June 16, 2026 |
Share on

പരോളില്‍ ഇറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി; എമ്പുരാന്‍ ഉള്‍പ്പെടെ സിനിമകളില്‍ സഹനടന്‍, ഒടുവില്‍ പിടിയില്‍

പത്തു വര്‍ഷത്തോളമായി ബോളിവുഡിലെ സഹടനടനായിരുന്ന ഇയാള്‍ അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവരുടെ ചിത്രങ്ങളില്‍ അടക്കം അഭിനയിച്ചിട്ടുണ്ട്‌

കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായ ശേഷം പരോളിലിറങ്ങി മുങ്ങിയ പ്രതി, ഒളിവില്‍ കഴിഞ്ഞ പത്ത് വര്‍ഷക്കാലം വേഷം മാറി അഭിനയിച്ചത് അമിതാഭ് ബച്ചന്‍, മോഹന്‍ലാല്‍, ആമിര്‍ ഖാന്‍ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍! സിനിമാക്കഥകളെപ്പോലും വെല്ലുന്ന ഈ യഥാര്‍ത്ഥ സംഭവം അഹമ്മദാബാദിലാണ് അരങ്ങേറിയത്. ഒടുവില്‍ നിയമത്തിന്റെ പിടിയില്‍ അകപ്പെട്ട ഹേമന്ത് നഗീന്‍ദാസ് പുരുഷോത്തമദാസ് മോദി എന്ന 54-കാരന്റെ അവിശ്വസനീയമായ ജീവിതകഥ പോലീസ് പുറത്തുവിടുന്നത് ഇങ്ങനെയാണ്:

2008-ലാണ് നരേന്ദ്ര എന്ന നാനോ യശ്വന്ത് കാംബ്ലെ എന്നയാളെ കൊലപ്പെടുത്തിയ കേസില്‍ ഹേമന്ത് മോദിയെയും സഹോദരന്‍ സച്ചിനെയും ഉള്‍പ്പെടെ ഏഴ് പേരെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. 2005 ജൂണ്‍ 15-നായിരുന്നു ഈ കൊലപാതകം നടന്നത്. ശിക്ഷിക്കപ്പെട്ട ഹേമന്ത് ആദ്യം സബര്‍മതി സെന്‍ട്രല്‍ ജയിലിലും പിന്നീട് മെഹ്‌സാന ജയിലിലുമായി ‘31146’ എന്ന നമ്പര്‍ തടവുകാരനായി കഴിഞ്ഞുവരികയായിരുന്നു. ആറ് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം, 2014 ജൂലൈ 25-ന് ഗുജറാത്ത് ഹൈക്കോടതി ഹേമന്തിന് 30 ദിവസത്തെ പരോള്‍ അനുവദിച്ചു. എന്നാല്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഹേമന്ത് പിന്നീട് ഒരിക്കലും തിരികെ വന്നില്ല. ഹേമന്തിനൊപ്പം ശിക്ഷിക്കപ്പെട്ട മറ്റ് ആറ് പേരും തങ്ങളുടെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കി നിലവില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിക്കഴിഞ്ഞതായി കേസ് അന്വേഷിക്കുന്ന പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ധാഖ്ഡ വ്യക്തമാക്കുന്നു.

ഒളിവില്‍ നിന്ന് സിനിമാ ലോകത്തേക്ക്

പരോള്‍ ലംഘിച്ച് മുങ്ങിയ ഹേമന്ത് 2015 വരെ പഠാന്‍ ജില്ലയിലാണ് ഒളിവില്‍ കഴിഞ്ഞത്. പിന്നീട് തന്റെ പേര് ‘ട്വിങ്കിള്‍ മുകുന്ദ് ദവെ’ എന്ന് മാറ്റി അഹമ്മദാബാദിലേക്ക് താമസം മാറി. അവിടെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിയില്‍ പ്രവേശിക്കുകയും പേയിംഗ് ഗസ്റ്റായി താമസിക്കുകയും ചെയ്തു. എന്നാല്‍ കോളേജ് കാലം മുതല്‍ ഉള്ളിലുണ്ടായിരുന്ന അഭിനയമോഹം ഇതോടെ ഇയാള്‍ പൊടിതട്ടിയെടുത്തു.

നാടകരംഗത്തിലൂടെയായിരുന്നു തുടക്കം. നാടകങ്ങളില്‍ വേഗത്തില്‍ ശ്രദ്ധിക്കപ്പെട്ട ഇയാള്‍ 2017-ഓടെ മുംബൈയിലെത്തി. അവിടെ വെച്ച് പേര് ‘സ്പന്ദന്‍ മോദി’ എന്ന് മാറ്റുകയും ബോളിവുഡ് ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങുകയും ചെയ്തു. പിന്നീട് അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഒന്നിച്ച യഷ് രാജ് ഫിലിംസിന്റെ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ (2018), രണ്‍വീര്‍ സിംഗിന്റെ ‘ജയേഷ്ഭായ് ജോര്‍ദ്ദാര്‍’ (2022), ആദിത്യ റോയ് കപൂറും സാറാ അലി ഖാനും കേന്ദ്രകഥാപാത്രങ്ങളായ അനുരാഗ് ബസുവിന്റെ ‘മെട്രോ… ഇന്‍ ദിനോ’ (2025) തുടങ്ങിയ നിരവധി വലിയ ചിത്രങ്ങളില്‍ സ്പന്ദന്‍ മോദി എന്ന പേരില്‍ ഇയാള്‍ സഹനടനായി വേഷമിട്ടു.

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം എമ്പുരാനിലും ഇയാള്‍ അഭിനയിച്ചിട്ടുണ്ട്. പുറത്തിറങ്ങാന്‍ ഇരിക്കുന്ന സണ്ണി ഡിയോള്‍ ചിത്രം ‘ലാഹോര്‍ 1947’, സോനാക്ഷി സിന്‍ഹയുടെ ‘തു ഹേ മേരി കിരണ്‍’ തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളിലും ഇയാള്‍ വേഷമിട്ടിട്ടുണ്ട്. ഇതിനുപുറമേ ഇരുപതോളം ഗുജറാത്തി ചിത്രങ്ങളിലും, ഇമ്രാന്‍ ഹാഷ്മി നായകനായ ‘തസ്‌കരി’ എന്ന വെബ് സീരീസിലും, രണ്ട് ഹിന്ദി – നാല് ഗുജറാത്തി പരമ്പരകളിലും, ‘യുഗ്പുരുഷ്’, ‘ഗാന്ധി വിരുദ്ധ് ഗോഡ്‌സെ’ ഉള്‍പ്പെടെ 17 ഗുജറാത്തി നാടകങ്ങളിലും ഹേമന്ത് വേഷമിട്ടിട്ടുണ്ട്.

പിടികൂടിയത് അപ്രതീക്ഷിതമായി

2025-ല്‍ ഹേമന്ത് മോദി മുംബൈയില്‍ നിന്ന് വീണ്ടും അഹമ്മദാബാദിലേക്ക് താമസം മാറ്റിയിരുന്നു. ഒളിവില്‍ പോയതുമുതല്‍ ഇയാള്‍ സ്വന്തം കുടുംബവുമായുള്ള എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചിരുന്നു. ഭാര്യയുമായി വിവാഹമോചനം നേടുകയും സുഹൃത്തുക്കളെ ഒഴിവാക്കുകയും ചെയ്തു. പിടിക്കപ്പെടാതിരിക്കാന്‍ സോഷ്യല്‍ മീഡിയയിലോ മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലോ യാതൊരുവിധ സാന്നിധ്യവും ഇയാള്‍ സൂക്ഷിച്ചിരുന്നില്ല.

എന്നാല്‍ അഹമ്മദാബാദില്‍ തിരിച്ചെത്തിയതിന് ശേഷം പഴയ പരിചയക്കാരില്‍ ആരോ ഇയാളെ തിരിച്ചറിഞ്ഞതാണ് വഴിത്തിരിവായത്. ഇതേക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് അഹമ്മദാബാദ് സിറ്റി പോലീസിന്റെ ഡിറ്റക്ഷന്‍ ഓഫ് ക്രൈം ബ്രാഞ്ച് (ഡിസിബി) ഗീ കാന്ത മെട്രോ സ്റ്റേഷന് സമീപമുള്ള പരിസരത്ത് വെച്ച് ഇയാളെ വളഞ്ഞു.

കസ്റ്റഡിയിലെടുത്ത ശേഷം ഇയാളുടെ ശരീരലക്ഷണങ്ങളും അടയാളങ്ങളും പഴയ ജയില്‍ രേഖകളുമായി പോലീസ് ഒത്തുനോക്കി. രണ്ട് വിവരങ്ങളും കൃത്യമായി ഒത്തുപോയതോടെ ഇയാള്‍ക്ക് ഒഴിഞ്ഞുമാറാന്‍ കഴിഞ്ഞില്ല. ഒടുവില്‍ താന്‍ പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി ഹേമന്ത് മോദി തന്നെയാണെന്ന് ഇയാള്‍ പോലീസിന് മുന്നില്‍ സമ്മതിക്കുകയായിരുന്നു. കോളേജ് കാലത്ത് ജേണലിസവും നിയമവും പഠിച്ചിരുന്ന ഹേമന്ത്, കൊലപാതകം നടക്കുന്ന സമയത്ത് ഒരു ജൂനിയര്‍ അഭിഭാഷകനായി ജോലി ചെയ്യുകയായിരുന്നുവെന്നും ഒരു സര്‍ക്കാര്‍ പരീക്ഷയില്‍ വിജയിച്ചിരുന്നുവെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. ബിഗ് സ്‌ക്രീനില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ടിട്ടും തിരിച്ചറിയപ്പെടാതെ പോയ പ്രതി ഒടുവില്‍ പത്ത് വര്‍ഷത്തിന് ശേഷം യഥാര്‍ത്ഥ ജീവിതത്തില്‍ നിയമത്തിന് മുന്നില്‍ വീഴുകയായിരുന്നു.

Content Summary: A convicted murderer who jumped parole in 2014 was arrested in Ahmedabad after hiding for a decade as a Bollywood actor, starring in films like Empuraan

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×