July 02, 2026 |
Share on

‘ആയിരം ഭര്‍ത്താക്കന്മാരെ വെക്കാന്‍ എനിക്കറിയാം’: ഭാര്യയുടെ പരിഹാസം പ്രകോപനം; ജീവപര്യന്തം ഏഴു വര്‍ഷമായി കുറച്ചു

ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യയെ കല്ലിനിടിച്ചാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്

ഭര്‍ത്താവിനെ ഭാര്യ പരിഹസിച്ചുവെന്നത് ശിക്ഷ കുറച്ചു കൊടുക്കാനുള്ള കാരണമാക്കി മധ്യപ്രദേശ് ഹൈക്കോടതി. ഇത് അനുഗ്രഹമായത് സ്വന്തം ഭാര്യയെ കൊന്ന ഭര്‍ത്താവിനും! ‘നിന്നെപ്പോലെ ആയിരം ഭര്‍ത്താക്കന്മാരെ വെക്കാന്‍ എനിക്കറിയാം’ എന്നുള്ള ഭാര്യയുടെ പരിഹാസം പുരുഷന്റെ അന്തസ്സിനും മൂല്യത്തിനും മേലുള്ള പരോക്ഷമായ ആക്രമണമാണെന്നാണ് മധ്യപ്രദേശ് ഹൈക്കോടതി നിരീക്ഷിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഏഴു വര്‍ഷത്തെ കഠിനതടവായി കുറച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിര്‍ണ്ണായക നിരീക്ഷണം. ജസ്റ്റിസുമാരായ വിവേക് അഗര്‍വാള്‍, അവനീന്ദ്ര കുമാര്‍ സിംഗ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഭാര്യയുടെ ഈ പരാമര്‍ശം ഒരാളുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്താന്‍ പോന്ന ‘ഗുരുതരവും പെട്ടെന്നുള്ളതുമായ പ്രകോപനത്തിന്’ കാരണമാകുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അതേസമയം, ഭാര്യയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് തന്നെയാണെന്ന വിചാരണക്കോടതിയുടെ കണ്ടെത്തല്‍ ഹൈക്കോടതി ശരിവെച്ചു.

തന്റെ ഭര്‍ത്താവിനെപ്പോലെ ആയിരം പേരെ വെക്കാന്‍ തനിക്ക് കഴിയുമെന്ന് ഒരു ഭാര്യ പറയുമ്പോള്‍, അത് ആ ഭര്‍ത്താവിന്റെ വിലയില്ലായ്മയെയാണ് പരോക്ഷമായി സൂചിപ്പിക്കുന്നതെന്നായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ കണ്ടെത്തല്‍. ഒരു മനുഷ്യനെന്ന നിലയിലോ ഭര്‍ത്താവെന്ന നിലയിലോ അവന് യാതൊരു വിലയുമില്ലെന്നാണ് ആ വാക്കിന്റെ അര്‍ത്ഥം. അതുകൊണ്ടുതന്നെ ഇതിനെ ഗുരുതരവും പെട്ടെന്നുള്ളതുമായ പ്രകോപനമായി കണക്കാക്കാമെന്ന് കോടതി വ്യക്തമാക്കി. 2021 ജൂലൈയില്‍ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ ഏഴ് മാസം ഗര്‍ഭിണിയായ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് ഈ കേസ് ഉണ്ടായത്. തര്‍ക്കത്തിനിടയില്‍ ഭാര്യ ഇത്തരമൊരു പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക വിവരം ഭര്‍ത്താവ് തന്നെയാണ് പോലീസിനെയും ഭാര്യയുടെ ബന്ധുക്കളെയും അറിയിച്ചതു. വാരിയെല്ലുകള്‍ക്കും നെഞ്ചെല്ലിനും ഉണ്ടായ ഒടിവുകള്‍ ഉള്‍പ്പെടെ ശരീരത്തിലേറ്റ മാരകമായ പരിക്കുകളാണ് മരണകാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു.

ഭാര്യയുടെ കൊലപാതകത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയെങ്കിലും, ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത് നടത്തിയ ഒന്നല്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവസ്ഥലത്ത് കിടന്നിരുന്ന കല്ലാണ് പ്രതി ആക്രമണത്തിനായി ഉപയോഗിച്ചത്. കൃത്യം നടത്തിയ ഉടന്‍ തന്നെ പ്രതി വിവരം പോലീസിനെയും യുവതിയുടെ വീട്ടുകാരെയും അറിയിക്കുകയും കുറ്റം മറച്ചുവെക്കാന്‍ യാതൊരു ശ്രമവും നടത്താതിരിക്കുകയും ചെയ്തു. ഒന്നിലധികം കല്ലുകള്‍ ഉപയോഗിച്ച് ക്രൂരമായി ആവര്‍ത്തിച്ച് മര്‍ദ്ദിച്ചുവെന്ന പ്രോസിക്യൂഷന്‍ വാദം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയ ഒരു കല്ല് മാത്രമാണ് സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. പുഴക്കരയിലുണ്ടായിരുന്ന മൂര്‍ച്ചയുള്ള കല്ലുകളില്‍ വീണും ചില പരിക്കുകള്‍ പറ്റിയിട്ടുണ്ടാകാമെന്നും കോടതി വിലയിരുത്തി.

കേസിന്റെ മൊത്തത്തിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, ഈ കുറ്റം കൊലപാതകമല്ലെങ്കിലും മനഃപൂര്‍വ്വമല്ലാത്ത നരഹത്യയുടെ പരിധിയില്‍ വരുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 304 പാര്‍ട്ട്-1 പ്രകാരമുള്ള കുറ്റമായി ഇതിനെ കാണാന്‍ കഴിയില്ലെന്നും, മറിച്ച് സെക്ഷന്‍ 304 പാര്‍ട്ട്-2 (പെട്ടെന്നുള്ള പ്രകോപനത്താലുള്ള നരഹത്യ) എന്ന വകുപ്പിലേക്ക് മാറ്റണമെന്നും കോടതി ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ഏഴു വര്‍ഷത്തെ കഠിനതടവായി കോടതി കുറച്ചത്. ഇതോടൊപ്പം 1,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും മധ്യപ്രദേശ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു.

The Madhya Pradesh High Court reduced a man’s life sentence to 7 years, ruling that his wife’s insulting remark constituted a ‘grave and sudden provocation’ that damaged his dignity.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×