June 03, 2026 |
Share on

”ദൈവം നല്ലവന്‍” ഇറാനിയന്‍ മലനിരകളില്‍ നിന്ന് സന്ദേശം വന്നു, പിന്നാലെ സാഹസിക രക്ഷാദൗത്യം

100 മില്യണ്‍ ഡോളറിലധികം വിലയുള്ള രണ്ടു വിമാനങ്ങളാണ് ശത്രുവിന് കിട്ടാതിരിക്കാന്‍ അമേരിക്ക സ്വയം തകര്‍ത്തത്

ഇറാനിലെ അതിദുര്‍ഘടമായ മലനിരകളില്‍ തകര്‍ന്നു വീണ അമേരിക്കന്‍ യുദ്ധവിമാനത്തിലെ പൈലറ്റിനെ, രണ്ട് പകലും രാത്രിയും നീണ്ടുനിന്ന അതിസാഹസികമായ സൈനിക നീക്കത്തിലൂടെയായിരുന്നു യുഎസ് കമാന്‍ഡോകള്‍ രക്ഷപ്പെടുത്തിയത്. പരിക്കുകളോടെ ഏകനായി, ഇറാനിയന്‍ സൈന്യത്തിന്റെയും സായുധ സംഘങ്ങളുടെയും കണ്ണുവെട്ടിച്ച് ഒരു മലയിടുക്കില്‍ ഒളിച്ചു കഴിഞ്ഞിരുന്ന എയര്‍ഫോഴ്‌സ് കേണലിനെയാണ് നീണ്ട പരിശ്രമത്തിനൊടുവില്‍ അമേരിക്കന്‍ സേന രക്ഷപ്പെടുത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഇറാന്‍ വെടിവെച്ചിട്ട ‘ഡ്യൂഡ് 44’ എന്ന കോള്‍ സൈനുള്ള എഫ്-15ഇ സ്‌ട്രൈക്ക് ഈഗിള്‍ വിമാനത്തിലെ രണ്ട് ക്രൂ അംഗങ്ങളില്‍ ഒരാളായിരുന്നു ഇദ്ദേഹം. വിമാനം തകര്‍ന്ന ഉടന്‍ പൈലറ്റിനെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും, വെപ്പണ്‍സ് സിസ്റ്റംസ് ഓഫീസറായ രണ്ടാമത്തെ ഉദ്യോഗസ്ഥനെ കണ്ടെത്താനായിരുന്നില്ല. ഇദ്ദേഹത്തെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കുമെന്ന് ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ യുഎസ് പ്രതിരോധ വകുപ്പ് കടുത്ത ആശങ്കയിലായി. വിമാനത്തില്‍ നിന്ന് പാരച്യൂട്ടില്‍ രക്ഷപ്പെട്ട ഉദ്യോഗസ്ഥന്‍ ഒരു കുന്നിന്‍ മുകളില്‍ അഭയം പ്രാപിക്കുകയും അവിടെനിന്ന് റേഡിയോ സന്ദേശം അയക്കുകയുമായിരുന്നു. ‘ദൈവം നല്ലവനാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദേശം. ഇത് ശത്രുക്കളുടെ കെണിയാണോ എന്ന് വാഷിംഗ്ടണില്‍ ആദ്യം സംശയം ഉയര്‍ന്നെങ്കിലും പിന്നീട് അത് ഉദ്യോഗസ്ഥന്‍ തന്നെയാണെന്ന് പെന്റഗണ്‍ സ്ഥിരീകരിച്ചു.

രക്ഷാദൗത്യത്തിന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉടന്‍ തന്നെ അനുമതി നല്‍കി. ‘നമുക്ക് അവനെ തിരികെ കിട്ടണം’ എന്നായിരുന്നു ട്രംപിന്റെ കര്‍ശന നിര്‍ദ്ദേശം. നൂറോളം സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് സൈനികരും ഡസന്‍ കണക്കിന് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും ഈ ദൗത്യത്തില്‍ അണിനിരന്നു. ഇറാനിയന്‍ സൈന്യത്തെ വഴിതെറ്റിക്കാന്‍ സിഐഎ പ്രത്യേക തന്ത്രങ്ങള്‍ മെനഞ്ഞു. പൈലറ്റിനെ കരമാര്‍ഗ്ഗം ഇറാന് പുറത്തെത്തിച്ചു എന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാണ് സൈന്യം ഇറാനെ ആശയക്കുഴപ്പത്തിലാക്കിയത്.

ദൗത്യത്തിനിടെ പല പ്രതിസന്ധികളും സൈന്യത്തിന് നേരിടേണ്ടി വന്നു. പൈലറ്റിനെ രക്ഷിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടു; ഹെലികോപ്റ്ററുകള്‍ക്ക് നേരെ വെടിയുണ്ടകള്‍ പായുകയും സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൂടാതെ, ഇറാനിലെ താല്‍ക്കാലിക താവളത്തില്‍ ഇറങ്ങിയ രണ്ട് എംസി-130ജെ വിമാനങ്ങളുടെ ചക്രങ്ങള്‍ മണ്ണില്‍ താഴ്ന്ന് അവ പറന്നുയരാന്‍ കഴിയാത്ത അവസ്ഥയിലായി. ഏകദേശം 100 മില്യണ്‍ ഡോളറിലധികം വിലയുള്ള ഈ വിമാനങ്ങളും മറ്റ് ഹെലികോപ്റ്ററുകളും ഇറാന്‍ സൈന്യത്തിന് ലഭിക്കാതിരിക്കാന്‍, പൈലറ്റുമായി മടങ്ങുന്നതിന് മുന്‍പ് അമേരിക്കന്‍ സൈന്യം തന്നെ അവ സ്‌ഫോടനത്തിലൂടെ തകര്‍ത്തു.

ദൗത്യത്തിന് സുരക്ഷയൊരുക്കാന്‍ അമേരിക്കന്‍ ബി-1 ബോംബറുകള്‍ മലനിരകളില്‍ നൂറോളം അത്യാധുനിക ബോംബുകള്‍ വര്‍ഷിച്ചു. ഈ നീക്കത്തില്‍ ഇസ്രയേലും അമേരിക്കയുമായി രഹസ്യാന്വേഷണ വിവരങ്ങള്‍ പങ്കുവെക്കുകയും സഹകരിക്കുകയും ചെയ്തു. ദൗത്യം വിജയകരമായതോടെ ‘ഞങ്ങള്‍ അവനെ തിരികെ എത്തിച്ചു!’ എന്ന് ട്രംപ് സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചു. ഈ വിജയത്തെ ഒരു ‘ഈസ്റ്റര്‍ അത്ഭുതം’ എന്നാണ് ഭരണകൂടം വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനു പിന്നാലെ ഇറാനെതിരെ ട്രംപ് വീണ്ടും കടുത്ത ഭാഷയില്‍ ഭീഷണി മുഴക്കി. ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നില്ലെങ്കില്‍ ഇറാന്റെ പാലങ്ങളും വൈദ്യുതി നിലയങ്ങളും തകര്‍ക്കുമെന്നും രാജ്യം തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇതിനിടെ, സിവിലിയന്‍ ലക്ഷ്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ അതിശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനും പ്രതികരിച്ചു.

Content Summary: The High Risk U.S. rescue mission to recover the airman missing from the jet downed by Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×