June 04, 2026 |
Share on

അങ്കിത ഭണ്ഡാരി കൊലക്കേസ്; പുതിയ വെളിപ്പെടുത്തലുകളില്‍ വെട്ടിലായി ബിജെപി

വിഐപി വിവാദം വീണ്ടും പുകയുന്നു

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന അങ്കിത ഭണ്ഡാരി കൊലക്കേസ് ഉത്തരാഖണ്ഡ് രാഷ്ട്രീയത്തില്‍ വീണ്ടും വലിയ ചര്‍ച്ചയാവുകയാണ്. നടിയും മുന്‍ ബിജെപി എംഎല്‍എ സുരേഷ് റാത്തോഡിന്റെ രണ്ടാം ഭാര്യ ഊര്‍മിള സനവര്‍ ഉന്നയിച്ച പുതിയ വെളിപ്പെടുത്തലുകളാണ് ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഊര്‍മിള സനവറിനെ ബുധനാഴ്ച മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്തു.

ഊര്‍മിള സനവര്‍, മുതിര്‍ന്ന ബിജെപി നേതാവ് ദുഷ്യന്ത് ഗൗതമിന്, അങ്കിതയുടെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് നിരവധി വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. 2022-ല്‍ ഋഷികേശിലെ വനാന്തര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായിരുന്ന 19-കാരി അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ട ദിവസം അവിടെയുണ്ടായിരുന്ന ‘വിഐപി’ ദുഷ്യന്ത് ഗൗതമാണെന്നാണ് സനവറിന്റെ വെളിപ്പെടുത്തല്‍.

ഇക്കാര്യം ശരിവെക്കുന്ന തരത്തില്‍ മുന്‍ എംഎല്‍എ സുരേഷ് റാത്തോഡുമായി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പും കഴിഞ്ഞ മാസം ഊര്‍മിള പുറത്തുവിട്ടു. 2022 ല്‍ കാണാതായി ആറ് ദിവസത്തിന് ശേഷമാണ് അങ്കിതയുടെ മൃതദേഹം കണ്ടെത്തിയത്. ഈ കൊലപാതകത്തില്‍ മുന്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ സെക്രട്ടറിയും മുന്‍ എസ്.സി മോര്‍ച്ച പ്രസിഡന്റുമായ ദുഷ്യന്ത് ഗൗതം തിങ്കളാഴ്ച ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഊര്‍മിള സനവര്‍, മുന്‍ എംഎല്‍എ സുരേഷ് റാത്തോഡ്, പ്രതിപക്ഷ പാര്‍ട്ടികള്‍ എന്നിവര്‍ക്കെതിരെയാണ് അദ്ദേഹം നിയമനടപടി സ്വീകരിച്ചത്. ഗൗതമിനെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാന്‍ ബുധനാഴ്ച കോടതി കോണ്‍ഗ്രസിനോടും ആം ആദ്മി പാര്‍ട്ടിയോടും നിര്‍ദ്ദേശിച്ചു.

ഊര്‍മിള സനവര്‍ വീഡിയോകള്‍ പുറത്തുവിട്ടതിന് പിന്നാലെ ഹരിദ്വാറിലും ഡെറാഡൂണിലും ഇവര്‍ക്കെതിരെ ഒന്നിലധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഗൗതം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെറാഡൂണിലെ ദലന്‍വാല പോലീസ് സ്റ്റേഷനിലാണ് ഏറ്റവും ഒടുവിലായി കേസ് എടുത്തിരിക്കുന്നത്.

എന്താണ് അങ്കിത ഭണ്ഡാരി കേസ്?

ഋഷികേശിലെ വനാന്തര റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലിയില്‍ പ്രവേശിച്ച് ഇരുപതാം ദിവസം, 2022 സെപ്റ്റംബര്‍ 18-നാണ് 19 വയസ്സുകാരിയായ അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടത്. മുന്‍ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യയും അദ്ദേഹത്തിന്റെ രണ്ട് ജീവനക്കാരുമാണ് കൊലപാതകത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ 2025 മെയ് മാസത്തില്‍ മൂന്ന് പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അങ്കിതയെ കാണാതായി ആറ് ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെടുക്കാനായത്.

സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ അന്വേഷണത്തില്‍, റിസോര്‍ട്ടിലെത്തുന്ന അതിഥികള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ അങ്കിതയെ പ്രതികള്‍ നിരന്തരം നിര്‍ബന്ധിച്ചിരുന്നതായി കണ്ടെത്തി. ഇത്തരം അനാശാസ്യ പ്രവര്‍ത്തനങ്ങളെ അങ്കിത ശക്തമായി എതിര്‍ത്തതാണ് കൊലപാതകത്തിലേക്ക് നയിച്ച പ്രധാന കാരണമെന്ന് എസ്ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അങ്കിത കൊല്ലപ്പെട്ട ദിവസം റിസോര്‍ട്ടില്‍ ഒരു വിഐപി ഉണ്ടായിരുന്നുവെന്ന അവകാശവാദങ്ങള്‍ കേസന്വേഷണത്തിന്റെ തുടക്കം മുതല്‍ തന്നെ ശക്തമായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച തെളിവുകള്‍ ലഭിച്ചില്ലെന്നായിരുന്നു എസ്‌ഐടി വ്യക്തമാക്കിയത്.

അങ്കിത ഭണ്ഡാരി കേസിലെ ‘വിഐപി ബന്ധം’ കേന്ദ്ര ഏജന്‍സിയായ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലും എത്തിയിരുന്നു. എന്നാല്‍, 2025 മാര്‍ച്ചില്‍ ഈ ഹര്‍ജി (സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍) സുപ്രീം കോടതി തീര്‍പ്പാക്കി. കേസില്‍ നിലവില്‍ വിചാരണ പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഈ ഹര്‍ജി തുടര്‍ന്നു കൊണ്ടുപോകേണ്ടതില്ലെന്ന് നിരീക്ഷിച്ചാണ് കോടതി നടപടികള്‍ അവസാനിപ്പിച്ചത്.

ഊര്‍മിള സനവറിന്റെ ആരോപണങ്ങള്‍

‘ഗട്ടു’ എന്ന് വിളിക്കപ്പെടുന്ന നേതാവിന് ‘അധിക സേവനങ്ങള്‍’ നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് അങ്കിത ഭണ്ഡാരി കൊല്ലപ്പെട്ടതെന്ന ഗുരുതരമായ ആരോപണമാണ് സനവര്‍ തന്റെ വീഡിയോയിലൂടെ ആദ്യമായി ഉന്നയിച്ചത്. പിന്നീട്, താനും സുരേഷ് റാത്തോഡും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സനവര്‍ പുറത്തുവിട്ടു. ഉത്തരാഖണ്ഡിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതമിന് അങ്കിത ഭണ്ഡാരി കൊലപാതക കേസുമായി ബന്ധമുണ്ടെന്ന് റാത്തോഡ് ഈ സംഭാഷണത്തില്‍ ആരോപിക്കുന്നുണ്ട്.

തുടര്‍ന്ന് വാര്‍ത്താസമ്മേളനം വിളിച്ച സുരേഷ് റാത്തോഡ്, ഊര്‍മിള സനവര്‍ ബിജെപിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പുറത്തുവന്ന ഓഡിയോ ക്ലിപ്പ് എഐ ഉപയോഗിച്ച് വ്യാജമായി നിര്‍മ്മിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഭവത്തില്‍ ഐടി ആക്ട് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം സനവറിനും റാത്തോഡിനുമെതിരെ ഹരിദ്വാറിലും ഡെറാഡൂണിലുമായി രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തുടര്‍ന്ന് അങ്കിത കൊലക്കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ശക്തമാക്കി. കൂടാതെ, കേസില്‍ എസ്‌ഐടി നടത്തിയ കണ്ടെത്തലുകളില്‍ നിരവധി പോരായ്മകള്‍ ഉണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. അങ്കിതയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ, തെളിവുകള്‍ നശിപ്പിക്കാനായി പ്രാദേശിക ബിജെപി എംഎല്‍എ രേണു ബിഷ്ടിന്റെ നിര്‍ദ്ദേശപ്രകാരം റിസോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കിയതായും കോണ്‍ഗ്രസ് ആരോപിച്ചു.

Content Summary: Ankita Bhandari case; new revelations leave Uttarakhand BJP under pressure

Leave a Reply

Your email address will not be published. Required fields are marked *

×