June 25, 2026 |
Share on

വിമാനത്താവളങ്ങൾക്ക് നേരെ സൈബർ ആക്രമണം; സർവ്വീസുകൾ വൈകും മുന്നറിയിപ്പുമായി എയർ ഇന്ത്യ

വിമാനത്താവളത്തിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിങ് മാത്രമേ സാധ്യമാകൂ

ലണ്ടനിലെ നിരവധി വിമാനത്താവളങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തി സൈബർ ആക്രമണം. ചെക്ക്-ഇൻ , ബോർഡിംഗ് സംവിധാനങ്ങൾ കൈകാര്യം ചെയ്യുന്ന കമ്പനിയായ കോളിൻസ് എയറോസ്പേസിനെ ലക്ഷ്യമിട്ടുള്ള ആക്രമണത്തെ തുടർന്ന് വിമാനങ്ങൾ വൈകുകയും റദ്ദ് ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്. ലണ്ടനിലെ ഗ്രൗണ്ട് ടീമുകൾ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കഠിനമായി പ്രവർത്തിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി.

സൈബർ ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിൽ മാനുവൽ ചെക്ക്-ഇൻ, ബോർഡിങ് മാത്രമേ സാധ്യമാകൂവെന്നും സാങ്കേതിക തകരാർ വിമാന സർവ്വീസുകളെ വലിയ രീതിയിൽ ബാധിച്ചെന്നും ബെൽജിയത്തിലെ ബ്രസൽസ് എയർപോർ‍ട്ട് പ്രസ്താവനയിൽ പറയുന്നു. ആ പ്രശ്നം പരിഹരിക്കാൻ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും എയർപോർ‍ട്ട് പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ എയർലൈൻസുമായി ബന്ധപ്പെട്ട് അവസ്ഥ എന്താണെന്ന് ഉറപ്പാക്കണമെന്നും അവർ നിർദ്ദേശിച്ചു. ഷെങ്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർ രണ്ട് മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രക്കാർ മൂന്ന് മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണമെന്നും പ്രസ്താവനയിൽ പറയുന്നു.

നിലവിൽ പത്ത് വിമാനങ്ങൾ റ​ദ്ദാക്കിയതായും 17 സർവ്വീസുകൾ 20 മണിക്കൂറിലധികം വൈകുമെന്നും ബ്രസൽ എയർപോർട്ട് അറിയിച്ചു. യൂറോപ്പിലെ നിരവധി വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവർ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി. ജര്‍മനിയിലെ ബെര്‍ലിന്‍ ബ്രാന്‍ഡന്‍ബര്‍ഗ് വിമാനത്താവളത്തിലും സമാനമായ പ്രശ്‌നം നേടിട്ടതായി അധികൃതര്‍ പറഞ്ഞു. അതേസമയം ജര്‍മനിയിലെ ഏറ്റവും വലിയ വിമാനത്താവളമായ ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടിനെ ഇത് ബാധിച്ചിട്ടില്ല.ഫ്രാന്‍സിലെ പാരീസിലെ റോയ്സി, ഓര്‍ലി, ലെ ബര്‍ഗെറ്റ് വിമാനത്താവളങ്ങളില്‍ സാങ്കേതിക പ്രശ്‌നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

content summary: Cyberattack Hits European Airports, Expect Delays, Warns Air India

Leave a Reply

Your email address will not be published. Required fields are marked *

×