പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ അടുത്ത സഹായിയായിരുന്ന ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. കൊലപാതകവുമായി ബന്ധപ്പെട്ട് ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നായി മൂന്ന് വാടകക്കൊലയാളികളെ ബംഗാള്‍ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്.
ബിഹാറിലെ ബക്സറില്‍ നിന്ന് മായങ്ക് രാജ് മിശ്ര, വിക്കി മൗര്യ എന്നിവരെയും ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്ന് രാജ് സിംഗിനെയുമാണ് അന്വേഷണ സംഘം പിടികൂടിയത്. മെയ് ആറിന് രാത്രി വടക്കന്‍ 24 പര്‍ഗാനാസ് ജില്ലയിലെ മധ്യംഗ്രാമില്‍ വെച്ചാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ സിഐഡി ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെ മധ്യംഗ്രാം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രതികള്‍ നടത്തിയ ചില സാങ്കേതിക പിഴവുകളാണ് പോലീസിനെ ഇവരുടെ അടുത്തേക്ക് എത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുന്നതിനിടെ ബാലി ടോള്‍ പ്ലാസയില്‍ വെച്ച് പ്രതികള്‍ ടോള്‍ തുക യുപിഐ വഴി പണമടച്ചിരുന്നു. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതികളിലൊരാളുടെ മൊബൈല്‍ നമ്പര്‍ കണ്ടെത്താന്‍ സഹായകമായി. കൂടാതെ ടോള്‍ പ്ലാസയിലെ ഹൈ ഡെഫനിഷന്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെയും അവര്‍ ഉപയോഗിച്ച വാഹനത്തെയും തിരിച്ചറിയാന്‍ സഹായിച്ചുവെന്നും പോലീസ് പറഞ്ഞു.
കൊലപാതകത്തിനായി പ്രതികള്‍ ഉപയോഗിച്ച സില്‍വര്‍ ഹാച്ച്ബാക്ക് കാര്‍ മറ്റൊരു വാഹനത്തിന്റെ വ്യാജ നമ്പര്‍ പതിപ്പിച്ചതായിരുന്നു. സിലിഗുരിയിലെ ഒരു വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റാണ് ഇതിനായി ഉപയോഗിച്ചത്. ഓണ്‍ലൈന്‍ വില്‍പന പോര്‍ട്ടലുകളില്‍ നിന്ന് വാഹനത്തിന്റെ ചിത്രം കൈക്കലാക്കിയാണ് ഇവര്‍ നമ്പര്‍ വ്യാജമായി നിര്‍മ്മിച്ചത്. അത്യാധുനികമായ ഓസ്ട്രിയന്‍ നിര്‍മ്മിത ‘ഗ്ലോക്ക് 47 എക്സ്’ പിസ്റ്റളാണ് കൊലപാതകത്തിനായി ഉപയോഗിച്ചതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇത്തരം ആധുനിക ആയുധങ്ങള്‍ ക്രിമിനല്‍ സംഘങ്ങള്‍ ഉപയോഗിക്കുന്നത് സംസ്ഥാന-കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളെ ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
വാടകക്കൊലയാളികള്‍ പിടിയിലായതോടെ ഇനി കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രാദേശിക ആസൂത്രകരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബംഗാള്‍ സിഐഡി. ഇതിനായി അന്വേഷണ സംഘം ഉത്തര്‍പ്രദേശിലും ബിഹാറിലും ക്യാമ്പ് ചെയ്യുന്നുണ്ട്. കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണത്തെക്കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷിച്ചു വരികയാണ്. സുവേന്ദു അധികാരിയുടെ വിശ്വസ്തനായ സഹായി കൊല്ലപ്പെട്ടത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ബംഗാളില്‍ വഴിവെച്ചിട്ടുണ്ട്.
Content Summary: Bengal CM Suvendu Adhikari’s aide Chandranath Rath’s murder three hitmen arrested , tracked down through UPI payment
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.