മധുവിധുവിനായി മേഘാലയയിൽ എത്തിയ യുവ വ്യവസായി രാജാ രഘുവംശിയെ കൊലപ്പെടുത്തിയ കേസിൽ, യുവതിക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കൊലപാതകം നടന്നത് ഭാര്യയായ സോനം രഘുവംശിയുടെ മുന്നിൽ വെച്ചാണെന്നും, സോനവും അവരുടെ കാമുകൻ രാജ് കുശ്വാഹയും ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കൊലപാതകമെന്നും കിഴക്കൻ ഖാസി ഹിൽസ് പോലീസ് സമർപ്പിച്ച 790 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു. കൃത്യമായ പദ്ധതിയോടെയാണ് സോനവും ആൺസുഹൃത്തും ചേർന്ന് രഘുവംശിയെ കൊലപ്പെടുത്തുന്നത്.
ഇൻഡോറിൽ നിന്നുള്ള വ്യവസായിയായ രാജാ രഘുവംശിയെ, മേഘാലയയിലെ ഒരു റിസോർട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിൽ സോനത്തിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സോഹ്‌റ സബ് ഡിവിഷൻ കോടതിയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസിന് മുമ്പാകെയാണ് കുറ്റപത്രം സമർപ്പിച്ചത്.
അഞ്ച് പേർക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഉത്തർപ്രദേശിൽ നിന്നും മധ്യപ്രദേശിൽ നിന്നുമായി ജൂൺ 8, 9 തീയതികളിലായി സോനവും രാജ് കുശ്വാഹയും ഉൾപ്പെടെ അഞ്ച് പ്രതികളെ മേഘാലയ പോലീസ് അറസ്റ്റ് ചെയ്തു.
മധുവിധുവിൻ്റെ ഭാഗമായി യാത്ര ചെയ്യുന്നതിനിടെ മെയ് 23നാണ് ദമ്പതികളെ കാണാതായത്. തുടർന്ന് പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. കേസിൽ കാണാതായ ആളുകളെ കണ്ടെത്താനുള്ള അന്വേഷണമാണ് ആദ്യം നടന്നത്. പിന്നീട് സോഹ്‌റയിലെ വെയ് സാവ്‌ഡോങ് വെള്ളച്ചാട്ടത്തിന് താഴെയുള്ള കൊക്കയിൽ നിന്ന് രാജയുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തലയിൽ രണ്ട് മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ സോനവും രാജ് കുശ്വാഹയും ചേർന്നുള്ള ക്രിമിനൽ ഗൂഢാലോചനയാണെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് സോനം രാജ് കുശ്വാഹയുമായി ബന്ധത്തിലായിരുന്നു എന്ന് കണ്ടെത്തിയത്. സോനത്തിന്റെ സാന്നിധ്യത്തിൽ ആകാശ് സിംഗ് രാജ്‌പുത്ത്, വിശാൽ സിംഗ് ചൗഹാൻ, ആനന്ദ് കുർമി എന്നിവരാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് തങ്ങളുടെ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023, ഇന്ത്യൻ ജസ്റ്റിസ് കോഡ്, 2023 എന്നിവയിലെ 103(1), 238(a), 61(2) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
രഘുവംശിയെ കൊലപ്പെടുത്താൻ സോനവും ആൺസുഹൃത്തും മൂന്ന് കൊലയാളികളെ നിയമിക്കുകയായിരുന്നു. കൊലപാകതത്തിന് ശേഷം ഒളിവിൽ പോയ സോനത്തെ കൃത്യമായ പദ്ധതിയിലൂടെയാണ് പൊലീസ് പിടികൂടിയത്. വിവാഹം നടന്ന് ഏതാനും ദിവസങ്ങൾക്ക് ശേഷം തന്നെ കൊലപാതകത്തിനായുള്ള പദ്ധതി പ്രതികൾ ആവിഷ്കരിച്ചിരുന്നു. മെയ് 11നായിരുന്നു സോനത്തിന്റെയും രഘുവംശിയുടെയും വിവാഹം.
രഘുവംശിയെ കൊല്ലാൻ നിർദേശം നൽകിയത് സോനമാണെന്ന് പ്രതികൾ മൂവരും മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം, നാല് പ്രതികളും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് 11 കിലോമീറ്റർ അകലെ ഒത്തുകൂടി. തുടർന്ന് സോനം ഗുവാഹത്തിയിൽ നിന്ന് ട്രെയിനിൽ സ്വന്തം നാട്ടിലേക്ക് പോയി. മെയ് 25ന് അവർ ഇൻഡോറിൽ എത്തി സോനത്തിന് താമസിക്കാൻ വാടകയ്ക്ക് മുറി ഒരുക്കി കൊടുത്തത് രാജായിരുന്നു. പിന്നീട് രാജാണ് സോനത്തെ ഉത്തർപ്രദേശിലേക്ക് കൊണ്ടുപോകാൻ കാർ ഏർപ്പാട് ചെയ്തതെന്നും വൃത്തങ്ങൾ പറഞ്ഞു. ജൂൺ 8ന് രാത്രി ഗാസിപൂരിൽ വച്ചാണ് സോനം കീഴടങ്ങുന്നത്. 120 അംഗങ്ങളുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയത്.
content summary: Raja was murdered in front of Sonam, Chargesheet filed in Meghalaya honeymoon killing case