ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ വീഡിയോകള്‍ അടങ്ങിട്ടുള്ള പെയ്ഡ് പരസ്യങ്ങള്‍ പ്രചരിപ്പിക്കുന്നതായി ബി.ബി.സിയുടെ കണ്ടെത്തല്‍.
റിപ്പോര്‍ട്ട് പ്രകാരം, ‘റേപ്പ് വീഡിയോ’ (rape video), ‘ചൈല്‍ഡ് വീഡിയോ’ തുടങ്ങിയവ ഉള്‍പ്പെടുന്ന പരസ്യങ്ങളാണ് ഇന്‍സ്റ്റാഗ്രാം വഴി പ്രചരിക്കുന്നത്. ഈ പരസ്യങ്ങളില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഉപയോക്താക്കളെ ടെലിഗ്രാം ചാനലുകളിലേക്ക് റീഡയറക്ട് ചെയ്യും. വെറും 99 രൂപയ്ക്കാണ് ഇത്തരം നിയമവിരുദ്ധ ദൃശ്യങ്ങള്‍ ലഭ്യമാക്കുന്നത്.
പണം നല്‍കി ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് അവ പരിശോധിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ഇന്‍സ്റ്റാഗ്രാം ഓട്ടോമേറ്റഡ് മോഡറേഷന്‍ സംവിധാനങ്ങളാണ് ഇത്തരം പരസ്യങ്ങള്‍ക്ക് അനുമതി നല്‍കിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പരസ്യങ്ങങ്ങളെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍, ആ പോസ്റ്റ് തങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നില്ലെന്ന മറുപടിയാണ് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് ലഭിച്ചത്.
ഉപയോക്താക്കള്‍ ഇത്തരം കാര്യങ്ങള്‍ നേരിട്ട് തിരയാതെ തന്നെ അവരിലേക്ക് ഇത്തരത്തിലുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ എത്തിക്കുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി.
എന്നാല്‍, ഇത് സംബന്ധിച്ച് ഇന്‍സ്റ്റാഗ്രാമിന്റെ മാതൃകമ്പനിയായ മെറ്റയോട് പ്രതികരണം തേടിയതിന് പിന്നാലെ, ഇത്തരത്തിലുള്ള പരസ്യങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുകയും അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് കൂടുതല്‍ പരസ്യങ്ങള്‍ നീക്കം ചെയ്തതായും, യു.ആര്‍.എല്ലുകള്‍ ബ്ലോക്ക് ചെയ്യുകയും, മറ്റ് അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തതായിയും കമ്പനി വക്താക്കള്‍ അറിയിച്ചു.
വീഡിയോ കോളുകള്‍ വാഗ്ദാനം ചെയ്യുന്ന സ്ത്രീകളുടെ പരസ്യങ്ങളും വ്യക്തമായ ലൈംഗിക ഉള്ളടക്കങ്ങളും ഒപ്പം തന്നെ കുട്ടികളെ മുതിര്‍ന്നവര്‍ക്കൊപ്പം ലൈംഗിക ചുവയോടെ ചിത്രീകരിക്കുന്ന പരസ്യങ്ങളും ടെലിഗ്രാം ചാനലുകളിലേക്കുള്ള ലിങ്കുകളും പരസ്യങ്ങളുംകാണിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യന്‍ ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്കിടയില്‍ സമീപകാലത്തായി ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും ആശങ്കയുണര്‍ത്തുന്നതുമായ ഒരു വിഷയമാണിത്. വെറുമൊരു വിനോദ ഉപാധി എന്നതിനപ്പുറം, കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഉപയോഗിക്കുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ അശ്ലീല-ലൈംഗിക ചുവയുള്ള ഉള്ളടക്കങ്ങള്‍ വര്‍ദ്ധിച്ചുവരുന്നത് വലിയൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു.
ഉപയോക്താക്കള്‍ ബോധപൂര്‍വ്വം തിരഞ്ഞില്ലെങ്കില്‍ പോലും, ഇന്‍സ്റ്റാഗ്രാമിന്റെ ‘എക്‌സ്‌പ്ലോര്‍’ റീല്‍സ്’ ഫീഡുകളിലേക്ക് ലൈംഗിക ചുവയുള്ള ദൃശ്യങ്ങള്‍ അല്‍ഗോരിതം നിര്‍ദ്ദേശിക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. ബി.ബി.സി നടത്തിയ അന്വേഷണത്തിലും ഇത് വ്യക്തമായി തെളിഞ്ഞിരുന്നു. ഉപയോക്താക്കളെ പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ സമയം നിലനിര്‍ത്താനുള്ള ശ്രമത്തിനിടയില്‍ ഉള്ളടക്കത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ അല്‍ഗോരിതങ്ങള്‍ക്ക് സാധിക്കുന്നില്ല.
ദശലക്ഷക്കണക്കിന് പോസ്റ്റുകളും പരസ്യങ്ങളും ദിവസേന വരുന്നതിനാല്‍ ഇന്‍സ്റ്റാഗ്രാം പൂര്‍ണ്ണമായും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത മോഡറേഷന്‍ സംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, ഈ സംവിധാനങ്ങളെ തെറ്റായ വാക്കുകളോ പ്രയോഗങ്ങളോ ഉപയോഗിച്ച് മറികടക്കാന്‍ ഇത്തരക്കാര്‍ക്ക് എളുപ്പത്തില്‍ സാധിക്കുന്നു.
സാധാരണ പോസ്റ്റുകള്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെന്ന് അവകാശപ്പെടുമ്പോഴും, പണം നല്‍കി നല്‍കുന്ന പരസ്യങ്ങളിലൂടെ അശ്ലീല വെബ്‌സൈറ്റുകളിലേക്കും ടെലിഗ്രാം ചാനലുകളിലേക്കും ആളുകളെ ആകര്‍ഷിക്കുന്ന സംഘങ്ങള്‍ ഇന്ത്യയില്‍ സജീവമാണ്. കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ വരെ ഉള്‍പ്പെടുന്നു എന്നത് വിഷയത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു.
ഇന്ത്യയിലെ ഐടി നിയമങ്ങള്‍ (IT Act, 2000), പോക്സോ നിയമം എന്നിവ പ്രകാരം ഇത്തരം ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും സൂക്ഷിക്കുന്നതും കഠിനമായ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്.
Instagram ads in India found promoting child sexual abuse material: Report