ജാതി അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ റാലികൾകൾക്ക് വിലക്കേർപ്പെടുത്തി ഉത്തർപ്രദേശ് സർക്കാർ. ഇത്തരം റാലികൾ പൊതു ക്രമത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
2027ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ നീക്കം രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തുന്നത്. യുപിയിലെ എല്ലാ പാർട്ടികൾക്കും പ്രത്യേക ജാതി വിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ലഭിക്കുന്നുണ്ട്.
സംസ്ഥാനത്ത് 1933ന് ശേഷം ആദ്യമായി നടക്കുന്ന ജാതി സെൻസസിന് മുന്നോടിയായിട്ടാണ് യുപി സർക്കാരിന്റെ ഈ ഉത്തരവ് വരുന്നത്. ഈ സർക്കാർ ഉത്തരവ് പാർട്ടികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ഭരണകക്ഷിയായ ബിജെപിയുടെ സഖ്യകക്ഷികളായി നിഷാദ് പാർട്ടി, അപ്‌നാ ദൾ (എസ്), സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്ബിഎസ്പി) എന്നിവയുൾപ്പെടെയുള്ള ജാതി പ്രത്യേക സംഘടനകളും ഉൾപ്പെടുന്നുണ്ട്.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി സംഘടിപ്പിക്കുന്ന ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾ സമൂഹത്തിൽ ജാതി സംഘർഷങ്ങൾ പ്രോത്സാഹിപ്പിക്കുന്നു, അവ പൊതു ക്രമത്തിനും ദേശീയ ഐക്യത്തിനും വിരുദ്ധമാണ്. ഉത്തർപ്രദേശിൽ ഇത്തരം റാലികൾ കർശനമായി നിരോധിച്ചിരിക്കുന്നുവെന്നാണ് സെപ്റ്റംബർ 16ലെ അലഹബാദ് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി, ആക്ടിംഗ് ചീഫ് സെക്രട്ടറി ദീപക് കുമാർ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും, സെക്രട്ടറിമാർക്കും, മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും അയച്ച ഉത്തരവിൽ പറയുന്നത്.
സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടുന്ന നിഷാദ് സമുദായത്തിൽ നിന്നുള്ളവരാണ് എൻഡിഎ സഖ്യകക്ഷിയായ നിഷാദ് പാർട്ടിയിലെ അംഗങ്ങൾ. കിഴക്കൻ ഉത്തർപ്രദേശിലെ കുർമി വിഭാഗക്കാർ അഥവാ പട്ടേൽമാരാണ് അപ്‌നാ ദൾ (എസ്) പാർട്ടിയുടെ നെടുംതൂൺ. എസ്ബിഎസ്പി പാർട്ടി അംഗങ്ങൾ രാജ്ഭർ, കുശ്വാഹ തുടങ്ങിയ സമുദായങ്ങളിൽ ഉൾപ്പെട്ടവരാണ്.
ഞങ്ങളെപ്പോലുള്ള, പാർശ്വവത്കരിക്കപ്പെട്ട ജാതികളുടെ ഉന്നമനം ലക്ഷ്യമിടുന്ന പാർട്ടികൾക്ക് അവരെക്കുറിച്ച് പറയാൻ പോലും കഴിയുന്നില്ലെങ്കിൽ എങ്ങനെയാണ് പ്രവർത്തിക്കാൻ കഴിയുക? ഞങ്ങൾ ജാതി മറച്ചുവെക്കേണ്ടത് എന്തിനാണ്? എന്തിനാണ് ജാതി അടിസ്ഥാനത്തിലുള്ള സർട്ടിഫിക്കറ്റുകൾ നൽകുന്നതെന്ന് ഈ ഉത്തരവിനോട് എതിർപ്പ് പ്രകടിപ്പിച്ചുക്കൊണ്ട് ഒരു നിഷാദ് പാർട്ടി നേതാവ് പറഞ്ഞു
ഈ ഉത്തരവ് നിലനിൽക്ക തന്നെ ബിഎസ്പി നേതാവ് മായാവതിയുടെ നേതൃത്വത്തിൽ റാലി നടത്താൻ പദ്ധതിയുള്ളതായി നിഷാദ് നേതാവ് കൂട്ടിച്ചേർത്തു. ദളിത്, പ്രത്യേകിച്ച് ജാതവ് വിഭാഗമാണ് ബിഎസ്പിയുടെ വോട്ട് ബാങ്ക്. പാർട്ടി സ്ഥാപകൻ കാൻഷി റാമിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ 9ന് ഒരു വലിയ റാലി നടത്താൻ അവർ ആസൂത്രണം ചെയ്യുന്നുണ്ട്.
സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത് വന്നിരുന്നു. 5,000 വർഷമായി മനസ്സിൽ വേരൂന്നിയ ജാതിവിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യണം?… വസ്ത്രധാരണത്തിലൂടെയും ചിഹ്നങ്ങളിലൂടെയും പ്രകടമാക്കുന്ന ജാതിവിവേചനം ഇല്ലാതാക്കാൻ എന്തുചെയ്യണം? അതോ ഒരാളെ കണ്ടുമുട്ടുമ്പോൾ ജാതി ചോദിക്കുന്ന ജാതിവിവേചന മനോഭാവം അവസാനിപ്പിക്കാൻ എന്തുചെയ്യണം? എന്ന് അഖിലേഷ് യാദവ് എക്സിൽ കുറിച്ചു.
2017ൽ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് മാറുന്നതിന് മുമ്പ് ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചുവെന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചുകൊണ്ട് അഖിലേഷ് കൂട്ടിച്ചേർത്തു: “…വീട് (ശുദ്ധീകരിക്കുന്ന) ജാതിവിവേചനപരമായ ചിന്താഗതിക്ക് അറുതിവരുത്താൻ എന്ത് നടപടികൾ സ്വീകരിക്കും? അല്ലെങ്കിൽ ഒരാളെ അപകീർത്തിപ്പെടുത്താൻ വ്യാജവും അപമാനകരവുമായ ആരോപണങ്ങൾ ഉന്നയിക്കുന്ന ജാതിവിവേചന ഗൂഢാലോചനകൾ അവസാനിപ്പിക്കാൻ എന്ത് നടപടികൾ സ്വീകരിക്കും?”
ബിജെപി സർക്കാർ ആദ്യം അവരുടെ ജാതി അടിസ്ഥാനമാക്കിയുള്ള ചിന്താഗതി എങ്ങനെ മാറ്റും എന്നതാണ് വലിയ ചോദ്യമെന്ന് എസ്പി നേതാവായ ഉദൈവീർ സിംഗ് പറഞ്ഞു എസ്പി, കോൺഗ്രസ് നേതാക്കൾ ജാതി റാലികൾ നടത്താറുണ്ടെന്ന വാദം നിഷേധിച്ചു. ബിജെപിയാണ് ഇപ്പോൾ ജാതി രാഷ്ട്രീയം കളിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. “ഞങ്ങൾ ഒരിക്കലും ജാതി അടിസ്ഥാനമാക്കിയുള്ള റാലികൾ നടത്താറില്ല. വാസ്തവത്തിൽ, ബിജെപിയാണ് ജാതി അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം ഏറ്റവും കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. ആർഎസ്എസിന് ജാതി അടിസ്ഥാനത്തിലുള്ള പ്രതിനിധികളുണ്ട്.” കോൺഗ്രസ് യുപി അധ്യക്ഷൻ അജയ് റായ് പറഞ്ഞു.
കഴിഞ്ഞ കുറച്ചുവർഷങ്ങളായി മറാഠാ സംവരണത്തിനായി പ്രതിഷേധം നടക്കുന്ന മഹാരാഷ്ട്രയിലെ ബിജെപി സഖ്യകക്ഷികൾ യുപി സർക്കാരിന്റെ ഈ ഉത്തരവിനെ ചോദ്യം ചെയ്യുന്നുണ്ട്. വാഹനങ്ങളിൽ ജാതിയുടെ പേരോ മുദ്രാവാക്യങ്ങളോ സ്റ്റിക്കറുകളോ പതിച്ചാൽ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് ആക്റ്റ് 1988 പ്രകാരം നടപടി നേരിടേണ്ടിവരും. ജാതിയെ മഹത്വവൽക്കരിക്കുന്ന സൈൻബോർഡുകളോ പ്രഖ്യാപനങ്ങളോ, ജാതിയെ മഹത്വവൽക്കരിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ ആയ സോഷ്യൽ മീഡിയ സന്ദേശങ്ങൾ നിരീക്ഷിക്കാനും കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കാനും ഉത്തരവ് നിർദ്ദേശിക്കുന്നു.
സെപ്റ്റംബർ 16ലെ ഉത്തരവിൽ, അലഹബാദ് ഹൈക്കോടതി യുപി ആഭ്യന്തര വകുപ്പിനും ഡിജിപിക്കും നിർദ്ദേശം നൽകിയിരുന്നു. പട്ടികജാതി/പട്ടികവർഗ്ഗ നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഒഴികെയുള്ള എല്ലാ പോലീസ് രേഖകളിലും ജാതി വെളിപ്പെടുത്തുന്നത് നിരോധിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറുകൾ തയ്യാറാക്കി നടപ്പാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.
content summary: Caste rallies banned in UP; meanwhile, Yogi is accused of purifying his home with Ganga water and cracks are showing in the BJP alliance
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.