽ കമ്പനിയുടെ കപ്പലുകൾ പിടിച്ചിടാനുള്ള അവസരം നഷ്ടപ്പെടുത്തിയതാണ്. നിലവിലെ സാഹചര്യത്തിൽ, നഷ്ടപരിഹാരം ലഭിക്കുന്നത് ഒരു ‘ലോങ്ങ് പ്രോസസ്സ്’ ആകാനാണ് സാധ്യതയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
“കപ്പൽ കമ്പനിയുടെ ഒന്നോ രണ്ടോ കപ്പലുകൾ പിടിച്ചിട്ടിരുന്നെങ്കിൽ, സർക്കാർ പറയുന്ന മുറയ്ക്ക് കാര്യങ്ങൾ ചെയ്യാൻ കമ്പനി നിർബന്ധിതരാകുമായിരുന്നു. എന്നാൽ കപ്പൽ പോകാൻ അനുവദിക്കുകയാണ് ചെയ്തത്, അതാണ് ഈ കാലതാമസത്തിന് പ്രധാന കാരണം. ഇത് കേരള സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പോരായ്മയാണ്” അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ലോകത്തിലെ ഏറ്റവും വലിയ ചരക്കു കപ്പൽ; എംഎസ്‌സി ഐറിനയുടെ പ്രത്യേകതകളെന്തൊക്കെ?
മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പലിന് നേരെ ഹൈക്കോടതി നേരത്തെ അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചിരുന്നു. എംഎസ്‍സി മക്കോട്ടോ 2 എന്ന കപ്പൽ അറസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ബെഞ്ച് നിർദേശം നൽകിയത്. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 7 ബോട്ടുടമകൾ നൽകിയ ഹർജിയിലായിരുന്നു കോടതി ഇടപെടൽ. എന്നാൽ, ആ നിയമനടപടികളും പൂർത്തിയാക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല.
മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേരള സർക്കാർ കൂടുതൽ ശ്രദ്ധിക്കുകയും നിയമപരമായ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം ഈ സംഭവം അടിവരയിടുന്നു. നഷ്ടപരിഹാരം മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നിയമപരമായ ഇടപെടലുകളും നിർണ്ണായകമാകും.
content summary: MSC Elsa 3 Accident Compensation Delays and Criticism Against Government
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.