July 14, 2026 |
Share on

ഇന്ത്യക്കാർക്ക് ഇനി മുതൽ ഇറാനിൽ പോകാൻ വിസ വേണം; കാരണമിതാണ്

നവംബർ 22 മുതലാണ് പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നത്

ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസ രഹിത പ്രവേശനം അവസാനിപ്പിച്ച് ഇറാൻ. പാസ്പോർട്ടുള്ള ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ അനുവദിച്ചിരുന്ന വിസ ഇളവാണ് ഇതിലൂടെ റദ്ദാക്കുന്നതെന്ന് ഇറാൻ പ്രഖ്യാപിച്ചു. നവംബർ 22 മുതലാണ് പ്രഖ്യാപനം പ്രാബല്യത്തിൽ വരുന്നത്.

ഈമാസം 22 മുതൽ ഇറാനിൽ പ്രവേശിക്കുന്നതിനും ഇറാനിലൂടെ മറ്റു രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും സാധാരണ പാസ്‌പോർട്ടുള്ള എല്ലാ ഇന്ത്യൻ യാത്രക്കാരും മുൻകൂട്ടി വിസ എടുക്കേണ്ടി വരും. മനുഷ്യക്കടത്തും തട്ടിക്കൊണ്ടുപോകൽ കേസും വർധിച്ച സാഹചര്യത്തിലാണ് വിസരഹിത പ്രവേശനം റദ്ദാക്കാനുള്ള തീരുമാനം.

വിസരഹിത പ്രവേശനം അവസാനിപ്പിച്ചതിൻ്റെ പ്രധാന കാരണങ്ങളും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. തൊഴിൽ തട്ടിപ്പും അതുവഴിയുള്ള മനുഷ്യക്കടത്തുമാണ് പ്രധാനം കാരണം. ഉയർന്ന ശമ്പളമുള്ള ജോലിയോ അല്ലെങ്കിൽ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള എളുപ്പത്തിലുള്ള യാത്രയോ വാഗ്ദാനം ചെയ്ത് ഇന്ത്യക്കാരെ ഇറാനിലേക്ക് ആകർഷിക്കുന്നു. ഇത്തരത്തിൽ ഇറാനിൽ എത്തിച്ചശേഷം പലരെയും തട്ടിക്കൊണ്ടുപോവുകയും മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ വർദ്ധിക്കുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ പാലിച്ചാവണം യാത്രയെന്നാണ് മന്ത്രാലയം നൽകുന്ന മുന്നറിയിപ്പ്.

വിനോദസഞ്ചാരത്തിനായി ഇന്ത്യക്കാർക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി 2024 ഫെബ്രുവരി 4 മുതലാണ് ഇറാൻ നടപ്പിലാക്കിയത്. 4 നിബന്ധനകൾക്ക് വിധേയമായാണ് ഇന്ത്യക്കാർക്ക് വീസാരഹിത സന്ദർശനം ഇറാൻ അനുവദിച്ചിരുന്നത്. സാധാരണ പാസ്‌പോർട്ട് കൈവശമുള്ള ഇന്ത്യൻ പൗരന്മാർക്ക് 6 മാസത്തിലൊരിക്കൽ വീസയില്ലാതെ ഇറാനിലേക്ക് പ്രവേശിക്കാമായിരുന്നു. പരമാവധി 15 ദിവസം വരെ താമസിക്കാനായിരുന്നു അനുമതി നൽകിയിരുന്നത്. വിമാനമാർഗം വിനോദസഞ്ചാരത്തിന് എത്തുന്നവർക്ക് മാത്രമായിരുന്നു വീസരഹിത പ്രവേശനം. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, ഇന്തൊനീഷ്യ, ജപ്പാൻ, സിംഗപ്പൂർ, മലേഷ്യ എന്നിവയുൾപ്പെടെ 32 രാജ്യങ്ങൾക്കാണ് വീസയില്ലാതെ രാജ്യം സന്ദർശിക്കാനുള്ള പദ്ധതി ഇറാൻ പ്രഖ്യാപിച്ചത്.

ഷിയാ വിഭാഗക്കാര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യമാണ് ഇറാന്‍. ഇന്ത്യയില്‍ നിന്നും പാകിസ്താനില്‍ നിന്നുമടക്കം നിരവധി പേര്‍ തീര്‍ഥാടനത്തിന് ഇറാനിലേക്ക് പോകാറുണ്ടായിരുന്നു. കൂടാതെ വിനോദ സഞ്ചാരത്തിനും എത്താറുണ്ട്. ഇവരില്‍ പലരെയും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതോടെയാണ് നടപടി കടുപ്പിച്ചത്.

Content Summary: Indians will now need a visa to travel to Iran; Here’s why

Leave a Reply

Your email address will not be published. Required fields are marked *

×