ഓസ്ട്രേലിയയിലെ കൂടത്തായി കേസെന്ന് വിശേഷിപ്പിക്കുന്ന വിഷക്കൂൺ കൊലപാതക കേസിൽ എറിൻ പാറ്റേഴ്സണ്, ജീവപര്യന്തം തടവും 33 വർഷത്തെ പരോൾ ഇല്ലാത്ത തടവും വിധിച്ച് കോടതി. ഓസ്‌ട്രേലിയൻ കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചത്. എറിന് പാറ്റേഴ്സണിന് ജീവപര്യന്തം ശിക്ഷ നൽകണമെന്ന വാദം പ്രോസിക്യൂഷനും പ്രതിഭാഗവും ശരിവച്ചു.
2023 ജൂലായ് പതിനാറിന്, പള്ളിയിലെ കുര്‍ബാനയ്ക്കിടയിലാണ് മുന്‍ ഭര്‍ത്താവ് സൈമണ്‍ പാറ്റേഴ്‌സണ്‍ സൈമണിന്റെ പിതാവ് ഡോണ്‍ പാറ്റേഴ്‌സണ്‍, മാതാവ് ഗെയില്‍ പാറ്റേഴ്‌സണ്‍, ഗെയിലിന്റെ സഹോദരി ഹെതര്‍ വിക്കിന്‍സണ്‍ എന്നിവരെ വീട്ടിലേക്ക് എറിന്‍ ക്ഷണിക്കുന്നത്. ജൂലായ് 29ന് ഉച്ചഭക്ഷണം തയ്യാറാക്കുന്നുണ്ടെന്നും വിരുന്നില്‍ പങ്കെടുക്കണമെന്നും എറിന്‍ അവരോട് പറഞ്ഞു. താന്‍ കാന്‍സര്‍ രോഗിയാണ്, ഗര്‍ഭാശയത്തിലാണ് കാന്‍സര്‍, ഇക്കാര്യം കുട്ടികളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ സൈമണിന്റെയും കുടുംബത്തിന്റെയും പിന്തുണ വേണം. വിരുന്നൊരുക്കുന്നതിന് പിന്നിലുള്ള കാരണവും അവള്‍ അവരോട് പങ്കുവച്ചു.
എന്നാല്‍ വിരുന്നിന്റെ തലേന്ന്, സൈമണ്‍ താന്‍ വരുന്നില്ലെന്ന് എറിനെ അറിയിച്ചു. അസുഖ വിവരത്തെ കുറിച്ച് ഫോണിലൂടെ ചര്‍ച്ച ചെയ്യാമെന്നും നേരിട്ടെത്താന്‍ താല്പര്യമില്ലെന്നുമാണ് സൈമണ്‍ പറഞ്ഞത് .ഇനി ഇതു പൊലൊരു വിരുന്ന് തയ്യാറാക്കാന്‍ എനിക്ക് കഴിയില്ല, നിങ്ങള്‍ വരുമെന്നാണ് എന്റെ പ്രതീക്ഷയെന്നായിരുന്നു എറിന്റെ മറുപടി. എങ്കിലും സൈമണ്‍ വിരുന്നിനെത്തിയില്ല, പക്ഷെ സൈമണിന്റെ കുടുംബം ആ വിരുന്നിനെത്തി.
ബീഫ് വെല്ലിങ്ടണ്‍ എന്ന വിഭവമാണ് വിരുന്നിനായി എറിന്‍ ഒരുക്കിയത്. ബീഫ് ടെന്‍ഡന്‍ ലോയിന്റെ കൂട്ടില്‍ കൂണിന്റെ അരപ്പ് ചേര്‍ത്തുള്ള വിഭവം.അരപ്പിനായി എറിന്‍ തിരഞ്ഞെടുത്തത് വിഷക്കൂണായിരുന്നു. ‘ഡെത്ത് ക്യാപ് കൂണ്‍’ എന്ന് വിളിപ്പേരുള്ള ലോകത്തിലെ അപകടകരമായ വിഷകൂണ്‍. ചതുപ്പുകളിലും കാടുകളിലും മുളച്ചു നില്‍ക്കുന്ന അമനിറ്റ ഫല്ലോയിഡസ് എന്ന ഈ കൂണില്‍ അഞ്ച് മില്ലിഗ്രാം വിഷമാണ് അടങ്ങിയിട്ടുള്ളത്. ആല്‍ഫ അമനിറ്റിന്‍, ഫല്ലോയിഡിന്‍ എന്നിവയാണ് ഈ കൂണില്‍ അടങ്ങിയിട്ടുള്ള വിഷവസ്തുക്കള്‍. വ്യാപകമായി വളരാനുള്ള ശേഷി വളരെ കൂടുതലുള്ള വര്‍ഗമാണിവ. കണ്ടാല്‍ സാധാരണ കൂണ്‍ പോലെ തോന്നുന്ന ഈ കൂണ്‍ കഴിച്ചാല്‍ ആറ് മുതല്‍ 24 മണിക്കൂറിനകം വയറുവേദന, ഛര്‍ദി, അതിസാരം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കും. ഇത് പിന്നീട് കരളും, വൃക്കയും തകരാറിലാക്കുകയും മരണത്തിന് കാരണമാകുകയും ചെയ്യും. എറിന്റെ അതിഥികള്‍ അവള്‍ തയ്യാറാക്കിയ വിഷക്കൂണ്‍ ചേര്‍ത്ത ഭക്ഷണം കഴിച്ചു. വിരുന്നിനെത്താതിരുന്ന സൈമണ്‍ പാറ്റേഴ്‌സണും ഗുരുതരമായ വിഷബാധയേറ്റ പാസ്റ്റര്‍ ഇയാന്‍ വില്‍ക്കിന്‍സണും ഒഴികെ മറ്റുള്ളവര്‍ മരണത്തിന് കീഴടങ്ങി.
content summary: Mushroom murder case, Erin Patterson has been sentenced to life in prison with a non-parole period of 33 years