June 26, 2026 |
Share on

10 മണിക്കൂർ വെടിനിർത്തൽ, മൂന്ന് മേഖലകളിലേക്ക് സഹായം എത്തിക്കുമെന്നും ഇസ്രയേൽ

ഗാസയിലെ പട്ടിണി അവസാനിക്കുമോ ?

ഗാസയിലെ ജനവാസമുള്ള മൂന്ന് പ്രദേശങ്ങളിലെ സൈനിക നടപടികൾ ഇസ്രയേൽ താത്കാലികമായി നിർത്തിവച്ചിരിക്കയാണ്. ദിവസവും പത്ത് മണിക്കൂർ പോരാട്ടം നിർത്തി വച്ചു കൊണ്ട് ദുരിതത്തിലായ പലസ്തീനികൾക്ക് സഹായം എത്തിക്കാൻ ഒരു സുരക്ഷിത പാത തുറക്കാനാണ് ഈ നടപടി. ​പലസ്തീൻ ജനതയ്ക്ക് ഈ നടപടി താത്കാലിക ആശ്വാസം നൽകുമോ എന്ന കാര്യത്തിൽ സംശയങ്ങളുയരുന്നു.

കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം നിരവധി പട്ടിണി മരണങ്ങളാണ് ​ഗാസയിൽ റിപ്പോർട്ട് ചെയ്തത്. പ്രദേശത്തേക്കുള്ള മിക്കവാറും എല്ലാ സഹായങ്ങളും ഇസ്രായേൽ തടഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്ന് മാനുഷിക സംഘടനകളും ഐക്യരാഷ്ട്രസഭയും ആരോപിക്കുന്നു. 90,000 സ്ത്രീകളും കുട്ടികളും പോഷകാഹാരക്കുറവുള്ളതായും ഇവർക്ക് അടിയന്തര സേവനങ്ങൾ ആവശ്യമാണെന്നും സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ​ഗാസയിലെ അൽ മവാസി, ദേ‍ർ അൽ ബലാ, ​ഗാസ സിറ്റി എന്നീ പ്രദേശങ്ങളിലാണ് ഇസ്രയേൽ അടിയന്തര സേവനങ്ങൾ എത്തിക്കാനാണ് ഇസ്രയേൽ നടപടി. രാവിലെ 10 മുതൽ രാത്രി എട്ട് വരെ ആക്രമണമുണ്ടാകില്ലെന്നാണ് അറിയിപ്പ്. ഗാസയിലെ പട്ടിണി മരണത്തിനെതിരെ അന്താരാഷ്ട്ര സമ്മർദം ശക്തമായതോടെയാണ് നടപടി.

ആക്രമണത്തിന് താൽക്കാലിക ഇടവേള പ്രഖ്യാപിച്ചെങ്കിലും ഞായറാഴ്‌ചയും ഗാസയിൽ 53 പേർ കൊല്ലപ്പെട്ടു. ഇതിൽ 32 പേർ സഹായം കാത്തുനിന്നവരാണ്. ആറ് പേർ പട്ടിണിമൂലവും മരിച്ചു. പട്ടിണിമൂലം മരിച്ചവരുടെ എണ്ണം 133 ആയി. ഗാസയിലേക്കുള്ള അതിർത്തികൾ ഇസ്രയേൽ അടച്ചതോടെയാണ് സഹായവുമായുള്ള വാഹനങ്ങളുടെ വരവ് തടസ്സപ്പെട്ടത്. കടൽമാർഗം ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട ഹൻദല ഫ്രീഡം ഫ്ലോട്ടില്ല ബോട്ട് ഇസ്രയേൽ പിടിച്ചെടുത്തു. കപ്പലിലുണ്ടായിരുന്ന 21 പേരെ ബന്ദികളാക്കിയതായുമാണ് റിപ്പോർട്ട്.

ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഗാസ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തിൽ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യമനസാക്ഷിയെ മരവിപ്പിക്കും. ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടമാണ് ഗാസയിലെ ക്യാമ്പുകളിലെങ്ങും കാണുന്നത്.

content summary: Israel halts attacks on Gaza and access humanitarian aid to the three populated areas

Leave a Reply

Your email address will not be published. Required fields are marked *

×