പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത സൈബർ ആക്രമണമാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. കോൺഗ്രസിലെ തന്നെ സൈബർ പോരാളികളാണ് വി.ഡി. സതീശനെതിരെ വിമർശനവുമായി രംഗത്തെത്തുന്നവരിൽ അധികവും. ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎയും മുൻ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റുമായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എടുത്ത നിലപാടും വി.ടി ബൽറാം കെപിസിസി സോഷ്യൽ മീഡിയ വിങ്ങിന്റെ ചുമതലയൊഴിഞ്ഞ സംഭവുമെല്ലാം ചേർത്തുവെച്ചാണ് പ്രതിപക്ഷ നേതാവിനെതിരെയുള്ള ആക്രമണം.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഓണസദ്യ കഴിച്ചതിലും വി.ഡി. സതീശനെതിരെ വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പോലീസ് മര്‍ദനത്തിന് ഇരയായ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വി ഡി സതീശന്‍ മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ കഴിച്ചത് തെറ്റാണെന്നും താനാണ് ആ സ്ഥാനത്തെങ്കിൽ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നും മുൻ കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രതികരിച്ചിരുന്നു. സുധാകരന്റെ പ്രതികരണവും സതീശനെതിരെ ആയുധമായി കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികളിലേക്ക് കോൺഗ്രസ് നീങ്ങിയതിന് വി.ഡി. സതീശൻ്റെ കടുംപിടുത്തവും ഒരു കാരണമാണ്. അന്ന് മുതൽ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പക്ഷം വി.ഡി. സതീശനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഷാഫി പറമ്പിൽ എംപി രാഹുൽ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിച്ച് എത്തിയപ്പോഴും സതീശൻ പിന്മാറിയത്. രാഹുൽ – ഷാഫി അനുയായികളെ ചൊടിപ്പിച്ചിരുന്നുവെന്ന് അന്നുണ്ടായ വിമർശനങ്ങളിൽ നിന്നു തന്നെ വ്യക്തമാണ്.
കോണ്‍ഗ്രസിന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലെ കുറിപ്പ് തിരിച്ചടിച്ചതോടെ കെപിസിസി സോഷ്യല്‍ മീഡിയ സെല്‍ ചെയര്‍മാന്‍സ്ഥാനത്തുനിന്ന് വി.ടി. ബല്‍റാം ഒഴിഞ്ഞത് സംബന്ധിച്ചുള്ള ചോദ്യത്തിനുള്ള സതീശൻ്റെ മറുപടിക്കെതിരെ രൂക്ഷമായാണ് സമൂഹ മാധ്യമങ്ങളിൽ കമൻ്റുകൾ വരുന്നത്.
‘ഉമ്മൻചാണ്ടി ഭരണകാലത്ത് തുടർഭരണത്തിന് പാര വെച്ചവനാണ് ഈ സതീശൻ, എൽഡിഎഫ് ഗവൺ മെന്റ് തുടർ മൂന്നാം തവണയും ഭരിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ് ഇപ്പോൾ ഈ സതീശൻ’, ‘പ്രതിരോധത്തിൽ ആകുന്ന ഏത് ചോദ്യത്തിനും ഇയാൾ അറിയില്ല എന്ന ഒരു മറുപടി മാത്രമേ ഇതുവരെ പറഞ്ഞിട്ടുള്ളൂ’, ‘ഇയാൾ ഏത് പാർട്ടിയിലാണെന്ന് പോലും ഈ തെണ്ടിക്ക് അറിയില്ല’, ‘എങ്ങനെ സംസാരിക്കാൻ കോൺഗ്രസ് അണികളുടെ നേതാവ് താങ്കൾ തന്നെ മീഡിയ വിഷൻ വന്ന ദിവസം തന്നെ ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി വിളിച്ച ഓണ സദ്യയിൽ ചിരിച്ചു കൊണ്ട് പങ്കെടുത്തു ഭക്ഷണം കഴിച്ചില്ലേ അതുപോരെ ഞങ്ങൾ അണികൾക്ക് നാണക്കേട് ഉണ്ടാക്കാൻ’, ഇയാൾ എവിടുത്തെ പ്രതിപക്ഷ നേതാവാണ്, അയ്യ, തുടങ്ങിയ കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ സതീശനെതിരെ നിറയുന്നത്.
കേരളത്തിലെ കോണ്‍ഗ്രസിന് ഔദ്യോഗികമായി ഒരു സോഷ്യല്‍മീഡിയ സംവിധാനം ഉള്ളതായി തനിക്കറിയില്ലെന്നും കോണ്‍ഗ്രസിന്റെ പേരില്‍ കോണ്‍ഗ്രസ് വിരുദ്ധരടക്കം പല ഗ്രൂപ്പുകളും ഉണ്ടാക്കുന്നുണ്ടെന്നുമായിരുന്നു വി.ഡി സതീശൻ പറഞ്ഞത്. കെപിസിസി പ്രസിഡന്റ് ഇക്കാര്യങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കട്ടെയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
ശേഷം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചതില്‍ കെ.സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചതിലും സതീശന്‍ പ്രതികരിച്ചിരുന്നു. താൻ വിമർശനത്തിന് അധീതനല്ലെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ സുധാകരന്‍ പറഞ്ഞിനോട് എനിക്ക് യാതൊരു വിരോധമോ വെറുപ്പോ വിദ്വേഷമോ ഇല്ലെന്നും സതീശന്‍ പറഞ്ഞിരുന്നു.
പാർട്ടിക്കൊപ്പമുള്ള സൈബർ സംഘത്തിലെ ചിലർ തന്നെയാണ് തനിക്കെതിരെ വിമർശനമുന്നയിക്കാൻ സജീവമായി നിൽക്കുന്നതെന്ന് വി.ഡി. സതീശനും വ്യക്തമായി എന്ന് തെളിയിക്കുന്നതാണ് ആരോപണങ്ങൾക്കെതിരെയുള്ള സതീശന്റെ പ്രതികരണങ്ങൾ. കോൺഗ്രസിൻ്റെ പേരിലുള്ള പേജുകളിൽ നിന്നു തന്നെ പാർട്ടി വിരുദ്ധ നീക്കങ്ങളുണ്ടാകുന്നുവെന്ന് സതീശന്റെ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാണ്.
Content Summary: Congress cyber attack against V. D satheesan
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.