July 14, 2026 |
Share on

ഇറാനിലെ ‘കൂടത്തായി മോഡൽ’; 22 വർഷത്തിനിടെ കൊലപ്പെടുത്തിയത് 11 ഭർത്താക്കന്മാരെ

2000-ൽ ആരംഭിച്ച കൊലപാതക പരമ്പരയിൽ പ്രായമായ പുരുഷന്മാരെയാണ് അക്ബരി ലക്ഷ്യമിട്ടത്

ഇറാനിലെ ചരിത്രത്തിലെ ഏറ്റവും വലിയ പരമ്പര കൊലപാതക കേസുകളിൽ ഒന്നായ ‘ബ്ലാക്ക് വിഡോ’ കേസിലെ പ്രതിയായ ഇറാനിയൻ സ്ത്രീ അറസ്റ്റിൽ. ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന കുൽതും അക്ബരി, 22 വർഷത്തിനിടെ 11 ഭർത്താക്കന്മാരെ കൊലപ്പെടുത്തി അവരുടെ സ്വത്തുക്കൾ കൈക്കലാക്കിയതായി സമ്മതിച്ചതായി ഇറാൻ വയർ റിപ്പോർട്ട് ചെയ്തു.

2000-ൽ ആരംഭിച്ച കൊലപാതക പരമ്പരയിൽ പ്രായമായ പുരുഷന്മാരെയാണ് അക്ബരി ലക്ഷ്യമിട്ടത്. അവരെ വിവാഹം കഴിച്ചശേഷം, പ്രമേഹ മരുന്നുകൾ, ഉത്തേജക മരുന്നുകൾ, വ്യാവസായിക മദ്യം എന്നിവയുടെ ഒരു പ്രത്യേക മിശ്രിതം ഉപയോഗിച്ച് സാവധാനം വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു ഇവരുടെ രീതി. ഇരകളിൽ ഭൂരിഭാഗവും പ്രായാധിക്യവും രോഗങ്ങളും കാരണം സ്വാഭാവിക മരണമടഞ്ഞതായി തോന്നിയതിനാൽ, പതിറ്റാണ്ടുകളോളം ആർക്കും ഇവരെ സംശയിക്കാൻ കഴിഞ്ഞിരുന്നില്ല.

2023-ൽ അക്ബരിയുടെ അവസാനത്തെ ഇരയെന്ന് ആരോപിക്കപ്പെടുന്ന അസീസൊല്ല ബാബായിയുടെ മരണത്തിൽ അദ്ദേഹത്തിന്റെ മകന് സംശയം തോന്നിയതാണ് ഈ കേസിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ പോലീസ് അന്വേഷണത്തിലാണ് അക്ബരി അറസ്റ്റിലാകുന്നത്. 11 പേരെ കൊലപ്പെടുത്തിയതായും ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ചതായും അക്ബരി കോടതിയിൽ സമ്മതിച്ചിട്ടുണ്ട്.

വിചാരണ വേളയിൽ, നാല് ഇരകളുടെ കുടുംബങ്ങൾ അക്ബരിക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. 45-ലധികം വ്യക്തികൾ ഈ കേസിൽ വാദികളായി ചേർന്നിട്ടുണ്ട്. 11 ആസൂത്രിത കൊലപാതക കുറ്റങ്ങളും ഒരു കൊലപാതക ശ്രമവും അക്ബരിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കേസിൽ കോടതിയുടെ വിധി ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

content summary: Iranian woman kills 11 husbands over 22 years in shocking serial murder case

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×