June 26, 2026 |
Share on

വീഡിയോ ഗെയിമും വൈറല്‍ മീമുകളും; യുദ്ധം വില്‍ക്കുന്ന ട്രംപ് ഭരണകൂടം

ഇറാന്‍ യുദ്ധം സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കി വൈറ്റ് ഹൗസ്

ഇന്ത്യയടക്കം പശ്ചിമേഷ്യന്‍ സംഘര്‍ത്തിന്റെ ദുരിതം പേറുമ്പോള്‍, അമേരിക്ക തുടങ്ങിവച്ച ഈ യുദ്ധം അവര്‍ വില്‍പ്പനയ്ക്ക്് വച്ചിരിക്കുകയാണ്. ഇറാനെതിരെയുള്ള തങ്ങളുടെ സൈനിക നീക്കമായ ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’യെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി ഒരു ആക്ഷന്‍ സിനിമ പോലെ അവതരിപ്പിക്കുകയാണ് വൈറ്റ് ഹൗസ്. ടിക് ടോക്, എക്‌സ് എന്നീ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവെക്കുന്ന ഈ വീഡിയോകള്‍ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. എന്നാല്‍ ഗൗരവകരമായ ഒരു യുദ്ധത്തെ ‘വീഡിയോ ഗെയിം പോലെ അവതരിപ്പിക്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്.

യുദ്ധം ആരംഭിച്ചതിനുശേഷം വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ വന്ന നൂറിലധികം വീഡിയോകള്‍ പരിശോധിച്ച് ‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഇറാനെതിരേയുള്ള ആക്രമണം കേന്ദ്രീകരിച്ചുള്ളവയാണ്. യഥാര്‍ത്ഥ യുദ്ധരംഗങ്ങളെ വീഡിയോ ഗെയിമുകള്‍, കാര്‍ട്ടൂണുകള്‍, ആക്ഷന്‍ സിനിമകള്‍ എന്നിവയുമായി സംയോജിപ്പിച്ച്, അതിവേഗത്തിലുള്ള എഡിറ്റിംഗിലൂടെയാണ് ഈ വീഡിയോകള്‍ തയ്യാറാക്കിയിരിക്കുന്നത്.

യൂണിവേഴ്‌സിറ്റി ഓഫ് സതേണ്‍ കാലിഫോര്‍ണിയയിലെ കമ്മ്യൂണിക്കേഷന്‍സ് പ്രൊഫസറായ നിക്കോളാസ് ഈ പ്രവണതയെ ‘യുദ്ധത്തിന്റെ മീമിഫിക്കേഷന്‍’ എന്നാണ് കുറ്റപ്പെടുത്തിയത്. ചരിത്രപരമായി ഇത്തരം വിഷയങ്ങളില്‍ അമേരിക്കന്‍ ഭരണകൂടം പുലര്‍ത്താറുള്ള മിതത്വവും ഗൗരവവും ട്രംപ് ഭരണകൂടം ഇല്ലാതാക്കിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

വൈറ്റ് ഹൗസിന്റെ ഈ സോഷ്യല്‍ മീഡിയ തന്ത്രത്തിന് പിന്നില്‍ 20-കളിലും 30-കളിലും പ്രായമുള്ള 15 പേരടങ്ങുന്ന ഒരു യുവ സംഘമാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റിലാണ് വൈറ്റ് ഹൗസ് ഔദ്യോഗികമായി ടിക് ടോക് അക്കൗണ്ട് ആരംഭിച്ചത്. ടിക് ടോക് ടീമിനെ സംബന്ധിച്ചിടത്തോളം ‘ഒരു ആശയവും മോശമല്ല’ എന്നാണ് ഔദ്യോഗിക നിലപാട്.

യുദ്ധം പോലെ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയത്തെ ഇത്ര നിസ്സാരമായി കാണുന്നത് മനുഷ്യത്വമില്ലായ്മയാണെന്ന് പല കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. എന്നാല്‍, ഈ വീഡിയോകളെ വിമര്‍ശിക്കുന്നവര്‍ അമേരിക്കയുടെ ലക്ഷ്യങ്ങള്‍ക്ക് എതിരായി നില്‍ക്കുന്നവരാണെന്നാണ് വൈറ്റ് ഹൗസ് വക്താവ് ഇതിനോട് പ്രതികരിച്ചത്. യുവാക്കള്‍ക്കിടയില്‍ തങ്ങളുടെ സൈനിക നടപടികള്‍ക്ക് പ്രചാരണം നല്‍കുക എന്ന ലക്ഷ്യമാണ് ഈ ശൈലിക്ക് പിന്നിലെന്നാണ് സൂചന.

ഭരണകൂടത്തിന്റെ ഇത്തരം വിചിത്രമായ പി.ആര്‍ തന്ത്രങ്ങള്‍ ഭാവിയില്‍ നയതന്ത്ര ബന്ധങ്ങളെയും അന്താരാഷ്ട്ര പ്രതിച്ഛായയെയും എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.

Content Summary: White House is selling Operation Epic Fury on social media, Criticism against Trump Administration. Iran War

Leave a Reply

Your email address will not be published. Required fields are marked *

×