June 26, 2026 |
Share on

ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദിന്റെവീട് പൊളിച്ചുമാറ്റൽ; നഷ്ടപരിഹാര തുകയെ ചൊല്ലി കുടുംബകലഹം

സഹോദരന്മാർക്കെതിരെ കേസ് നൽകി ഷാഹിദിന്റെ ഭാര്യ

ഹോക്കി ഇതിഹാസം ഒളിമ്പ്യൻ മുഹമ്മദ് ഷാഹിദിന്റെ കുടുംബ വീടിന് മുകളിലൂടെ ഉത്തർ പ്രദേശ് സർക്കാറിന്റെ ബുൾഡോസറുകൾ കയറിയിറങ്ങിയ സംഭവത്തിന് പിന്നാലെ മുഹമ്മദ് ഷാഹിദിന്റെ കുടുംബാം​ഗങ്ങൾ തമ്മിൽ വഴക്ക്. കലഹത്തെ തുടർന്ന് ഒളിമ്പ്യൻ്റെ ഭാര്യയായ പർവീൺ ഭർതൃസഹേദരന്മാർക്കെതിരെ മർദനത്തിന് കേസ് നൽകിയതായി ഇന്ത്യൻ എക്സ്പ്രസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

വാരാണസി ജില്ലാ ഭരണകൂടം വീട് പൊളിക്കുന്നതിനായി വാഗ്ദാനം ചെയ്ത നഷ്ടപരിഹാരത്തുകയുടെ പേരിലാണ് കുടുംബാം​ഗങ്ങൾ തമ്മിൽ വഴക്കുണ്ടായതെന്ന് അധികൃതർ അറിയിച്ചു. ഷാഹിദിന്റെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും 32 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ചിട്ടുണ്ട്.

Also Read: ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണം റെക്കോർഡിൽ; മുകേഷ് അംബാനി ഒന്നാമത്

എന്നാൽ ഷാഹിദിന്റെ രണ്ട് മുതിർന്ന സഹോദരങ്ങളായ റിയാസുദ്ദീനും മൊയ്നുദ്ദീനും ഈ തുക അപര്യാപ്തമാണ് എന്ന് പറഞ്ഞ് സ്വീകരിക്കാൻ വിസമ്മതിക്കുകയായിരുന്നു. നഷ്ടപരിഹാരത്തുക സ്വീകരിച്ചതിന്റെ പേരിൽ ഭർത്താവിന്റെ രണ്ട് ജ്യേഷ്ഠന്മാർ തന്നെ കഴുത്തുഞെരിച്ച് കൊല്ലാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പർവീൺ പരാതിയിൽ ആരോപിച്ചിരിക്കുന്നത്.

വീട് ഒഴിയാനുള്ള നോട്ടീസിന്റെ അടിസ്ഥാനത്തിൽ, ചൊവ്വാഴ്ച രാത്രി ശേഷിച്ച സാധനങ്ങൾ എടുക്കാൻ വീട്ടിൽ പോയപ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും പർവീൺ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുറഞ്ഞ നഷ്ടപരിഹാരത്തിന് താൻ വീട് പൊളിച്ചുമാറ്റാൻ സമ്മതിച്ചതാണ് അവരെ പ്രകോപിപിച്ചതെന്നും പർവീൺ പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ റിയാസുദ്ദീൻ, മൊയ്നുദ്ദീൻ എന്നിവർക്കെതിരെ ബിഎൻഎസ് നിയമപ്രകാരം കേസെടുത്തതായി അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് നിതിൻ തനേജ അറിയിച്ചു.

Also Read: ബറേലി സംഘർഷം: മൗലാന തൗക്കീർ ഖാന്റെ കൂട്ടാളികളെ പിടികൂടി

ആക്രമണത്തെത്തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിയപ്പോൾ പരാതി നൽകാൻ താൻ നിർബന്ധിതയാവുകയായിരുന്നുവെന്നും എന്നാൽ വിഷയം കൂടുതൽ വഷളാക്കാൻ ആ​ഗ്രഹിക്കാത്തതിനാൽ പരാതി പിൻവലിക്കാൻ ആലോചിക്കുകയാമെന്നും പർവീൺ പറഞ്ഞു. ഷാഹിദിന്റെ മറ്റ് സഹോദരങ്ങൾ തന്നോട് മാപ്പ് അപേക്ഷിച്ചിരുന്നുവെന്നും പർവീൺ കൂട്ടിച്ചേർത്തു.

മുഹമ്മദ് ഷാഹിദിന്റെ 10 സഹോദരങ്ങളിൽ ഒരാൾ തനിക്ക് വീടിൻ്റെ അവകാശം ‌വേണ്ടെന്ന് പറയുകയായിരുന്നു. ശേഷിക്കുന്ന ഒമ്പത് പേരിൽ ഏഴ് പേരും നഷ്ടപരിഹാരം സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. റിയാസുദ്ദീനും മൊയ്നുദ്ദീനുമാണ് പണം സ്വീകരിക്കാത്തത്.

Also Read: ദളിതന്‍ കയറിയാല്‍ വീട് അശുദ്ധമാകുമോ? 12കാരന്റെ ആത്മഹത്യയില്‍ പുകഞ്ഞ് ഹിമാചല്‍

കച്ചേരി മുതൽ ആശാപുർ വരെയുള്ള 9.325 കിലോമീറ്റർ റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായാണ് നാല് നില കെട്ടിടത്തിന്റെ ഒരു ഭാഗം പിഡബ്ല്യുഡി പൊളിച്ചുമാറ്റിയത്. കെട്ടിടം നിൽക്കുന്ന സ്ഥലം ഷാഹിദിന്റെ കുടുംബത്തിന്റേതല്ലാത്തതിനാൽ, സ്ഥലത്തിന് വേണ്ടിയല്ല, മറിച്ച് അവിടെ നിർമ്മിച്ച കെട്ടിടങ്ങൾക്കാണ് 32 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയതെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു.

1980ലെ മോസ്‍കോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ സ്വർണമെഡൽ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച താരമാണ് ഷാഹിദ്. 1986ൽ പത്മശ്രീ ലഭിച്ചു. 2016 ജൂലൈ 20നാണ് അന്തരിച്ചത്.

content summary: Hockey legend Mohammed Shahid’s house demolished, family feud over compensation

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×