June 26, 2026 |
Share on

അഖ്ലാഖ് വധം: പ്രതികളെ രക്ഷിക്കാന്‍ യുപി സര്‍ക്കാര്‍

എട്ടു വര്‍ഷം മുന്‍പ് പ്രതികള്‍ ഉന്നയിച്ച അതേ വാദങ്ങളുമായാണ് ഇപ്പോള്‍ പ്രോസിക്യൂഷനും കോടതിയില്‍ എത്തിയിരിക്കുന്നത്

രാജ്യത്തെ നടുക്കിയ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് കൊലക്കേസിലെ പ്രതികളെ രക്ഷിച്ചെടുക്കാന്‍ എല്ലാ വഴികളും നോക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രങ്ങള്‍ പിന്‍വലിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാരിനെതിരേ വലിയ പ്രതിഷേധം ഉയരുമ്പോഴും അതൊന്നും കാര്യമാക്കാതെയുള്ള നീക്കമാണ് യോഗി സര്‍ക്കാര്‍ തുടരുന്നത്. എട്ടു വര്‍ഷം മുന്‍പ് ജാമ്യാപേക്ഷ വേളയില്‍ പ്രതികള്‍ കോടതിയില്‍ ഉന്നയിച്ച അതേ വാദങ്ങള്‍ തന്നെയാണ് ഇപ്പോള്‍ പ്രോസിക്യൂഷനും കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.അന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളാനായി പ്രോസിക്യൂഷന്‍ ആ വാദങ്ങളെ എതിര്‍ത്തിരുന്നു. ഇന്ന് പ്രതികളെ രക്ഷിക്കാന്‍ അവരുടെ വാദങ്ങള്‍ ആവര്‍ത്തിക്കുന്നു.

പ്രതികളെ രക്ഷിക്കാന്‍ സാക്ഷി മൊഴികളിലെ പൊരുത്തക്കേടുകളാണ് ആയുധമാക്കുന്നത്. സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേടുകളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ക്രിമിനല്‍ നടപടിക്രമം 321-ാം വകുപ്പ് പ്രകാരം കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാല്‍, 2017-ല്‍ പ്രതികളായ പുനീത്, അരുണ്‍ എന്നിവര്‍ ജാമ്യത്തിനായി ഇതേ വാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ സര്‍ക്കാര്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു എന്നതാണ് ശ്രദ്ധേയം.

സെക്ഷന്‍ 161 പ്രകാരം രേഖപ്പെടുത്തിയ ആദ്യ മൊഴികളില്‍ സാക്ഷികളായ ഇക്രാമനും (അഖ്‌ലാഖിന്റെ ഭാര്യ) അസ്‌കരിയും (അഖ്‌ലാഖിന്റെ മാതാവ്) പത്ത് പ്രതികളുടെ പേരുകള്‍ മാത്രമാണ് പറഞ്ഞിരുന്നത്. പിന്നീട് ചില പേരുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. അഖ്‌ലാഖിന്റെ മകള്‍ ഷയിസ്തയുടെ ആദ്യമൊഴിയില്‍ പ്രതികളുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് മജിസ്ട്രേറ്റിന് മുന്നില്‍ നല്‍കിയ മൊഴിയിലാണ് ആറ് പേരെക്കൂടി ഉള്‍പ്പെടുത്തിയതെന്നുമാണ് ഇപ്പോള്‍ പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

പ്രതികളും സാക്ഷികളും ഒരേ ഗ്രാമവാസികളായിട്ടും മൊഴികളില്‍ പ്രതികളുടെ എണ്ണത്തില്‍ മാറ്റം വരുത്തിയത് വിശ്വാസയോഗ്യമല്ലെന്നാണ് പ്രോസിക്യൂഷന്‍ ഉയര്‍ത്തുന്ന മറ്റൊരു വാദം.

2015 സെപ്റ്റംബര്‍ 28-നാണ് ഗൗതം ബുദ്ധ നഗറിലെ ബിസാഡ ഗ്രാമത്തില്‍ പശുക്കിടാവിനെ കൊന്നു എന്നാരോപിച്ച് മുഹമ്മദ് അഖ്‌ലാഖിനെ ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ നിന്ന് വലിച്ചിറക്കി തല്ലിക്കൊന്നത്. പ്രാദേശിക ബിജെപി നേതാവിന്റെ മകന്‍ വിശാല്‍ റാണ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കൊലപാതകം, കലാപം ഉണ്ടാക്കല്‍ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്.

2017-ല്‍ അലഹബാദ് ഹൈക്കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ സാക്ഷിമൊഴികളിലെ വൈരുദ്ധ്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് മറ്റു പ്രതികളും സമാനമായ രീതിയില്‍ ജാമ്യം നേടി പുറത്തിറങ്ങി. ഇപ്പോള്‍ കേസിലെ വിചാരണ ഘട്ടത്തില്‍ തന്നെ പ്രതികളെ കുറ്റവിമുക്തരാക്കാനാണ് പ്രോസിക്യൂഷന്‍ ശ്രമിക്കുന്നത്.

കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിചാരണ കോടതിയില്‍ ശക്തമായി എതിര്‍ക്കുമെന്ന് അഖ്‌ലാഖിന്റെ കുടുംബത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍ അന്ദലീബ് നഖ്വി വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച കോടതി വീണ്ടും പരിഗണിക്കും.

Content Summary; Uttar Pradesh Government Echoes Defense Arguments to Withdraw Cases Against Accused in Akhlaq Lynching Case

Leave a Reply

Your email address will not be published. Required fields are marked *

×