പ്രളയം ദുരിതം വിതച്ച ഹിമാചൽ പ്രദേശിനെ സംസ്ഥാനത്തെ ബിജെപി എംപി കൂടിയായ കങ്കണ റണാവത്ത് കൈയൊഴിഞ്ഞ അവസ്ഥയാണ്. പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാൻ തന്റെ കൈയിൽ പണമോ പദവിയോ ഇല്ലെന്നായിരുന്നു കങ്കണയുടെ വാദം. സഹാനുഭൂതിയില്ലാതെ പ്രവർത്തിക്കുന്ന രാഷ്ട്രീയക്കാരാണ് ഏറ്റവും വലിയ അപകടകാരികളെന്നാണ് ഇന്റർനെറ്റ് ലോകം വ്യക്തമാക്കുന്നത്.
പ്രവർത്തിയും വാക്കുകളും തമ്മിലുള്ള അന്തരമാണ് ഇക്കഴിഞ്ഞ ദിവസം കങ്കണ നടത്തിയ മാണ്ഡി സന്ദർശനം വ്യക്തമാക്കുന്നതെന്നും അഭിപ്രായങ്ങളുയരുന്നു. ക്യാമറയ്ക്ക് മുന്നിൽ ചിരിച്ചു കൊണ്ടായിരുന്നു കങ്കണയടെ ദുരിതബാധിത പ്രദേശത്തെ സന്ദർശനം. ജൂണിൽ ആരംഭിച്ച കനത്ത മഴയേയും മേഘവിസ്ഫോടനത്തേയും തുടർന്ന് ഹിമാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും മിന്നൽ പ്രളയം ദുരിതം വിതച്ചിരുന്നു. നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ഏകദേശം 400 കോടി രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായും റിപ്പോർട്ടുകളുണ്ട്. നിങ്ങൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി എന്തു ചെയ്തുവെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഉത്തരമായാണ് എനിക്ക് പണമോ പദവിയോ ഇല്ലായെന്ന് നടിയും സംസ്ഥാനത്തെ ബിജെപി എംപിയുമായ കങ്കണ റണാവത്ത് പറഞ്ഞത്. സംസ്ഥാനം ഭരിക്കുന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആയതുകൊണ്ടാവാം കങ്കണ ഇങ്ങനൊരു വാദമുയർത്തിയത്. എന്നാൽ തങ്ങളുടെ നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്കായി 5 കോടി രൂപയോളം അനുവദിക്കുന്ന പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വരുന്നത് എംപിമാരുടെ അധികാര പരിധിയിലാണ്. ഇതിൽ നിന്ന് പണം അനുവദിക്കാൻ കങ്കണയ്ക്ക് സാധിക്കും. ആ സാഹചര്യത്തിൽ നിലവിൽ നടത്തിയ പരാമർശവും പ്രവർത്തിയും തമ്മിൽ ഏറെ വൈരുദ്ധ്യം നിലനിൽക്കുന്നുണ്ട്.
ഹിമാചൽ പ്രദേശിലെയും ഉത്തരാഖണ്ഡിലെയും മലയോര പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി മിന്നൽ പ്രളയങ്ങളുണ്ടാവുന്നുണ്ട്. കനത്ത മഴ മൂലമുണ്ടാവുന്ന വെള്ളത്തെ വഹിക്കാനുള്ള ശക്തി ഈ പ്രദേശങ്ങൾക്കില്ലാതെ വരുമ്പോഴാണ് അപകടങ്ങളുണ്ടാവുന്നത്. ഇത് അതിവേഗത്തിലുള്ള നീരൊഴുക്കിന് കാരണമാകുന്നു. മേഘവിസ്ഫോടനങ്ങളോ വനനശീകരണമോ ആണ് പലപ്പോഴും ഇവയ്ക്ക് കാരണമാകുന്നത്. പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന അനിയന്ത്രിതമായ നിർമ്മാണമോ വികസന പ്രവർത്തനങ്ങളോ ആണ് ഒരു പ്രധാന ഘടകം.
പാരിസ്ഥിതിക വ്യതിയാനങ്ങൾ പരിഹരിക്കാനോ തടുക്കാനോ ഒരു എംപിക്ക് കഴിയില്ലെന്ന് വ്യക്തമാണ്. പക്ഷേ,, ആസൂത്രണമില്ലാത്ത നിർമ്മാണങ്ങൾ മൂലമുണ്ടാവുന്ന അപകടങ്ങളും അവ വരുത്തിവയ്ക്കുന്ന പാരിസ്ഥിതിക നാശവും ഇവരുടെ ഇടപെടലിലൂടെ ഒരു പരിധി വരെ ഒഴിവാക്കാൻ സാധിച്ചേക്കും. സംസ്ഥാനത്തിന് വേണ്ടുന്ന സഹായങ്ങൾ നൽകാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും കേന്ദ്രത്തിലെയും സംസ്ഥാനത്തിലെയും സർക്കാരിനെ പ്രേരിപ്പിക്കാൻ അവർക്ക് കഴിയും. മിന്നൽ പ്രളയത്തിൽ എൺപത് പേർ മരിച്ചതായും, 31 പേരെ കാണാതായായും, 150ലധികം വീടുകളും 14 പാലങ്ങൾ തകർന്നതായും, 31 വാഹനങ്ങൾ ഒഴുകിപ്പോയതായും റിപ്പോർട്ടുകളുണ്ട്. അത്തരം സാഹചര്യങ്ങളിൽ, കങ്കണ പ്രതികരിക്കാതെയും ആവശ്യമായ നടപടികൾ സ്വീകരിക്കാതെയും ഇരിക്കുമ്പോൾ ജനങ്ങൾക്ക് ഭരണകൂടത്തിലും ജനാധിപത്യകത്തിലുമുള്ള വിശ്വാസമാണ് നഷ്ടപ്പെടുന്നത്. രവി വി മെൽവാനിയുമായുള്ള അടുത്തിടെ നടന്ന ഒരു പോഡ്‌കാസ്റ്റ് സംഭാഷണത്തിൽ, ഒരു രാഷ്ട്രീയക്കാരൻ എന്ന നിലയിൽ തന്റെ ജോലി ആസ്വദിക്കുന്നില്ലെന്ന് റണാവത്ത് തുറന്നു പറഞ്ഞിരുന്നു. ആളുകളെ സേവിക്കുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും കങ്കണ പറയുകയുണ്ടായി. കങ്കണയുടെ രാഷ്ട്രീയം ഇതിൽ നിന്ന് വ്യക്തമാണ്.
content summary: Himachal Pradesh floods: Kangana Ranaut’s remarks raise the question, is this the kind of MP Mandi deserves