June 26, 2026 |
Share on

‘വ്യാജ ഹിന്ദു ദൈവം’ യുഎസിലെ ഹനുമാൻ പ്രതിമക്കെതിരെ റിപ്പബ്ലിക്കൻ നേതാവ്

നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്

അമേരിക്കയിലെ ടെക്സാസിൽ 90 അടി ഉയരമുള്ള ഹനുമാൻ പ്രതിമയുടെ നിർമ്മാണത്തിനെതിരെ റിപ്പബ്ലിക്കൻ പാർട്ടി നേതാവിൻ്റെ വിവാദ പരാമർശം. അമേരിക്ക ഒരു ക്രിസ്ത്യൻ രാജ്യമാണെന്നും, ഹിന്ദു ദൈവത്തിന്റെ പ്രതിമ സ്ഥാപിക്കാൻ അനുവദിക്കരുതെന്നും ടെക്സാസ് റിപ്പബ്ലിക്കൻ നേതാവ് അലക്സാണ്ടർ ഡങ്കൻ എക്‌സിൽ കുറിച്ചു.

“ഒരു വ്യാജ ഹിന്ദു ദൈവത്തിന്റെ വ്യാജ പ്രതിമ ടെക്സാസിൽ സ്ഥാപിക്കാൻ നമ്മൾ എന്തിനാണ് അനുവദിക്കുന്നത്? നമ്മൾ ഒരു ക്രിസ്ത്യൻ രാഷ്ട്രമാണ്,” ഡങ്കൻ തൻ്റെ പോസ്റ്റിൽ എഴുതി. ടെക്സാസിലെ ഷുഗർ ലാൻഡിലുള്ള ശ്രീ അഷ്ടലക്ഷ്മി ക്ഷേത്രത്തിലെ ‘സ്റ്റാച്യു ഓഫ് യൂണിയൻ’ എന്നറിയപ്പെടുന്ന പ്രതിമയുടെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിരുന്നു.

സെനറ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ പാർട്ടി നേതാവായ ഡങ്കൻ, ബൈബിളിലെ പഴയ നിയമ ഭാഗങ്ങളും മറ്റൊരു പോസ്റ്റിൽ ഉദ്ധരിച്ചു. “ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്. ആകാശത്തിലോ ഭൂമിയിലോ കടലിലോ ഉള്ള ഒന്നിന്റെയും രൂപത്തിൽ ഒരു വിഗ്രഹം ഉണ്ടാക്കരുത്,” എന്ന പുറപ്പാട് പുസ്തകത്തിലെ വാക്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

ഡങ്കൻ്റെ പരാമർശങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനയെ “ഹിന്ദു വിരുദ്ധവും വിദ്വേഷജനകവുമാണ്” എന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (HAF) വിശേഷിപ്പിച്ചു. ടെക്സാസിലെ റിപ്പബ്ലിക്കൻ പാർട്ടിക്ക് അവർ ഔദ്യോഗികമായി പരാതി നൽകുകയും വിഷയത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

“ടെക്സാസ് റിപ്പബ്ലിക്കൻ പാർട്ടിയോട് ചോദിക്കട്ടെ, സ്വന്തം പാർട്ടിയുടെ വിവേചന വിരുദ്ധ മാർഗ്ഗനിർദ്ദേശങ്ങൾക്കെതിരെ പരസ്യമായി പ്രവർത്തിക്കുകയും, ഹിന്ദു വിരുദ്ധ വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്യുന്ന നിങ്ങളുടെ സ്ഥാനാർത്ഥിക്കെതിരെ അച്ചടക്ക നടപടി എടുക്കുമോ?” എന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ എക്‌സിൽ പോസ്റ്റ് ചെയ്തു.

അമേരിക്കൻ ഭരണഘടന എല്ലാ പൗരന്മാർക്കും ഏത് മതവും പിന്തുടരാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ടെന്ന് നിരവധി ആളുകൾ ഓർമ്മിപ്പിച്ചു. ജോർദാൻ ക്രോഡർ എന്ന ഒരു എക്‌സ് ഉപയോക്താവ്, “നിങ്ങൾ ഹിന്ദു അല്ലാത്തതുകൊണ്ട് മാത്രം അത് വ്യാജമാകില്ല. യേശു ജനിക്കുന്നതിന് 2000 വർഷം മുൻപ് എഴുതിയ വേദങ്ങൾ അസാധാരണമായ ഗ്രന്ഥങ്ങളാണ്. ക്രിസ്തുമതത്തിൽ വേദങ്ങളുടെ സ്വാധീനം വ്യക്തമാണ്. അതിനാൽ നിങ്ങളുടെ മതത്തിന് മുൻപേയുള്ള മതത്തെ ആദരിക്കുന്നതും അതിനെക്കുറിച്ച് ഗവേഷണം ചെയ്യുന്നതും ബുദ്ധിയായിരിക്കും,” എന്ന് കുറിച്ചു.

2024-ൽ അനാച്ഛാദനം ചെയ്ത ‘സ്റ്റാച്യു ഓഫ് യൂണിയൻ’ അമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ ഹിന്ദു സ്മാരകങ്ങളിൽ ഒന്നാണ്. ശ്രീ ചിന്ന ജീയാർ സ്വാമിജിയാണ് ഈ പ്രതിമയുടെ ആശയത്തിന് പിന്നിൽ. അമേരിക്കയിലെ മൂന്നാമത്തെ ഉയരം കൂടിയ പ്രതിമ കൂടിയാണിത്.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×