June 26, 2026 |
Share on

പുതിയ ഹംഗറി, പുതിയ ആവേശം; വൈറല്‍ ഡാന്‍സുമായി നിയുക്ത ആരോഗ്യമന്ത്രിയും

രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളായി പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ തിരിച്ചെത്തി, യൂറോപ്യന്‍ ഗാനമായ ‘ഓഡ് ടു ജോയ്’ മുഴങ്ങി

വിക്ടര്‍ ഓര്‍ബന്റെ 16 വര്‍ഷത്തെ ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് പീറ്റര്‍ മഗ്യാര്‍ ഹംഗറിയുടെ ഭരണാധികാരിയായി ചുമതലയേറ്റ ചടങ്ങ് പ്രതീകാത്മകമായ ഒട്ടേറെ നിമിഷങ്ങള്‍ കൊണ്ട് ശ്രദ്ധേയമായി. ശനിയാഴ്ചത്തെ ദിവസം മുഴുവന്‍ നീണ്ടുനിന്ന പരിപാടികളില്‍, പാര്‍ലമെന്റില്‍ യൂറോപ്യന്‍ യൂണിയന്‍ പതാകകള്‍ തിരിച്ചെത്തിയതും യൂറോപ്യന്‍ ഗാനമായ ‘ഓഡ് ടു ജോയ്’ മുഴങ്ങിക്കേട്ടതും പുതിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകളായി. എന്നാല്‍, ഹംഗറിയുടെ പുതിയ രാഷ്ട്രീയ യുഗത്തിന്റെ ഏറ്റവും ശക്തമായ പ്രതീകമായി മാറിയത് പുതിയ ആരോഗ്യ മന്ത്രിയാകാന്‍ പോകുന്ന 56-കാരന്‍ ഡോ. സോള്‍ട്ട് ഹെഗഡ്യൂസും അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ചുവടുകളുമാണ്.

അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ ഓര്‍ത്തോപീഡിക് സര്‍ജനും യുകെയിലെ എന്‍എച്ച്എസില്‍ പത്തുവര്‍ഷത്തിലേറെ പ്രവൃത്തിപരിചയവുമുള്ള വ്യക്തിയുമാണ് ഹെഗഡ്യൂസ്. സ്ഥാനാരോഹണ ചടങ്ങിന് മുന്നോടിയായി അദ്ദേഹത്തിന്റെ ഫോണിലേക്ക് സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. ‘ഡോക്ടര്‍ ഹെഗഡ്യൂസ്, നിങ്ങളല്ലേ ഈ ആഘോഷങ്ങള്‍ക്ക് തുടക്കമിടാന്‍ പോകുന്നത്? അവിടെ നൃത്തം ഉണ്ടാകില്ലേ?’ എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ തനിക്ക് ലഭിച്ചിരുന്നതായി അദ്ദേഹം ഗാര്‍ഡിയനോട് പറഞ്ഞു. കഴിഞ്ഞ മാസം പീറ്റര്‍ മഗ്യാറിന്റെ ടിസ പാര്‍ട്ടി വന്‍ വിജയം നേടിയപ്പോള്‍ ഹെഗഡ്യൂസ് നടത്തിയ സ്വാഭാവികമായ നൃത്തം സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു. ആ ആവേശം വീണ്ടും കാണാന്‍ രാജ്യം മുഴുവന്‍ കാത്തിരിക്കുകയായിരുന്നു.

ശനിയാഴ്ചത്തെ ചടങ്ങില്‍ അത്തരമൊരു പ്രകടനം ആവര്‍ത്തിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. തന്റെ മുന്‍പത്തെ നൃത്തം ആ നിമിഷത്തെ വികാരത്തള്ളിച്ചയില്‍ സംഭവിച്ചുപോയ ഒന്നാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. എന്നാല്‍ പതിനായിരക്കണക്കിന് ആളുകള്‍ പാര്‍ലമെന്റിന് മുന്നില്‍ തടിച്ചുകൂടുകയും സംഗീതം ഉയരുകയും ചെയ്തതോടെ അദ്ദേഹത്തിന് നിയന്ത്രിക്കാനായില്ല. ‘സംഗീതം തുടങ്ങിയപ്പോള്‍… ആളുകള്‍ എത്ര ആകാംക്ഷയോടെയാണ് ഇതിനായി കാത്തിരിക്കുന്നതെന്ന് എനിക്ക് കാണാമായിരുന്നു. ജനങ്ങളെ നിരാശരാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,’ ഹെഗഡ്യൂസ് പറഞ്ഞു.

എയര്‍ ഗിറ്റാര്‍ വായിക്കുന്നതുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ ഉന്മേഷം നിറഞ്ഞ നൃത്തചലനങ്ങള്‍ വീണ്ടും വൈറലായി. ഒരു റോക്ക് താരത്തിന് ലഭിക്കുന്ന സ്വീകാര്യതയാണ് തനിക്ക് ലഭിക്കുന്നതെന്ന് അദ്ദേഹം വികാരാധീനനായി പറഞ്ഞു. ‘ഞാന്‍ ഇപ്പോഴും ആ വൈകാരികമായ നിമിഷങ്ങളില്‍ നിന്ന് മുക്തനായിട്ടില്ല. ആളുകളില്‍ നിന്ന് എനിക്ക് ലഭിച്ച സ്‌നേഹവും സ്വീകരണവും അവിശ്വസനീയമാണ്; ഒരു റോക്ക് സ്റ്റാറിനെപ്പോലെയാണ് അവര്‍ എന്നെ ആഘോഷിച്ചത്,’ അദ്ദേഹം കൂട്ടിചേര്‍ത്തു.

തകര്‍ന്നു കിടക്കുന്ന ഹംഗറിയുടെ ആരോഗ്യമേഖലയെ പുനര്‍നിര്‍മ്മിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. എങ്കിലും, ഈ ജനപ്രീതിയെ ക്രിയാത്മകമായി ഉപയോഗിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. ‘ഞാന്‍ പാര്‍ലമെന്റില്‍ നൃത്തം ചെയ്യാന്‍ പോകുന്നില്ല, പക്ഷേ ജനങ്ങളെ ആരോഗ്യകരമായ ജീവിതശൈലിയിലേക്കും മാനസിക ഉന്മേഷത്തിലേക്കും നയിക്കാന്‍ ഈ ജനപ്രീതി ഉപയോഗിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പുറത്തിറങ്ങുക, നൃത്തം ചെയ്യുക, ഒത്തുകൂടുക. ഗാഡ്ജെറ്റുകളില്‍ മാത്രം ഒതുങ്ങിക്കൂടാതെ ജീവിതത്തിലെ ഓരോ നിമിഷവും ആസ്വദിക്കുക,’ അദ്ദേഹം ഉപദേശിച്ചു. പണ്ട് ഹംഗറിയില്‍ സജീവമായിരുന്ന ‘താന്‍ചാസ്’ എന്ന സാമൂഹിക നൃത്തശാലകള്‍ തിരികെ കൊണ്ടുവരേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു.

ഹംഗറിയിലെ ജനങ്ങളുടെ ചുമലില്‍ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയാണ് ഈ മാറ്റമെന്ന് ഹെഗഡ്യൂസ് നിരീക്ഷിച്ചു. വിക്ടര്‍ ഓര്‍ബന്റെ കാലത്ത് നഗരങ്ങളിലാകെ നിറഞ്ഞുനിന്നിരുന്ന വിദ്വേഷ പ്രചാരണ പോസ്റ്ററുകളും യുദ്ധഭീതി പരത്തുന്ന പരസ്യപ്പലകകളും നീക്കം ചെയ്യപ്പെട്ടു തുടങ്ങിയത് ഇതിന്റെ അടയാളമാണ്. ‘ഇനി ജനങ്ങള്‍ക്ക് ജോലിക്ക് പോകുമ്പോള്‍ ആ വിദ്വേഷ പ്രചാരണങ്ങളും യുദ്ധ പോസ്റ്ററുകളും കണ്ട് നടക്കേണ്ടി വരില്ല. മാനസികാരോഗ്യത്തെ ബാധിച്ചിരുന്ന ആ ദൃശ്യ മലിനീകരണത്തില്‍ നിന്നും വിദ്വേഷത്തില്‍ നിന്നും ഇപ്പോള്‍ മോചനം ലഭിച്ചിരിക്കുന്നു. ഇത് ശുദ്ധവായു ശ്വസിക്കുന്നത് പോലെയാണ്,’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.

Content Summary; Hungary’s new political era as Péter Magyar takes office, while health minister-designate Zsolt Hegedűs’s viral dance.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×