June 18, 2025 |
Share on

ഒരുച്ചയൂണ്, മൂന്ന് മരണങ്ങള്‍, കുറേ നുണകള്‍: ഓസ്ട്രേലിയയിലെ വിഷക്കൂണ് കൊലക്കേസ് കഥ

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ പ്രാഥമിക വാദങ്ങള്‍ കേട്ടുകഴിഞ്ഞ് ജഡ്ജി പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ഈ കേസിന്റെ കേന്ദ്രം എന്നാണ്

കൂടത്തായി കേസിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ഓസ്ട്രേലിയയില്‍ ഒരു സ്ത്രീക്കെതിരെ കുടുംബാംഗങ്ങളെ കൊലചെയ്തുവെന്ന പേരിലുള്ള കേസിന്റെ കഥ

2023 ജൂലായ് 29ന് ഉച്ച തിരിഞ്ഞ്, ഓസ്ട്രേലിയയുടെ തെക്ക് കിഴക്കായുള്ള ജിപ്സ്ലാന്‍ഡ് മേഖലയിലെ ചെറിയ പട്ടണമായ ലിയോണ്‍ഗാഥയിലെ ഒരു വീട്ടിലെ ഊണുമേശക്ക് ചുറ്റും അഞ്ച് പേര്‍ ഉച്ച ഭക്ഷണം കഴിക്കാനിരുന്നു. എറിന്‍ പാറ്റേഴ്സണന്റേതായിരുന്നു വീട്. അതിഥികളാകട്ടെ എറിനിന്റെ വേര്‍പിരിഞ്ഞ ഭര്‍ത്താവിന്റെ മാതാപിതാക്കളായ ഗെയ്ല്‍, ഡോണ്‍ പാറ്റേഴ്സണ്‍മാര്‍, ഗെയ്ലിന്റെ സഹോദരി ഹെതര്‍ വില്‍കിന്‍സണും ഭര്‍ത്താവ് ഇയാന്‍ വില്‍കിന്‍സണും. ആറുപേര്‍ക്കിരിക്കാവുന്ന ആ ഊണുമേശയിലെ ഒരു കസേര ഒഴിഞ്ഞു കിടന്നു. സൈമണ്‍ പാറ്റേഴ്സണ്‍, എറിനിന്റെ വേറിട്ട് കഴിയുന്ന ഭര്‍ത്താവ്, തലേ രാത്രിയില്‍ തന്നെ ഉച്ച വിരുന്നിന് എത്താനാകില്ല എന്നറിയിച്ചിരുന്നു.

സാധാരണഗതിയില്‍ ഇവരെയൊന്നും വിളിച്ച് ഒരു വിരുന്ന് എറിന്‍ നടത്താറില്ല. പക്ഷേ അസാധാരണമായ സാഹചര്യങ്ങളിലൂടെയാണ് താന്‍ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് എന്ന് എറിന്‍ അവരെ അറിയിച്ചു. എറിന് അണ്ഡാശയ ക്യാന്‍സര്‍ സ്ഥിരീകരിച്ചിരിക്കുന്നു. സൈമണും എറിനുമുള്ള രണ്ട് മക്കളോട് ഈ വിഷയം എങ്ങനെ അവതരിപ്പിക്കണമെന്ന് അവള്‍ക്കറിഞ്ഞു കൂടാ. അതിനായി ഇവരുടെ ഉപദേശം വേണം.

ദൈവത്തിന് സ്തുതി പറഞ്ഞിട്ടാണ് അവര്‍ വിരുന്നാരംഭിച്ചത്. ഇയാന്‍ വില്‍കിന്‍സണ്‍ അടുത്തുള്ള കൊറുമ്പൂറ ബാപ്റ്റിസ്റ്റ് പള്ളിയില്‍ പാസ്റ്ററാണ്. മറ്റുള്ളവരും മുടങ്ങാതെ ഞാറയാഴ്ച കുര്‍ബാന കൈക്കൊള്ളുന്നവരാണ്. ഓസ്ട്രേലിയന്‍ മാസ്റ്റര്‍ ഷെഫിലെ ഗോര്‍ഡന്‍ റാംസിയൊക്കെ വിഖ്യാതമാക്കിയ ബീഫ് വെല്ലിങ്ടണ്‍ ഒരോരുത്തര്‍ക്കും പ്രത്യേകം പ്ലേറ്റുകളില്‍ വിളമ്പി. ഓസ്ട്രേലിയയില്‍ ‘ഐ ഫിലേ സ്റ്റേക്ക്’ എന്നറിയപ്പെടുന്ന ബീഫ് ടെന്‍ഡര്‍ലോയ്ന്‍ കട്ടില്‍ കൂണിന്റെ അരപ്പ് ചേര്‍ത്ത് പൊതിഞ്ഞ് പഫ് പേസ്ട്രിയില്‍ ബേക്ക് ചെയ്ത് എറിന്‍ പ്രത്യേകം തയ്യാറാക്കിയതാണ് ബീഫ് വെല്ലിങ്ടണ്‍. അവര്‍ ഭക്ഷണം കഴിക്കാനിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഡോണ്‍, ഗെയ്ല്‍, ഹെതര്‍ എന്നിവരുടെ കൊലപാതകത്തിനും ഇയാനെതിരായ വധശ്രമത്തിനും എറിനെ പ്രതിചേര്‍ത്തു. കുറ്റം സമ്മതിക്കാതിരുന്നതിനാല്‍ ഈ ഏപ്രില്‍ 29 മുതല്‍ കേസിന്റെ വിചാരണ ആരംഭിച്ചു.

അമനൈറ്റ ഫെലോയ്ഡീസ് എന്ന മരണവിഷക്കൂണ്‍ ബീഫ് വെല്ലിങ്ടണില്‍ അടങ്ങിയിരുന്നു എന്ന കാര്യത്തിലോ എറിന്‍ പാറ്റേഴ്സണാണ് അത് ഭക്ഷണത്തില്‍ ചേര്‍ത്തത് എന്ന കാര്യത്തിലോ വിചാരണ ഒരാഴ്ച പിന്നിടുമ്പോള്‍ വിക്ടോറിയന്‍ സുപ്രീം കോടതിക്ക് സംശയങ്ങളൊന്നുമില്ല. എറിന് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചുവെന്നത് കള്ളമാണെന്ന കാര്യത്തിലും പ്രോസിക്യൂഷനും പ്രതിഭാഗവും വ്യത്യസ്താഭിപ്രായമില്ല. അതിഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മനപൂര്‍വ്വം വിഷം ചേര്‍ത്ത് കൊല്ലുക എന്നത് എറിന്‍ ഉദ്യേശിച്ചിരുന്നോ എന്നത് മാത്രമാണ് തര്‍ക്കം. അതൊരു സങ്കടകരമായ അപകടമായിരുന്നുവെന്നാണ് എറിനിന്റെ അഭിഭാഷകര്‍ പറയുന്നത്. എന്നാല്‍ പ്രോസിക്യൂട്ടറാകട്ടെ ‘കൊല്ലണമെന്ന ഉദ്യേശത്തോടെ’ എറിന്‍ ‘മനപൂര്‍വ്വം വിഷം നല്‍കി’ എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു.

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ പ്രാഥമിക വാദങ്ങള്‍ കേട്ടുകഴിഞ്ഞ് ജഡ്ജി പറഞ്ഞത് രണ്ട് കാര്യങ്ങളാണ് ഈ കേസിന്റെ കേന്ദ്രം എന്നാണ്. എറിന്‍ മനപൂര്‍വ്വം ഇവര്‍ക്ക് വിഷം നല്‍കിയതാണോ എന്നതും ഇവരെ കൊല്ലാനായി എറിന്‍ ശ്രമിച്ചിരുന്നോ എന്നതും.

വിചാരണയുടെ ആദ്യ ആഴ്ച താടിയുര്‍ത്തി, ചിരിയില്ലാതെ, ഇടയ്ക്കിടെ കണ്ണുചിമ്മി എറിന്‍ ശ്രദ്ധയോടെ കോടതി മുറിയിലിരുന്നു. കുടുംബാംഗങ്ങളുടേയും കൊല്ലപ്പെട്ട ഭര്‍തൃവീട്ടുകാരുടേയും പേരുകള്‍ പരാമര്‍ശിക്കുമ്പോള്‍ വികാരാധീനയായി. നാലാം നമ്പര്‍ കോടതിയില്‍ പുറകിലായി ഇരുന്നിരുന്ന കോടതി റിപ്പോര്‍ട്ടര്‍മാര്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വരുന്നു.

ആദ്യ ആഴ്ച ഒരേയൊരു സാക്ഷിയായിരുന്നു വിചാരണയ്ക്ക് ഹാജറായത്. സൈമണ്‍ പറ്റേഴ്സണ്‍. സിവില്‍ എഞ്ചിനീയറായ സൈമണ്‍ ഏതാണ്ട് ഇരുപത് കൊല്ലം മുമ്പ് മെല്‍ബണിന്റെ തെക്ക് കിഴക്കായുള്ള മൊണാഷ് എന്ന പ്രദേശിക കൗണ്‍സിലില്‍ ജോലി ചെയ്യവേ ആണ് എറിനെ കണ്ടുമുട്ടുന്നത്. എറിന്‍ കൗണ്‍സിലിന്റെ മൃഗക്ഷേമ വകുപ്പിലാണ് ജോലി ചെയ്തിരുന്നത്. പരിചയം പതുക്കെ ബന്ധമായി മാറി. ഇവരുടെ ബന്ധത്തിന്റെ ചരിത്രം വിചാരണയ്ക്കിടെ വ്യക്തമായി വന്നു. 2009-ലും 2014-ലുമായി കുട്ടികളുണ്ടാകുന്നു. എറിന് തന്റെ അമ്മൂമ്മയുടെ എസ്റ്റേറ്റില്‍ നിന്നുള്ള ഓഹരിയായി 20 ലക്ഷം ഡോളര്‍ ലഭിക്കുന്നു, അവര്‍ ഇടയ്ക്കിടെ പിരിയുകയും പൊരുത്തപ്പെടുകയും ചെയ്യുന്നു.

2015-ലാണ് ഒടുവിലായി ഇവര്‍ പിരിഞ്ഞത്. അതിന് ശേഷമുള്ള എട്ടുവര്‍ഷങ്ങളില്‍ പൊരുത്തത്തിലാകാമെന്ന് തന്നെയായിരുന്നു സൈമണ് തോന്നിയിരുന്നത്. 2022-ലെ അവസാന മാസങ്ങള്‍ മുതല്‍ 2023 ജൂലായ് 29-ലെ ഈ ഉച്ചവിരുന്ന് വരെയുള്ള മാസങ്ങള്‍ കേസിനെ സംബന്ധിച്ച് പ്രധാനമാണ് എന്നാണ് പ്രോസിക്യൂഷന്‍ വാദിക്കുന്നത്. ഈ കാലയളവിലാണ് ഈ ബന്ധം കൂടുതല്‍ വഷളായത്. ഈ ഘട്ടം വരെ ഇരുവരും പിരിഞ്ഞിരിക്കുകയായിരുന്നുവെങ്കിലും അവധിക്കാലം ഒരുമിച്ച് ചെലവഴിക്കുകയും എറിന്റെ പുതിയ വീട്- പിന്നീട് ഉച്ചവിരുന്ന് നടന്ന വീട്- പണിയുന്നതിന് വേണ്ട ഉപദേശങ്ങള്‍ സൈമണ്‍ നല്‍കുകയും ഒക്കെ ചെയ്തിരുന്നു.

2023 ജൂലായ് പതിനാറിന്, പള്ളിയിലെ കുര്‍ബാനയ്ക്കിടയിലാണ്, സൈമണേയും സൈമണിന്റെ മാതാപിതാക്കളേയും ഹെതര്‍, ഇയാന്‍ വില്‍കിണ്‍സന്‍ ദമ്പതികളേയും എറിന്‍ അടുത്തതിന് അടുത്ത ശനിയാഴ്ച, ജൂലായ് 29-ന്, ഉച്ച വിരുന്നിന് ക്ഷണിക്കുന്നത്. സൈമണ്‍ പോകാമെന്ന് തീരുമാനിച്ചുവെങ്കിലും ഉച്ച വിരുന്നിന് തൊട്ടുമുമ്പുള്ള രാത്രി താന്‍ വരുന്നുണ്ടാകില്ല എന്ന് സൂചിപ്പിച്ച് ഒരു മെസേജ് എറിന് അദ്ദേഹം അയച്ചു. ‘നിനക്കും അച്ഛനും അമ്മയ്ക്കും ഹെതറിനും ഇയാനുമൊപ്പമൊരു ഉച്ച ഭക്ഷണത്തിന് വരുന്നതില്‍ എനിക്കെന്തോ അത്ര സുഖം തോന്നുന്നില്ല. പക്ഷേ നിന്റെ ആരോഗ്യാവസ്ഥയെ കുറിച്ചും അതിന്റെ തുടര്‍ച്ചയായി ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും പിന്നീട് സംസാരിക്കുന്നതിന് സന്തോഷമേ ഉള്ളൂ. ഫോണിലൂടെ നമുക്ക് ചര്‍ച്ച ചെയ്യണമെങ്കില്‍, പറയൂ.”- സൈമണ്‍ തലേ ദിവസം വൈകീട്ട് 6.54-ന് അയച്ച ഈ മെസേജ് കോടതിയില്‍ തെളിവായി ഹാജാറാക്കി.

6.59-ന് തന്നെ എറിന്‍ മറുപടി അയച്ചു. ‘അത് ശരിക്കും നിരാശയായിപ്പോയി. നാളത്തെ ഉച്ച വിരുന്ന് ഒരുക്കുന്നതിന് ഞാനീയാഴ്ചയില്‍ മണിക്കൂറുകളോളം കഷ്ടപ്പെട്ടിരുന്നു. ബീഫ് വെല്ലിങ്ടണ്‍ ഉണ്ടാക്കുന്നതിന് ബീഫ് ഐ ഫിലേ വാങ്ങാന്‍ തന്നെ വലിയൊരു തുകയും ചെലവാക്കി. ഇത് എന്നെ സംബന്ധിച്ചത്തോടം വളരെ പ്രധാനപ്പെട്ട ഒരു വിരുന്നാണ്, ഇനിയിങ്ങനെയൊന്ന് നടത്താന്‍ അടുത്ത കാലത്തൊന്നും എനിക്ക് സാധിക്കുമെന്ന് തോന്നുന്നില്ല. നാളെ നിങ്ങളെല്ലാം ഇവിടെ ഉണ്ടായിരിക്കുകയും നമുക്ക് ചില ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുക എന്നത് എനിക്ക് വളരെ പ്രധാനമാണ്. നീ മനസുമാറ്റി നാളെ വരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിന്റെ അച്ഛനമ്മമാരും ഹെതറും ഇയാനും 12.30ക്ക് എത്തും. അപ്പോ കാണാമെന്ന് കരുതുന്നു.’- ഇതിന് സൈമണ്‍ മറുപടി അയച്ചില്ല. സൈമണ്‍ തന്റെ മാതാപിതാക്കളോട് താനുണ്ടാകില്ല എന്ന കാര്യം പറഞ്ഞിരുന്നു.

പിറ്റേ ദിവസം അതിഥികള്‍ക്ക് നാല് വലിയ തവിട്ട് നിറമുള്ള പ്ലേറ്റുകളിലാണ് ബീഫ് വെല്ലിങ്ടണ്‍ വിളമ്പിയത് എന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു. എറിനാകട്ടെ ഒരു ഇളം നിറത്തിലുള്ള ഒരു ചെറിയ പ്ലേറ്റിലാണ് കഴിഞ്ഞത്. ഭക്ഷണത്തിന് ഏതാണ്ട് പന്ത്രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം മാരകമായ അസുഖബാധയുണ്ടായി. എറിനും ഏതാണ്ട് അതേസമയത്ത് രോഗബാധയുണ്ടായായി ഡോക്ടര്‍മാരേയും കുടുംബാംഗങ്ങളേയും അറിയിച്ചു. ഈ ഘട്ടത്തിലാണ് താനുണ്ടായ ഭക്ഷണമാണ് അതിഥികളെ അസുഖബാധിതരാക്കിയത് എന്ന് എറിന്‍ അറിയുകയും പേടിച്ചരണ്ട് പോവുകയും ചെയ്തതെന്ന് പ്രതിഭാഗം വക്കീല്‍ വിശദീകരിക്കുന്നു.

തനിക്ക് കൂണുകള്‍ പാചകത്തിന് മുമ്പ് ഡീഹൈഡ്രേറ്റ് ചെയ്യുന്ന ഒരു മിഷീന്‍ തനിക്കില്ല എന്ന് എറിന്‍ പോലീസിനോട് നുണ പറഞ്ഞു. എന്നാല്‍ സി.സി.റ്റി.വി ദൃശ്യങ്ങളില്‍ ഒരു ഫുഡ് ഡീഹൈഡ്രേറ്റര്‍ എറിന്‍ ഒരിടത്ത് ഉപേക്ഷിക്കുന്നത് പോലിസ് കണ്ടെത്തി. ഈ മിഷീനില്‍ എറിന്റെ കൈവിരല്‍ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് മാത്രമല്ല, ഫോറന്‍സിക് പരിശോധനയില്‍ വിഷക്കൂണുകള്‍ ഈ ഡീഹൈഡ്രേറ്ററില്‍ സൂക്ഷിച്ചിരുന്നതായും തെളിഞ്ഞു. വിഷക്കൂണുകള്‍ തേടി താന്‍ പോയിട്ടേ ഇല്ല എന്നും എറിന്‍ പോലീസിനോട് നുണ പറഞ്ഞു. വിഷക്കൂണുകള്‍ ലഭിക്കുന്ന ഇടമെന്ന് എല്ലാവര്‍ക്കും അറിയാവുന്ന ഇടത്ത് രണ്ട് തവണ എറിന്‍ പോയതിന് തെളിവുകളുണ്ട്. മാത്രമല്ല, എറിന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ഫോണുകളിലൊന്ന് ഇതുവരെ ലഭിച്ചിട്ടില്ല എന്നും പോലീസ് പറയുന്നു. പോലീസിന് എറിന്‍ നല്‍കിയത്, ഉപയോഗിച്ചിരുന്ന ഫോണ്‍ എങ്ങനെയോ ‘ഫാക്ടറി റീസെറ്റ്’ ആയിപ്പോയി എന്ന് ചൂണ്ടിക്കാണിച്ച്, ഡാറ്റയോ വിവരങ്ങളോ ഹിസ്റ്ററിയോ ഒന്നുമില്ലാത്ത ഫോണാണ്.

എന്നാല്‍ എറിന്‍ പീറ്റേ്ഴ്സണ്‍ പൂര്‍ണമായും നിരപരാധികയാണ് എന്നാണ് വാദി ഭാഗം വക്കീല്‍ അവകാശപ്പെടുന്നത്. അടുത്ത ദിവസങ്ങളില്‍ കോടതിയില്‍ അത് തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു. ഓസ്ട്രേലിയയില്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയായിട്ടുള്ള വിഷക്കൂണ്‍ കേസിന്റെ വാദം തുടരുകയാണ്.  Australia’s Mushroom murders case, Erin Patterson trial

Content Summary; Australia’s Mushroom murders case, Erin Patterson trial

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×