June 04, 2026 |
Share on

എ ഐ ക്ലൈമാക്‌സുമായി, ധനുഷ് ചിത്രം റീ-റിലീസിന് ; എതിര്‍പ്പുമായി സംവിധായകന്‍

12 വർഷങ്ങൾക്ക് ശേഷം ഓഗസ്റ്റ് 1ന് ചിത്രം റീ റിലീസ് ചെയ്യുന്നത്

ഏറെ പ്രേക്ഷകപ്രീതി നേടിയെടുത്ത ചിത്രമായിരുന്നു ധനുഷിനെ നായകനാക്കി ആനന്ദ് എൽ റായ് സംവിധാനം ചെയ്ത ‘രാഞ്ജന’. ധനുഷിന്റെ ആദ്യ ഹിന്ദി ചിത്രമെന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു രാഞ്ജനയ്ക്ക്. വർഷങ്ങൾക്കിപ്പുറം ചിത്രം റീ റിലീസിനൊരുങ്ങുന്നു എന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എഐയുടെ സഹായത്തോടെ പുത്തൻ ക്ലൈമാക്സുമായാണ് സിനിമ റീ റിലീസിന് എത്തുന്നത്. ചിത്രത്തിന്റെ തമിഴ് പതിപ്പായ ‘അംബികാപതി’യാണ് റീ റിലീസിന് ഒരുങ്ങുന്നത്.

ഭരണസമിതി സംഘടിപ്പിച്ച ഒരു പൊതു റാലിയിൽ വച്ച് ധനുഷ് അവതരിപ്പിക്കുന്ന കുന്ദൻ എന്ന കഥാപാത്രം വെടിയേറ്റ് മരിക്കുന്നതാണ് ചിത്രത്തിന്റെ അവസാനം. ധനുഷിന്റെ പ്രണയിനിയായ സോയയെ അവതരിപ്പിക്കുന്ന സോനം കപൂറിന് ഗൂഢാലോചനയെക്കുറിച്ച് അറിയാം. കുന്ദനും അങ്ങനെ തന്നെ, പക്ഷേ സോയയോടുള്ള സ്നേഹം നിമിത്തം ധനുഷ് സ്വയം മരണം ഏറ്റുവാങ്ങുകയാണ് ചിത്രത്തിന്റെ അന്ത്യത്തിൽ.

ഇപ്പോളിതാ 12 വർഷങ്ങൾക്ക് ശേഷം, ഓഗസ്റ്റ് 1ന് രാഞ്ജന വീണ്ടും തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്. അതും എഐ സാങ്കേതിവിദ്യ ഉപയോ​ഗിച്ച് കൊണ്ട് ഏറെ പ്രേക്ഷക പ്രീതി നേടിയ വൈകാരികമായ ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റം വരുത്തിക്കൊണ്ട്. ഈ തീരുമാനത്തോട് പൂർണ്ണ എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ടാണ് ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ റായി രം​ഗത്ത് വന്നിരിക്കുന്നത്. തന്നോട് അനുവാ​ദം വാങ്ങുകയോ കൂടിയാലോചിക്കുകയോ ചെയ്യാതെയാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നതെന്നാണ് കളർ യെല്ലോ പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രം സംവിധാനവും സഹനിർമ്മാണവും പൂർത്തിയാക്കിയ ആനന്ദ് എൽ റായി ഇപ്പോൾ വ്യക്തമാക്കുന്നത്. ഈ തീരുമാനത്തിനായി സ്റ്റുഡിയോ ഇറോസ് ഇന്റർനാഷണൽ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ആനന്ദ് എൽ റായി പറയുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിൽ നടത്തിയ ഒരു അറിയിപ്പിലൂടെയാണ് ഞാൻ ഇക്കാര്യം അറിഞ്ഞത്. എന്തിനാണ് ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റുന്നതെന്ന് ചോദിച്ച് ആളുകൾ എനിക്ക് മെസ്സേജ് അയച്ചു തുടങ്ങിയിരുന്നു. എനിക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാൻ കഴിയുന്നില്ലെന്ന് ആനന്ദ് എൽ റായി മാധ്യമങ്ങളോട് പറഞ്ഞു. ഈ തീരുമാനത്തിൽ തന്റെ എതിർപ്പ് അറിയിച്ച് കൊണ്ട് ആനന്ദ് എൽ റായി ഇറോസ് ഇന്റർനാഷണലിനെ സമീപിച്ചിരുന്നു. എന്നാൽ തന്റെ ആവശ്യം പരി​ഗണിക്കാനോ ഉത്തരം നൽകാനോ ഇറോസ് ഇന്റർനാഷണൽ തയ്യാറായില്ലെന്നാണ് ആനന്ദ് എൽ റായി പറഞ്ഞു. അതോടെ എഐ സംവിധാനം ഉപയോ​ഗിച്ച് മാറ്റം വരുത്തിയ ചിത്രത്തിൽ നിന്ന് തന്റെ പേര് മാറ്റണമെന്ന ആവശ്യമുയർത്തി കൊണ്ടാണ് ആനന്ദ് എൽ റായി രം​ഗത്തുവന്നിരിക്കുന്നത്.

എഐ ഉപയോ​ഗിച്ച് മാറ്റം വരുത്തിയ ക്ലൈമാക്സിൽ ചിലപ്പോൾ കുന്ദൻ അതിജീവിച്ചേക്കാം. സിനിമയുടെ ശബ്ദം ശരിയ്ക്കുമുള്ളത് ആ അവസാന രം​ഗത്തിലാണ് ഇതോടെ ആ സത്തയാണ് നഷ്ടപ്പെടാൻ പോകുന്നത്. കോടികൾ സമ്പാദിക്കാൻ വേണ്ടി, ഒരു എഴുത്തുകാരന്റെയും സംവിധായകന്റെയും നടന്റെയും സൃഷ്ടികളിൽ സ്റ്റുഡിയോകൾ കൃത്രിമം കാണിക്കുകയാണ്. ചിത്രത്തിന്റെ മാറ്റം വരുത്തിയ പുതിയ പ്രിന്റ് തമിഴ്‌നാട്ടിലെ വിതരണക്കാരായ അപ്‌സ്വിംഗ് എന്റർടൈൻമെന്റിനാണ് ഇറോസ് ഇന്റർനാഷണൽ വിറ്റത്. തങ്ങളുടെ നേട്ടത്തിനായി അവർ സ്വീകരിച്ച ഈ മാർ​ഗത്തിന്റെ പരിണിതഫലം ഇറോസ് ഇന്റർനാഷണൽ തിരിച്ചറിയാൻ പോകുന്നതേയുള്ളൂ. അഭിനേതാക്കളെ ഉപയോ​ഗിക്കാതെ എഐ ഉപയോ​ഗിച്ച് മാത്രം ചിത്രം നി‌‍ർമ്മിക്കുന്ന ഒരു കാലഘട്ടമാണ് അവർ ലക്ഷ്യം വയ്ക്കുന്നതെന്നും ആനന്ദ് എൽ റായി പറയുന്നു. താൻ സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും മറിച്ച് അതിന്റെ ദുരുപയോഗത്തിന് എതിരാണെന്നും കൂടി സംവിധായകൻ വ്യക്തമാക്കുന്നു.

content summary: AI-generated climax revealed during Dhanush film re-release, prompting concerns from the director

Leave a Reply

Your email address will not be published. Required fields are marked *

×