June 26, 2026 |
Share on

‘ബാപ്പുവിനെ അപമാനിക്കുന്നു’, ഗാന്ധി ജയന്തിക്ക് സ്കൂളുകളിൽ മോദി സിനിമ; ‘ചലോ ജീതേ ഹേ’ പ്രദർശനത്തിനെതിരെ വിമർശനം

സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെയാണ് ചിത്രം പ്രദർശിപ്പിക്കേണ്ടതെന്നാണ് നിർദേശം

രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി ‘ചലോ ജീതേ ഹേ’ എന്ന ഹ്രസ്വചിത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുട്ടിക്കാലത്തെ അനുഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതും സ്വാമി വിവേകാനന്ദന്റെ തത്വങ്ങൾ പ്രചരിപ്പിക്കുന്നതുമായ ഈ ദേശീയ അവാർഡ് നേടിയ ചിത്രം സിബിഎസ്ഇ, കെ.വി, നവോദയ വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെയാണ് വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെയാണ് ചിത്രം പ്രദർശിപ്പിക്കേണ്ടതെന്നാണ് നിർദേശം.

നിസ്വാർത്ഥത, സഹാനുഭൂതി, രാജ്യത്തോടുള്ള കർത്തവ്യം തുടങ്ങിയ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുന്നതിനാണ് ചിത്രം പ്രദർശിപ്പിക്കുന്നതെന്നാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിൽ പറയുന്നത്. എന്നാൽ ഈ നീക്കം ഗാന്ധിജിയെ അപമാനിക്കുന്ന നടപടിയാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടി.

ചിത്രത്തിന്റെ ഉള്ളടക്കവും പ്രദർശിപ്പിക്കാൻ തിരഞ്ഞെടുത്ത സമയവും സംബന്ധിച്ചാണ് പ്രധാനമായും വിവാദങ്ങൾ ഉയർന്നത്. പ്രധാനമന്ത്രിയുടെ കുട്ടിക്കാലം ചിത്രീകരിക്കുന്ന സിനിമ അദ്ദേഹത്തെ രാഷ്ട്രീയമായി മഹത്വവൽക്കരിക്കാനുള്ള ശ്രമമാണെന്ന് പ്രതിപക്ഷം വിമർശിച്ചു. കൂടാതെ, ഗാന്ധിജിയുടെ ജന്മദിനമായ ഒക്ടോബർ 2 വരെ പ്രദർശിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ആശയങ്ങളെ തമസ്കരിക്കാനുള്ള ശ്രമമാണെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി.

മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ നരേന്ദ്ര മോദിയെക്കുറിച്ചുള്ള സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് എം.പി മാണിക്കം ടാഗോറും രംഗത്തെത്തിയിട്ടുണ്ട്. ഗാന്ധിജിയെ ഓർമ്മിക്കുന്നതിന് പകരം പ്രധാനമന്ത്രി സ്വയം മഹത്വവൽക്കരിക്കുന്ന സിനിമ കുട്ടികളിൽ അടിച്ചേൽപ്പിക്കുകയാണെന്ന് മാണിക്കം ടാഗോർ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

‘ഇത് ഗാന്ധിജിയുടെ പാരമ്പര്യത്തെ അപമാനിക്കുന്നതാണ്. സ്കൂളുകളിൽ ഗാന്ധിയുടെ സത്യവും അഹിംസയുമാണ് പഠിപ്പിക്കേണ്ടത്, മോദിയുടെ പ്രചാരണമല്ല. ഒക്ടോബർ 2 ന് സിനിമ സ്കൂളുകളിൽ പ്രദർശിപ്പിക്കാൻ നിർദേശം നൽകരുതായിരുന്നു. മോദിയുടെ കുട്ടിക്കാലത്തെ മഹത്വവൽക്കരിക്കുന്നത് ശരിയായ നടപടിയല്ല, മാണിക്കം ടാഗോർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പറഞ്ഞു.

മോദിയെ മഹത്വവൽക്കരിക്കുന്ന സിനിമ പ്രദർശിപ്പിക്കുന്നത് തന്നെ പ്രശ്നമാണ്, ഗാന്ധിയുടെ ജന്മദിനത്തിൽ അത് ചെയ്യുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമാണ്. ബിജെപി നടത്തുന്ന പ്രചാരണം നമുക്ക് തടയാൻ കഴിയില്ല. അവർ അത് എപ്പോഴും ചെയ്യുന്നുണ്ട്. ക്ലാസ് മുറികളെ മോദിയുടെ പി.ആർ. കേന്ദ്രങ്ങളാക്കി അവർ മാറ്റുകയാണ്. ഗാന്ധി ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകി, എന്നാൽ മോദിക്ക് അത് ഹൈജാക്ക് ചെയ്യപ്പെട്ടതായാണ് തോന്നുന്നത്. ഈ സിനിമയുടെ പ്രദർശനം വിദ്യാഭ്യാസത്തെക്കുറിച്ചല്ല, മറിച്ച് ഒരു വ്യക്തിയെ ആരാധിക്കാനുള്ള ‘പഴ്സണാലിറ്റി കൾട്ട്’ വളർത്തുന്നതിനെക്കുറിച്ചാണ്. പ്രചാരണത്തിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉപയോഗിക്കാൻ സർക്കാരിന് കഴിയില്ല. അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രിമാരും ഈ വഴി പിന്തുടരും. പ്രധാനമന്ത്രി എന്ത് മാതൃകയാണ് കാണിക്കാൻ ശ്രമിക്കുന്നത്? മുൻപ് ഒരു പ്രധാനമന്ത്രിയും ഇങ്ങനെയൊന്നും ചെയ്തിട്ടില്ല. അവർ സ്കൂളുകളെ പ്രചാരണ ദൗത്യങ്ങളാക്കി മാറ്റുകയാണ്. ഇത് തുടക്കത്തിൽ തന്നെ എതിർക്കപ്പെടേണ്ടതാണ്’, മാണിക്കം ടാഗോർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.

Content Summary: Modi film ‘Chalo Jeete Hai’ to be screened in schools on Gandhi Jayanti, sparks criticism

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×