ഹിമാചൽ പ്രദേശിലെ മാണ്ഡിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ദുഃഖം രേഖപ്പെടുത്തി നടിയും എംപിയുമായ കങ്കണ റണാവത്ത്. എന്നാൽ സ്വന്തം മണ്ഡലത്തിലുണ്ടായ ദുരന്തത്തിൽ പ്രതികരിക്കാൻ കങ്കണ വൈകിയതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വിമർശനം ഉയർന്നിരുന്നു, പ്രതിപക്ഷവും ഇപ്പോൾ കങ്കണയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘കാര്യമാക്കാത്തവരെക്കുറിച്ച് അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ ജയറാം ഠാക്കൂർ പ്രതികരിച്ചത്. എന്നാൽ “ബാധിത പ്രദേശങ്ങളിലേക്കുള്ള കണക്റ്റിവിറ്റി പുനഃസ്ഥാപിക്കുന്നതുവരെ” പ്രദേശം സന്ദർശിക്കരുതെന്ന് ശ്രീ ഠാക്കൂർ തന്നെ നിർദ്ദേശിച്ചതായി കങ്കണ പോസ്റ്റിൽ വിശദീകരിച്ചു.
”ഹിമാചലിൽ എല്ലാ വർഷവും വൻതോതിലുള്ള വെള്ളപ്പൊക്ക നാശം കാണുന്നത് ഹൃദയഭേദകമാണ്. സെറാജിലെയും മാണ്ഡിയിലെ മറ്റ് പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് ഞാൻ എത്തിച്ചേരാൻ ശ്രമിച്ചു, പക്ഷേ ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ ജയറാം ഠാക്കൂർ ജി, കണക്റ്റിവിറ്റിയും ദുരിതബാധിത പ്രദേശങ്ങളിലേക്കുള്ള എത്തിച്ചേരലും പുനഃസ്ഥാപിക്കുന്നതുവരെ കാത്തിരിക്കാൻ ഉപദേശിച്ചു,” കങ്കണ എക്‌സിൽ കുറിച്ചു. എത്രയും വേഗം പ്രദേശം സന്ദർശിക്കുമെന്നും കങ്കണ വ്യക്തമാക്കി. ഹിമാചൽ പ്രദേശിലുണ്ടായ വെള്ളപ്പൊക്കത്തിലും മേഘസ്ഫോടനത്തിലും 37 പേരാണ് മരണപ്പെട്ടത്.
400 കോടി രൂപയുടെ നാശ നഷ്ടം സംഭവിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മേഘസ്ഫോടനങ്ങൾ, പെട്ടെന്നുള്ള വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാൽ സാരമായി ബാധിക്കപ്പെട്ട മാണ്ഡി ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണം ഉണ്ടായത്. മാണ്ഡിയിലെ കാണാതായ നിരവധി പേർക്കായി തിരച്ചിൽ തുടരുന്നതിനിടെയും നിരവധി മരണം റിപ്പോർട്ട് ചെയ്തിരുന്നു. മാണ്ഡിയിലെ 156 റോഡുകൾ ഉൾപ്പെടെ 280 റോഡുകൾക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തി. ദുരന്തത്തിൽ കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 5,000 രൂപ വാടക സഹായമായി നൽകുന്നത് ഉൾപ്പെടെയുള്ള നിരവധി ദുരിതാശ്വാസ നടപടികൾ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു പ്രഖ്യാപിച്ചു.
content summary: Kangana Ranaut’s Late Post On Flash Flood-Hit Himachal