43 വർഷം മുൻപ് ഒരു ജൂൺ 25- നാണ് ആദ്യമായി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്മാരായത്. ലോകക്രിക്കറ്റിൻ്റെ സമവാക്യങ്ങൾ തന്നെ മാറ്റിയ ആ വിജയം ഇന്ത്യയിലെ പല മേഖലകളെയും സ്വാധീനിച്ചു. ഒരു കായിക രൂപം എന്നതിനപ്പുറം ക്രിക്കറ്റ്, പണം വരുന്ന ഒന്നായി മാറി. സിനിമാ ലോകത്തെ ഗ്ലാമർ താരങ്ങളെ ക്രിക്കറ്റ് താരങ്ങൾ കടത്തിവെട്ടി. ക്രീസിൽ നിന്ന് പരസ്യമോഡലുകളിലേക്കുള്ള ക്രിക്കറ്റ് കളിക്കാരുടെ പരിണാമം തുടങ്ങി. പ്രശസ്തി, ഗ്ലാമർ, സമ്പന്നത എന്നിവയുടെ പറുദീസയായി ഇന്ത്യൻ ക്രിക്കറ്റ് മാറി. ആധുനിക ലോകത്ത് ഐ. പി. എൽ എന്ന ക്രിക്കറ്റ് രൂപം വൻവിജയം നേടിയതോടെ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മേഖലയായി ഇന്ത്യ മാറി.1983- ലെ വെസ്‌റ്റ് ഇൻഡീസിനെതിരെയുള്ള ഫൈനൽ മത്സരത്തിലെ ചരിത്ര വിജയമായിരുന്നു അതിന് വഴിയൊരുക്കിയത്.

1983- ൽ ഇന്ത്യ ആദ്യമായി ക്രിക്കറ്റിലെ ലോക ചാമ്പ്യന്മാരായി കഴിഞ്ഞപ്പോൾ പ്രശസ്ത കമന്റേറ്ററായ ടോണി ലൂയിസ് ദി സൺഡേ ടെലിഗ്രാഫിൽ ഇന്ത്യയിൽ ഉയർന്ന പുതിയ ലോകത്തെ ഇങ്ങനെ നിർവചിച്ചു- “താരങ്ങളാണ് ഇന്ത്യക്ക് ലോകകപ്പ് നേടി കൊടുത്തത്. സന്ദീപ് പാട്ടീൽ ഒരു സിനിമ പൂർത്തിയാക്കി. കൂടുതൽ സിനിമകളിൽ അഭിനയിക്കാൻ ഒപ്പിട്ടു, സുനിൽ ഗവാസ്‌കർ ഒരു മറാത്തി സിനിമയിൽ അഭിനയിച്ചു. കപിൽ ദേവും റോജർ ബിന്നിയും സൈക്കിളുകളുടെ പരസ്യത്തിൽ അഭിനയിച്ചു, ഇന്ത്യയുടെ വിജയം ക്രിക്കറ്റിനെ ഇതിനു മുൻപില്ലാത്ത വിധത്തിൽ മാറ്റി മറിച്ചു.”

1983- ലെ ലോകകപ്പ് വിജയത്തിന്റെ ഓർമ്മകൾ അന്നത്തെ ടീമംഗമായ മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്ത് അനുസ്മരിച്ചു- “ഇന്ത്യൻ ക്രിക്കറ്റിനും പൊതുവെ ഇന്ത്യക്കാർക്കും ഒരു വഴിത്തിരിവായിരുന്നു ആ വിജയം.” 1983- ന്റെ തുടക്കത്തിൽ ഇന്ത്യക്ക് ഏകദിന ക്രിക്കറ്റിൽ നേട്ടങ്ങൾ കൈവരിക്കാൻ ഇനിയും ഒരുപാട് ദൂരം പോകാനുണ്ടായിരുന്നു. ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ ഏകദേശം ഒരു ദശാബ്ദത്തിനിടെ 40- ഓളം ഏകദിന മത്സരങ്ങൾ കളിച്ചിട്ടും, ശൈശവാവസ്ഥയിലായിരുന്ന ഏകദിന ശൈലിയുമായി പൊരുത്തപ്പെടാൻ ഇന്ത്യൻ ടീം പാടുപെട്ടു. ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരെയും ഇന്ത്യൻ കാണികളെയും ഇന്ത്യൻ ആരാധകരെയും സംബന്ധിച്ചിടത്തോളം അപ്പോഴും ടെസ്റ്റ് ക്രിക്കറ്റായിരുന്നു പ്രിയം.
ലോകകപ്പിനോടുള്ള ഇന്ത്യൻ ടീമിന്റെ നിസ്സംഗതമായ കാഴ്ചപ്പാടിനെക്കുറിച്ചുള്ള കഥകൾ ടീമിലെ അംഗങ്ങൾ തന്നെ പറഞ്ഞിട്ടുണ്ട്. 1983- ൽ അതുവരെ കളിച്ച 40 ഏകദിനങ്ങളിൽ 12 എണ്ണത്തിൽ മാത്രമേ ഇന്ത്യ വിജയിച്ചിരുന്നുള്ളൂ. അതിൽ ഏഴ് വിജയങ്ങൾ രാജ്യത്തിന് പുറത്തുനിന്നായിരുന്നു, പക്ഷേ ഇംഗ്ലണ്ടിൽ നിന്ന് മാത്രമാണ്. 1975- ലെ ആദ്യ ലോകകപ്പിൽ കിഴക്കൻ ആഫ്രിക്കക്കെതിരെയായിരുന്നു ആ ഏക വിജയം. ടീമിലെ പല അംഗങ്ങൾക്കും അത് യു. എസി ൽ അവധിക്കാലം ആഘോഷിക്കാനുള്ള ഒരു ഇടവേള മാത്രമായിരുന്നു, അവിടേക്ക് പറക്കാനായി അവരുടെ വിമാന ടിക്കറ്റുകൾ വരെ അതിനകം ബുക്ക് ചെയ്തിരുന്നു.
രണ്ടു ലോകകപ്പിലും കൂടി ഏറ്റവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ ഇന്ത്യയുടെ പ്രകടനം 1975- ലെ ലോകകപ്പിൽ സുനിൽ ഗവാസ്‌കറുടെ ബാറ്റിംഗ് ആയിരുന്നു. 1975- ജൂൺ 7- ന് ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അത്. 60 ഓവറിൽ 335 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടരുന്നതിനിടെ, ഗവാസ്‌കർ 174 പന്തിൽ നിന്ന് 36 റൺസ് നേടി പുറത്താകാതെ നിന്നു, ഇന്നിംഗ്‌സ് മുഴുവൻ ബാറ്റ് ചെയ്തു, ഇത് ഇന്ത്യയ്ക്ക് 202 റൺസിന്റെ തോൽവിക്ക് കാരണമായി. എകദിനക്രിക്കറ്റിലെ ഏറ്റവും വലിയ പരിഹാസമായി അത് പലപ്പോഴും ചർച്ച ചെയ്യപ്പെടുന്നതായി മാറി.
എന്നാൽ, പുതിയ മാറ്റത്തിൻ്റെ തുടക്കം ലോകകപ്പിന് മുൻപ് ഇന്ത്യയുടെ വെസ്‌റ്റ് ഇന്ത്യൻ പര്യടനത്തിൽ ബെർബിസിൽ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ നിന്നായിരുന്നു. പോർട്ട് ഓഫ് സ്പെയിനിൽ ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് 52 റൺസിന് ഇന്ത്യയെ അനായാസം തോൽപ്പിച്ചിരുന്നു. കപിലിൻ്റെ പുതിയ ഇന്ത്യൻ ടീമിന് അതൊരു മികച്ച തുടക്കമായിരുന്നു. ഗോർഡൻ ഗ്രീനിഡ്ജ്, ഡെസ്മണ്ട് ഹെയ്ൻസ്, വിവിയൻ റിച്ചാർഡ്സ്, ക്ലൈവ് ലോയ്ഡ്, ഫൗദ് ബാക്കസ്, ലാറി ഗോംസ്, ജെഫ് ഡുജോൺ തുടങ്ങിയ വെസ്‌റ്റ് ഇൻഡീസിൻ്റെ ബാറ്റ്സ്മാൻമാർ ലോകത്തിലെ ഏതൊരു ബൗളിംഗ് നിരയെയും അടിച്ച് തരിപ്പണമാക്കാൻ കഴിയുന്ന ഒരു നിരയായിരുന്നു. ആൻഡി റോബർട്ട്സ്, മൈക്കൽ ഹോൾഡിംഗ്, മാൽക്കം മാർഷൽ, ജോയൽ ഗാർണർ, വിൻസ്റ്റൺ ഡേവിസ് എന്നീ വെസ്റ്റ് ഇൻഡീസ് പേസ് ബൗളർമാർ വേഗതയിലും, പന്ത് ബൗൺസ് ചെയ്യിക്കുന്നതിലും ബാറ്റ്സ്മാരുടെ പേടിസ്വപ്നമായി അവരുടെ ഉറക്കം കെടുത്ത ബൗളിംഗ് നിരയായിരുന്നു.
ബെർബീസിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 47 ഓവറിൽ 282 റൺസെടുത്തു. ഏകദിന ക്രിക്കറ്റിനോട് വലിയ മതിപ്പില്ലാത്ത സുനിൽ ഗവാസ്കർ, വേഗതയേറിയ വെസ്റ്റ് ഇന്ത്യൻ ബൗളർമാരെ നേരിടുകയും മികച്ച സ്ട്രോക്കുകൾ കളിക്കുകയും ചെയ്തു. ഗവാസ്കർ 90 റൺസടിച്ചു. രവി ശാസ്ത്രി (30), മോഹിന്ദർ അമർനാഥ് (30) എന്നിവർ റൺസ് വീതം നേടി. എന്നാൽ പിന്നാലെ വന്ന ക്യാപ്റ്റൻ കപിൽ ദേവ് കൊടുങ്കാറ്റായി 38 പന്തിൽ നിന്നും 7 ഫോറും 3 സിക്സും അടിച്ച് 72 റൺസ് നേടി.

യശ്പാൽ ശർമ്മ (26 പന്തിൽ 23), ദിലീപ് വെങ്‌സർക്കാർ (19 പന്തിൽ 18) എന്നിവർ അവസാന ഓവറുകളിൽ മികച്ച പ്രകടനം കാഴ്ചവച്ചു, ഇന്ത്യ 47 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 282 റൺസ് നേടി. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറും വെസ്റ്റ് ഇൻഡീസിനെതിരെ ഒരു
ടീം നേടുന്ന ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറുമാണിത്, പെട്ടെന്ന് ഇന്ത്യയുടെ പോരാട്ടവീര്യം വർദ്ധിച്ചതായി കാണപ്പെട്ടു. മറുപടിയായി വെസ്റ്റ് ഇൻഡീസിനെ 255- ന് 9 എന്ന നിലയിൽ കപിലും കൂട്ടരും ഒതുക്കി. മത്സരം ഇന്ത്യ 27 റൺസിന് ജയിച്ചു. റിച്ചാർഡ്സ്, ഫൗദ് ബാക്കസ്സ്, വിക്കറ്റ് കീപ്പർ ജെഫ് ജോൺ എന്നിവരുടെ അർദ്ധ സെഞ്ചറി നേടിയതൊക്കെ വിഫലമായി. കപിൽ രണ്ടു വിക്കറ്റും നേടി. കളിയിലെ കേമനായി. വെസ്‌റ്റ് ഇൻഡീസിനെതിരെ ഇന്ത്യയുടെ ആദ്യ വിജയവും അവരുടെ നാട്ടിൽ വെച്ച് നേടിയ ഒരു തകർപ്പൻ വിജയവുമായിരുന്നു അത്.
കപിൽ ദേവിന്, ബെർബീസിലെ മത്സരത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നന്നായി അറിയാമായിരുന്നു. “ആ വെയിൽ നിറഞ്ഞ ദിവസം ഞങ്ങൾ ധാരാളം പാഠങ്ങൾ പഠിച്ചു, ഞങ്ങളുടെ ആത്മവിശ്വാസം വളർന്നു തുടങ്ങി.” -കപിൽ തന്റെ ആത്മകഥയായ ‘സ്ട്രെയിറ്റ് ഫ്രം ദി ഹാർട്ടി’ൽ എഴുതി. ഒരു ടീം എന്ന നിലയിൽ കളിക്കാർക്ക് ഒരുമിച്ച് ഏത് ഭാരവും താങ്ങാൻ കഴിയുമെന്ന് പലരെയും ബോധ്യപ്പെടുത്താൻ ബെർബീസ് വിജയം സഹായിച്ചു. കപിലിന്റെ ആത്മവിശ്വാസം ടീമിലെ മറ്റ് അംഗങ്ങളെയും ഉത്തേജിപ്പിച്ചു. “തിരിഞ്ഞുനോക്കുമ്പോൾ, ലോകകപ്പ് ആരംഭിക്കുന്നതിന് മുമ്പ് കപിൽ ദേവ് ടീമുമായി നടത്തിയ സംഭാഷണം എനിക്ക് വ്യക്തമായി ഓർമ്മിക്കാൻ കഴിയും”- മുൻ ഇന്ത്യൻ ഓപ്പണർ ക്രിസ് ശ്രീകാന്ത് എഴുതി. “വെസ്റ്റ് ഇൻഡീസിനെ തോൽപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം ഞങ്ങളെ ഉറച്ചുവിശ്വസിപ്പിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവരുമായി കളിച്ച മത്സരം ഞങ്ങൾ ജയിച്ചിരുന്നു.”

ഒരിക്കൽ നമുക്ക് അത് ചെയ്യാൻ കഴിയുമെങ്കിൽ, പിന്നീട് എന്തുകൊണ്ട് കഴിയില്ല? എന്ന് കപിൽ ഞങ്ങളോട് ചോദിച്ചു.” ഓൾഡ് ട്രാഫോർഡിൽ ലോകകപ്പ് ഹാട്രിക്കിന് എത്തിയ വെസ്റ്റ് ഇൻഡീസിനെ ആദ്യ മത്സരത്തിൽ തന്നെ പരാജയപ്പെടുത്തി ഇന്ത്യ മറക്കാനാവാത്ത ഒരു ജൈത്രയാത്രക്ക് തുടക്കമിട്ടപ്പോൾ ആ വിശ്വാസം വളർന്നു. ടൂർണമെന്റിന്റെ തുടക്കത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെ 34 റൺസിന് പരാജയപ്പെടുത്തി, പക്ഷേ വിൻഡീസ് പൊരുതിയാണ് തോറ്റത്. 9 വിക്കറ്റിന് 157 എന്ന നിലയിലേക്ക് വീണതിന് ശേഷം അവർ 228 റൺസ് നേടി. ഗയാനയുടെ വിജയം ഒരു അപ്രതീക്ഷിത സംഭവമല്ലെന്ന് ഇന്ത്യ തെളിയിച്ചു. പക്ഷേ അടുത്ത മത്സരത്തിൽ ഓവലിൽ വിൻഡീസ് വിവ് റിച്ചാർഡ്‌സിന്റെ 119 റൺസിന്റെ പിൻബലത്തിൽ 282 റൺസ് നേടി. അമർനാഥിന്റെ 80 റൺസും കപിൽ ദേവിന്റെ 36 റൺസും ജയത്തിന് സഹായിച്ചില്ല, ഇന്ത്യ തോറ്റു.
1983 ജൂൺ 25 ന് ഫൈനൽ ദിവസം രാവിലെ ലണ്ടനിലെ ദി ടൈംസിൽ വന്ന തലക്കെട്ട് ഇന്ത്യയോടുള്ള മനോഭാവം വിശദീകരിച്ചു. ‘No Place in the Sun for the Princely, Underdog Willow-Wallahs of India’. അതായത് ദുർബലരായ ഇന്ത്യ ജയിക്കുന്നത് ഇംഗ്ലീഷുകാരും ദി ടൈംസും ഇഷ്‌ടപ്പെടുന്നില്ല.
തൻ്റെ മൂന്നാം ലോകകപ്പ് ഹാട്രിക്ക് വിജയത്തിനൊരുങ്ങുകയായിരുന്നു വെസ്റ്റ് ഇൻഡീസ് നായകൻ ക്ലൈവ് ലോയ്ഡ്. ഇന്ത്യയോട് ആദ്യം ബാറ്റ് ചെയ്യാൻ ലോയ്ഡ് ആവശ്യപ്പെടുമ്പോൾ ഇന്ത്യക്ക് ഒരു തരത്തിലുള്ള സമ്മർദ്ദവുമുണ്ടായിരുന്നില്ല. ഫൈനൽ വരെ ഇന്ത്യ പോരാടി എന്നത് തന്നെ വലിയ കാര്യം എന്ന മനോഭാവത്തിലായിരുന്നു ഇന്ത്യൻ ടീം. റോജർ ബിന്നി, മദൻ ലാൽ, മൊഹീന്ദർ അമർനാഥ്, കീർത്തി ആസാദ്, കപിൽ ദേവ് എന്നിങ്ങനെ നിരവധി ഓൾറൗണ്ടർമാരുടെ പിൻബലത്തിൽ, ക്രിക്കറ്റിന്റെ മക്കയായ ലോർഡ്‌സിലെ ഫൈനൽ ഭാഗ്യപരീക്ഷണത്തിന് ഇന്ത്യ തയ്യാറായി. മത്സരത്തിന് ഇറങ്ങുമ്പോൾ ഒരു ഇന്ത്യക്കാരനല്ലാത്ത ആരാധകൻ ശക്തരായ വെസ്റ്റിൻഡീസിന് ടീമിനെ കുറിച്ചും, വിവിയൻ റിച്ചാഡ്‌സിനെ കുറിച്ചും പറഞ്ഞശേഷം കപിലിനോട് പറഞ്ഞു- “ഓർക്കുക, ഇത് ക്രിക്കറ്റാണ് അവസാന പന്ത് അവസാനിക്കുന്നതുവരെ, മഹത്തായ അനിശ്ചിതത്വങ്ങളുടെ കളിയാണ്.”
1983- ജൂൺ 25- ന് ലോർഡ്സിലെ പ്രശ്സ്തമായ ഫൈനലിൽ വിൻഡീസ് കളിക്കാനെത്തിയത് പാക്കിസ്ഥാനെതിരെ സെമി ഫൈനലിലെ വൻ വിജയം നേടിയ മികച്ച ആത്മവിശ്വാസത്തിലായിരുന്നു. കളി തുടങ്ങിയപ്പോൾ അത്ഭുദങ്ങളൊന്നും സംഭവിച്ചില്ല. ഹാട്രിക്ക് ലോകകപ്പ് വിജയത്തിലൂടെ ചരിത്രം സൃഷ്ടിക്കാനെത്തിയ ക്ലൈവ് ലോയ്ഡിൻ്റെ വെസ്റ്റ് ഇൻഡീസിനെതിരെ ഫൈനലിൽ തുടക്കത്തിൽ ഇന്ത്യ പരുങ്ങി. അതികായനായ ജോയൽ ഗാർനറെ നേരിടാനാവാതെ ആദ്യം വിഷമിച്ച ശ്രീകാന്തിനോട് മൊഹിന്ദർ പറഞ്ഞു- “വിഷമിക്കേണ്ട, താങ്കളുടെ യഥാർത്ഥ ശൈലിയിൽ തന്നെ ബാറ്റ് വീശുക” മൊഹിന്ദറിൻ്റെ വാക്കുകൾ ഫലിച്ചു. ആദ്യം ഗാർണറെയും റോബർട്സിനേയും പിന്നീട് ഹോൾഡിംഗിനേയും ബൗണ്ടറിയിലേക്ക് ശ്രീകാന്ത് പറത്തി. ഫൈനലിലെ ഉയർന്ന സ്കോർ(38) നേടിയ, ഏറ്റവും മികച്ച ബാറ്റിംങ്ങും ശ്രീകാന്തിൻ്റെതായിരുന്നു. എങ്കിലും 183 റൺസെന്ന ഇന്ത്യയുടെ അവസാന സ്കോർ എല്ലാവരേയും നിരാശയുള്ളവാക്കി. അപകടകാരിയായ ശ്രീകാന്തിനെ മാർഷൽ പുറത്താക്കി. പിന്നീട് മദൻ ലാലിനെയും. അവസാന ബാറ്റ്സ്മാനായ ഫാസ്റ്റ് ബൗളർ ബൽവീന്ദർ സന്ധുവിന് നേരെ ഒരു ബൗൺസർ എറിഞ്ഞ് അയാളുടെ ഹെൽമെറ്റിൽ കൊള്ളിക്കാനും മാർഷൽ മറന്നില്ല. ഭാഗ്യത്തിന് സന്ധു പരിക്കേൽക്കാതെ രക്ഷപെട്ടു.
വിൻഡീസ് ഏറ്റവും ഭയപ്പെട്ടിരുന്നത് ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനെയായിരുന്നു. ബെർബീസിൽ കപിലിൻ്റെ ഉഗ്രതാണ്ഡവം അവർ അനുഭവിച്ചറിഞ്ഞതാണ്. സിംബാവെക്കെതിരെയുള്ളെ വിഖ്യാതമായ 175 not out ഒരു പേടിസ്വപ്നമായി അവരുടെ മനസ്സിൽ കടന്നു കൂടിയിരുന്നു. അതിന്റെ പകുതി കപിൽ ഈ ഫൈനലിൽ ആവർത്തിച്ചാൽ കാര്യം മാറും. തന്റെ മൂന്നാം ലോകകപ്പ് കിരീടം നേടാനെത്തിയ ക്യാപ്റ്റൻ ക്ലൈവ് ലോയിഡ് കപിലിനെ തളക്കാൻ കണ്ട് വെച്ചത് ഇടം കൈയ്യൻ ഓൾ റൗണ്ടർ ഓഫ് സ്പിൻ എറിയുന്ന ലാറി ഗോംസിനെയായിരുന്നു. അത് വിജയിക്കുകയും ചെയ്തു. ഗോംസിൻ്റെ പന്ത് ഉയർത്തിയടിച്ച കപിലിൻ്റെ ക്യാച്ച് ബൗണ്ടറിക്ക് തൊട്ട് മാൽക്കം മാർഷൽ കൈപ്പിടിയിൽ ക്യാച്ച് ഒതുക്കി. വെസ്റ്റ് ഇൻഡീസ് ഭയപ്പെട്ടത് ഒന്നും സംഭവിച്ചില്ല.

ഇന്ത്യൻ ബാറ്റിങ്ങ് കഴിഞ്ഞ് ഗ്രൗണ്ടിൽ നിന്ന് മടങ്ങുമ്പോൾ, ‘ബിഗ് ബേർഡ്’ എന്നറിയപ്പെട്ട ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറായ ജോയൽ ഗാർനർ സ്കോർ ബോർഡിലേക്ക് നോക്കി. ഇന്ത്യയുടെ സ്‌കോർ 183 റൺസ് ശ്രദ്ധിച്ചു കൊണ്ട്. ഗാർനർ പതുക്കെ പറഞ്ഞു- “ഇതുപോലുള്ള ടോട്ടലുകളിൽ നമ്മൾ വിഷമിക്കാറുണ്ടല്ലേ?” അപ്പോൾ അദ്ദേഹത്തിന്റെ സഹതാരങ്ങൾ പറഞ്ഞു- “മിണ്ടാതിരിക്കൂ…” കീരീടം ഉറപ്പിച്ച ആത്മവിശ്വാസം അവരിൽ ഒന്നു കൂടി ശക്തിപ്പെട്ടിരുന്നു. മൂന്ന് ദിവസം മുമ്പ് പാകിസ്ഥാനെതിരായ സെമിഫൈനലിൽ അവർ 185 എന്ന ലക്ഷ്യം എളുപ്പത്തിൽ മറികടന്നിരുന്നു.
കളിക്കാൻ ഇറങ്ങും മുൻപ് കപിൽ തൻ്റെ പഞ്ചാബി ശൈലിയിൽ ടീമിനെ അഭിസംബോധന ചെയ്തു- “Chalo, jawano,ladte ഹൈൻ” ( Come on boys, let fight it out)! ഗ്രൌണ്ടിലേക്ക് പോകാൻ ലോഡ്സിലെ തിങ്ങി നിറഞ്ഞ മുറിയിലേക്ക് യോദ്ധാക്കളെ പോലെ ഇന്ത്യൻ കളിക്കാർ മാർച്ച് ചെയ്ത് വരുമ്പോൾ അവിടെയുള്ള മുൻ ക്രിക്കറ്റ് താരങ്ങൾ, രാഷ്ട്രീയക്കാർ, നയതന്ത്രജ്ഞർ തുടങ്ങിയവർ കനത്ത കരഘോഷത്തോടെ വരവേറ്റത് അവർക്ക് അളവറ്റ ഊർജ്ജം പകർന്നു. വെസ്റ്റ് ഇൻഡീസ് ആവേശത്തോടെ ബാറ്റിംഗ് ആരംഭിച്ചപ്പോൾ, അവരുടെ ആരാധകർ കൂടുതൽ ആവേശഭരിതരായി. സ്‌റ്റേഡിയത്തിൽ ഇരിപ്പടത്തിൽ ഉള്ള കപിൽ ദേവിൻ്റെ ഭാര്യ. റോമിയുടെ മുന്നിൽ ഇരിക്കുന്ന ഒരു വിൻഡീസ് ആരാധിക തന്റെ വിശറി വീശി രോഷത്തോടെ പറഞ്ഞു- “ഇത് റിച്ചാർഡ്‌സിനെതിരായ ഇന്ത്യയാണ്” റോമി അസ്വസ്ഥയായി, കൂടെയുണ്ടായിരുന്ന മദൻ ലാലിൻ്റെ ഭാര്യ അനുവിനോട് പറഞ്ഞു- “എനിക്ക് ഇതെല്ലാം സഹിക്കാൻ കഴിയില്ല. നമുക്ക് പോകാം”. അനു പറഞ്ഞു- “ഇരിക്കൂ, ഇത് ക്രിക്കറ്റ് ആണ്. എന്തും സംഭവിക്കാം.” റോമി പറഞ്ഞു- “നീ ഇരിന്നോളൂ ഞാൻ പോകുന്നു”. പിന്നെ അസ്വസ്ഥതയോടെ രണ്ടു പേരും സ്‌റ്റേഡിയം വിട്ടു.

തുടക്കത്തിലേ വെസ്റ്റ് ഇൻഡീസിനെ ഞെട്ടിച്ച് ബൽവീന്ദർ സിങ്ങ് സന്ധു ഒരു ഇന്നിംഗ്സിലൂടെ ഗ്രീനിഡ്ജിൻ്റെ വിക്കറ്റ് തെറിപ്പിച്ചു. മെറൂൺ തൊപ്പി ധരിച്ച് ബാറ്റ് ചെയ്യാൻ വിവ് റിച്ചാഡ്‌സ് എത്തിയപ്പോൾ ഗാലറികളിൽ നിന്ന് വൻ ആരവം ഉയർന്നു. “ഉറച്ച മസിലുള്ള, ഉറച്ച കാൽ വെയ്പ്പോടെ നടന്നു വരുന്ന വിവ് ഒരു ഹെവി വെയ്റ്റ് ബോക്സറെ ഓർമ്മിപ്പിച്ചു”- മൊഹിന്ദർ ആത്മകഥയിൽ എഴുതി. അയാളുടെ ഒരോ ചുവടും ബൗളറുടെ മനസ്സിൽ ഭീതിയുണർത്തുന്നതായിരുന്നു. ഭാരമുള്ള ക്രിക്കറ്റ് ബാറ്റ് വിവിൻ്റെ കയ്യിൽ ഈച്ചയെ അടിക്കുന്ന ബാറ്റു പോലെ കാണപ്പെട്ടു. ലോഡ്സ് മൈതാനത്ത് അയാൾ ശരിക്കും ഒരു രാജാവായിരുന്നു.
നേരത്തെ കളിയവസാനിപ്പിക്കാനുള്ള തിടുക്കത്തിൽ, മദൻ ലാലിൻ്റെ പന്ത് റിച്ചാർഡ്‌സ് അടിച്ചത് ഉയർന്ന് പൊന്തി കപിലിൻ്റെ കയ്യിൽ ലോകക്രിക്കറ്റിലെ എക്കാലത്തെയും അനശ്വരമായ ക്യാച്ചായി മാറി. ഇന്ത്യയുടെ ഫൈനലിലെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ഒരാളെ കൂടി മൊഹിന്ദർ ഓർക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ സയ്യദ് കിർമാണിയെ! ബൗളർമാർക്ക് ഏറ്റവും യോജിച്ച വിക്കറ്റ് കീപ്പർ എന്നാണ് മൊഹിന്ദർ കർമാണിയെ വിശേഷിപ്പിച്ചത്. ഓരോ പന്ത് പിടിച്ചെടുക്കുമ്പോഴും അദ്ദേഹം പറയും- “Bahut aala” (perfect delivery). സന്ധുവിൻ്റെ പന്തിൽ പതറിത്തുടങ്ങിയ ഫൗദ് ബക്കസ് ബാറ്റ് വെച്ചത്, കർമാണി ഡൈവ് ചെയ്ത് അസാമാന്യ ക്യാച്ചാക്കി മാറ്റി. കപിൽ ആ സന്ദർഭം ഓർത്തു- “റിച്ചാർഡ്സ് ഏഴ് അതിശയകരമായ ഫോറുകൾ നേടിയതിന് ശേഷം അത് സംഭവിച്ചു. ഇത് ശരിക്കും ഒരു അത്ഭുതകരമായ ക്യാച്ചാണ്. ‘ക്യാച്ചുകൾ മത്സരങ്ങൾ സൃഷ്ടിക്കുന്നു’ എന്ന പഴഞ്ചൊല്ലിന്റെ പ്രാധാന്യം ഞാൻ ശരിക്കും മനസ്സിലാക്കുന്നത് അപ്പോഴാണ്. ഒരു ശക്തി എന്നെ ഓടിക്കുന്നത് പോലെ തോന്നി. ഈ ചരിത്രപരമായ ക്യാച്ചിനെ എനിക്ക് നിർവചിക്കാനാകുമോ? ഇല്ല, എനിക്ക് കഴിയില്ല! പക്ഷേ, എന്റെ പഴയ പരിശീലകൻ ആസാദ് ഫീൽഡിംഗിനായി നൽകിയ നിർദ്ദേശം ക്യാച്ചിനായി ഓടുമ്പോൾ എന്റെ ഓർമ്മയിലേക്ക് വന്നു- ‘ഒരു ക്യാച്ച് നേടാൻ പിന്നിലേക്ക്, വശങ്ങളിലേക്ക്, മുന്നോട്ട്, ഇടത്തേക്ക്, വലത്തേക്ക് ഓടുക’. ലോകകപ്പിലെ ഏറ്റവും വിലപിടിച്ച ക്യാച്ചായിരുന്നു അത്.”

ആറു വിക്കറ്റ് നഷ്ടപ്പെട്ട വെസ്റ്റ് ഇൻഡീസ് അപകടം മണത്തു. ഡുജോണും മാർഷലും ചേർന്ന് പതുക്കെ മത്സരം അവർക്കനുകൂലമായി തിരികെ കൊണ്ടു വരികയായിരുന്നു. ഇംഗ്ലണ്ടിനെതിരെ സെമിയിൽ ഉണ്ടായ നിർണ്ണായക നിമിഷം പോലെ ഇവിടെയും അത് സംഭവിച്ചു. മൊഹിന്ദറിൻ്റെ ഓവറിലെ ആദ്യ പന്ത് ഡുജോൺൻ്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ചു. ‘അവരുടെ റൺ കൂട്ടുകെട്ട് മൊഹിന്ദർ തൻ്റെ ആദ്യ പന്തിൽ തന്നെ തകർത്തു. ഒടുവിൽ 52ാം മത്തെ ഓവറിൽ അവസാന പന്തിൽ മൈക്കേൽ ഹോൾഡിംഗിൻ്റെ പാഡിൽ മൊഹിന്ദറിൻ്റെ പന്ത് തട്ടിയപ്പോൾ ഡിക്കി ബേർഡിൻ്റെ കൈവിരൽ ഉയർന്നു. ചരിത്രം പിറന്നു. മത്സരം ഇന്ത്യ ജയിച്ചു. ഇന്ത്യ ലോക ചാമ്പ്യൻമാർ!
183 റൺസിൽ ഒതുങ്ങിയ ഇന്ത്യ ജയിക്കുമെന്നോ വിൻഡീസ് തകരുമെന്നോ ആരും കരുതിയില്ല. മാൽക്കം മാർഷൽ ഉല്ലാസവാനായിരുന്നു. ഫൈനൽ ജയിക്കുമെന്ന് ഉറപ്പിച്ചതിനാൽ ഒരു പുതിയ BMW കാറ് വരെ അയാൾ ബുക്ക് ചെയ്തിരുന്നു. പക്ഷേ, അന്ന് ഇന്ത്യയുടെ ദിവസമായിരുന്നു. ഫൈനലിൽ റിച്ചാർഡ്സിൻ്റെ വിഖ്യാതമായ കപിലിൻ്റെ ക്യാച്ച്- വിക്കറ്റ് വീണതോടെ 76ന് 6 എന്ന അപകടരമായ നിലയിലാണ് 8ാ മനായി മാർഷൽ ക്രീസിൽ എത്തുന്നത്. സ്‌റ്റേഡിയത്തിലെ ഇന്ത്യക്കാരായ കാണികളുടെ ഇരമ്പുന്ന ആരവത്തിനിടയിൽ ബാറ്റുമായി ക്രീസിൽ നിന്നിരുന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജെഫ് ഡുജോൺ പറഞ്ഞത് മാർഷൽ വ്യക്തമായി കേട്ടു- “Is going to be tough’. എന്നിട്ടും വിഷമകരമായ അവസ്ഥയിലും എഴാം വിക്കറ്റിൽ 43 റൺസ് അവർ കൂട്ടി ചേർത്തു. എന്നാൽ മൊഹിന്ദർ അമർനാഥിൻ്റെ വേഗത കുറഞ്ഞ ഒരു പന്ത് ഡുജോൺൻ്റെ വലതു കുറ്റി തെറിച്ചതോടെ എല്ലാം കഴിഞ്ഞു. അവർ മൊഹിന്ദറിൻ്റെ ഒരു വൈഡായ പന്തിൽ ബാറ്റ് വെച്ച മാർഷലിൻ്റെ ക്യാച്ച് സ്ലിപ്പിൽ ഗവാസ്ക്കർ കയ്യിലൊതുക്കിയപ്പോൾ മാർഷൽ പുറത്തായി. മൈക്കേൽ ഹോൾഡിംഗിനെ എൽ.ബി.ഡബ്ല്യുവിൽ കൂടുക്കിയ മൊഹിന്ദർ ഇന്ത്യയുടെ ചരിത്ര വിജയം കുറിച്ചു. “വെസ്റ്റ് ഇൻഡീസിൻ്റെ അവസാന ബാറ്റ്സ്മാനായ ജോയൽ ഗാർനർ പവലിയനിലേക്ക് നടക്കുമ്പോൾ കപിലിൽദേവും കൂട്ടരും ലോഡ്സിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ആഘോഷ വസന്തത്തിന് ആരംഭം കുറിച്ചു. ഞങ്ങളുടെ അപ്രമാദിത്വം അവസാനിച്ചു. ലോകം ഞങ്ങളെ നോക്കി ചിരിക്കുകയായിരുന്നു”- ലോകകപ്പിലെ അപ്രതീക്ഷിത പരാജയത്തെ കുറിച്ച് മാൽക്കം മാർഷൽ ‘Marshall Arts’ എന്ന തൻ്റെ ആത്മകഥയിൽ എഴുതി.
“ലോകകപ്പ് ജയിക്കുകയെന്നാൽ എവറസ്റ്റ കീഴടക്കും പോലെയാണ്” -മൊഹിന്ദർ പറയുന്നു. ലോഡ്സിൽ കപിൽ ലോക കപ്പ് ഉയർത്തിയപ്പോൾ ഇന്ത്യ ലോകത്തിൻ്റെ നെറുകയിൽ എത്തി. ലോഡ്‌സിലെങ്ങും ഇന്ത്യൻ പതാക പാറി പറന്നു. ഒരേ ശബ്ദം മാത്രം ഇന്ത്യ…, ഇന്ത്യ…’ 26 റൺസും 12- ന് 3 വിക്കറ്റ് വീഴ്ത്തിയ ഓൾ റൗണ്ട് പ്രകടനം ഒരിക്കൽ കൂടി മൊഹിന്ദറിനെ മാൻ ഓഫ് ദി മാച്ചാക്കി. ഓട്ടോഗ്രാഫ് വാങ്ങാൻ വെസ്റ്റ് ഇൻഡീസ് ഡ്രസ്സിങ് റൂമിൽ എത്തിയ മൊഹിന്ദർ അവിടെ കണ്ടത് എഴുതി- “എല്ലാം നഷ്ടപ്പെട്ട ആഘാതത്തിലായിരുന്നു മുഴുവൻ വിൻഡീസ് താരങ്ങളും. തങ്ങളുടെ പരാജയത്തിൽ മനം നൊന്ത് ദുഖം അടക്കാൻ പാടുപെടുകയായിരുന്നു ചിലർ. നിയന്ത്രിക്കാൻ പാടുപെട്ട ചിലരുടെ കണ്ണീർ കവിളിൽ ഒലിച്ചിറങ്ങുന്നത് ഞാൻ കണ്ടു. ഒരു മൂലയിൽ വിജയം ആഘോഷിക്കാൻ കൊണ്ടു വെച്ച ഷാംപെയിൻ കുപ്പി തൊടാതെ ഭദ്രമായി ഇരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ചിലർ സ്വയം നിയന്ത്രിച്ച് എൻ്റെ ബാറ്റിൽ ഒപ്പിട്ട ശേഷം എന്നെ അഭിനന്ദിച്ചു. അവരുടെ ദുഃഖം മറച്ചു പിടിക്കുന്നതിൽ അവർ നിശ്ശേഷം പരാജയപ്പെട്ടു. എങ്കിലും, ഇന്ത്യക്കാരെ അഭിനന്ദിക്കാനും ഒരു ഡ്രിങ്ക് കഴിക്കാനും ചില വെസ്റ്റ് ഇൻഡീസ് താരങ്ങൾ ഇന്ത്യൻ ഡ്രസ്സിങ്ങ് റൂമിൽ വന്നു. മുറിയിൽ നല്ല ആൾ തിരക്കായിരുന്നു. അവിടെ വന്ന ഡുജോണിൻ്റെ ഏതാനും പൗണ്ടുകൾ ഉള്ള പേഴ്സ് അവിടെ വെച്ച് തിരക്കിൽ നഷ്ടപ്പെട്ടു. പാവം ഡുജോൺ, ഫൈനലും തോറ്റു, പേഴ്സും പോയി’’

ഇന്ത്യൻ ടീം ഡ്രസ്സിംഗ് റൂമിൽ നിന്ന് പുറത്തേക്ക് വരുമ്പോൾ, സൗത്താളിൽ നിന്നുള്ള ഒരു വലിയ പഞ്ചാബി സംഘം ഡോലക്കുകളുമായി വന്ന് നൃത്തം ചെയ്യാൻ തുടങ്ങി. അപ്പോഴാണ് ഒരാൾ വന്ന് കപിലിനോട് പറയുന്നത്- “നടൻ ശശി കപൂർ ഇവിടെയുണ്ട്, അദ്ദേഹം അകത്തേക്ക് വരാൻ ആഗ്രഹിക്കുന്നു. ജാക്കറ്റും ടൈയും ധരിക്കാത്തതിനാൽ അദ്ദേഹത്തെ അകത്തേക്ക് കടത്തി വിടുന്നുന്നില്ല.” ഒടുവിൽ കപിൽ നേരെ ചെന്ന് അദ്ദേഹത്തെ അകത്തേക്ക് കൂട്ടികൊണ്ടുവന്നു. അദ്ദേഹം പറഞ്ഞു- “നന്നായി കളിച്ചു.” അന്ന് ലോർഡ്‌സിൽ ഇന്ത്യൻ ടീമായിരുന്നു അവസാന വാക്ക്. ശശി കപൂർ തോളിൽ ഒരു ചെറിയ ജാക്കറ്റ് തൂക്കി ആഘോഷങ്ങളിൽ പങ്കുചേരാൻ നടന്നു. ലോഡ്‌സിലെ ഡ്രസ്സിംഗ് റൂമിൽ ആളുകൾ അകത്തേക്കും പുറത്തേക്കും ഒഴുകി. ഒരാൾ കപിലിനോട് പറഞ്ഞു “കാപ്സ്, ഊഹിക്കാമോ, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അഭിനന്ദനങ്ങൾ അയച്ചിട്ടുണ്ട്.” പ്രധാനമന്ത്രി, പ്രസിഡന്റ്, മന്ത്രിമാർ, നടന്മാർ, അങ്ങനെ നിരവധി പേർ ഇന്ത്യൻ ടീമിനെ അവരുടെ ആഹ്ലാദം അറിയിച്ചു കൊണ്ടിരുന്നു. ടീമിനെ ആദ്യം അഭിനന്ദിച്ച സെലിബറ്റി ടെലിഗ്രാം വന്നത് സൂപ്പർ താരം അമിതാഭ് ബച്ചനിൽ നിന്നാണ്.
ക്രിക്കറ്റിൻ്റെ ബൈബിൾ എന്നറിയപ്പെടുന്ന ‘വിസ്ഡൻ’ ജേണലിൽ ജോൺ വുഡ്കോക്ക് പുതിയ ഇന്ത്യൻ ക്രിക്കറ്റ് വിസ്മയം ഇങ്ങനെ എഴുതി- “ലോകകപ്പ് ഒരു വലിയ വിജയമായിരുന്നു, ഇന്ത്യയുടെ വിജയം ഒരു അത്ഭുതമായിരുന്നു. ലോക ക്രിക്കറ്റിൽ അവർ ഊഷ്മളതയും ആവേശവും കൊണ്ടുവന്നു. ഏകദിന ക്രിക്കറ്റിന്റെ ആദ്യ വർഷങ്ങളിൽ ആരും ഇന്ത്യയെ ഗൗരവമായി എടുത്തില്ല. എന്നാൽ അവർ കൂടുതൽ ശക്തിയോടെ പോരാട്ടങ്ങൾ നടത്തുകയായിരുന്നു. അവരുടെ മൂന്ന് ബാറ്റ്സ്മാൻമാർക്ക് മികച്ചതായി പന്തെറിയാനും കഴിയും. മഴ പെയ്തതിനുശേഷം വേഗത്തിൽ ഉണരാത്ത പിച്ചുകളിൽ, അവരുടെ ഫാസ്റ്റ് ബൗളിംഗ് വിജയം കണ്ടെത്തി.”

ഒരാഴ്ചക്ക് ശേഷം, ലണ്ടനിൽ നിന്ന് ബോംബെയിലേക്ക് മടങ്ങുമ്പോൾ വിമാനത്തിൽ ഒരു കേക്ക് മുറിച്ച് എയർ ഇന്ത്യ ഇന്ത്യൻ ടീമിൻ്റെ മഹത്തായ വിജയം ആഘോഷിച്ചു. ഇന്ത്യൻ ടീം ദേശീയ നായകന്മാരായി മാറിക്കഴിഞ്ഞിരുന്നു. ഇന്ത്യൻ ടീം ബോംബെ വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ ഒരു കടൽ ഒഴുകുന്നത് കണ്ട് ടീമംഗങ്ങൾ ആകെ സ്തബ്ധരായി. തോരാതെ പെയ്യുന്ന മഴയിൽ ഏകദേശം 30,000 പേർ ടീമിനെ സ്വീകരിക്കാൻ ആവേശത്തോടെ കാത്തിരിക്കുന്നു. എന്തൊരു മനോഹരമായ തിരിച്ചുവരവ്! വിമാനത്താവളത്തിൽ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്കുള്ള വഴി മുഴുവൻ ആളുകൾ കൈ വീശുകയും, ആർപ്പുവിളിക്കുകയും, തങ്ങളെ നോക്കുന്ന കളിക്കാരിലേക്ക് കൈകൾ നീട്ടുകയും ചെയ്തു. ഏകദേശം 50,000 ആരാധകർ ആർപ്പുവിളിക്കുന്ന വാങ്കഡേ സ്‌റ്റേഡിയം നിറഞ്ഞു കവിഞ്ഞു. ദൂരദർശൻ ഈ വരവേൽപ്പ് ടെലിവിഷനിൽ തൽസമയം സംപ്രേഷണം ചെയ്തു. കപിൽ എഴുതി- “ലോകത്തിലെ ഒരു ടീമിനും ഇതുപോലൊരു സ്വീകരണം ഉണ്ടായിട്ടില്ല, ഒരിക്കലും ഉണ്ടാകില്ല.”
പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഹൈദരാബാദ് ഹൗസിൽ ഇന്ത്യൻ ടീമിനെ ക്ഷണിച്ച് വിരുന്നു നൽകി. അവർക്ക് എല്ലാ കളിക്കാരുടെയും പേരുകൾ അറിയാം. പിന്നെ അവൾ ഓരോ കളിക്കാരനെക്കുറിച്ചും കപിലിനോട് ചോദിച്ചു- “ഞങ്ങൾ നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു, നല്ല പ്രവൃത്തികൾ തുടരുക.” അവർ ചടങ്ങിൽ അഭിമാനത്തോടെയും സന്തോഷത്തോടെയും ഇന്ത്യൻ ടീമിനോട് പറഞ്ഞു. രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് ഗ്യാനി സെയിൽ സിംഗ് ടീമിന് സ്വീകരണം നൽകി. കപിൽ ലോകകപ്പ് അദ്ദേഹത്തിന് കൈമാറിഎന്നിട്ട് പറഞ്ഞു- “ഇത് താങ്കൾക്കുള്ളതാണ്.”
ഏറ്റവും രസകരമായത് ലോക ചാമ്പ്യൻമാർക്ക് പ്രതിഫലം നൽകാൻ ഈ സമയത്ത്, ക്രിക്കറ്റ് ബോർഡിന് മതിയായ ഫണ്ടില്ല. അതിനാൽ, ബോർഡ് പ്രസിഡന്റ് എൻ. കെ. പി സാൽവെയുടെ പിന്തുണയോടെ, ചില ക്രിക്കറ്റ് പ്രേമികൾ, ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ലതാ മങ്കേഷ്കറുടെ കച്ചേരി സംഘടിപ്പിച്ചു. അങ്ങനെ സമാഹരിച്ച ഫണ്ടിൽ നിന്ന് എല്ലാ ഇന്ത്യൻ കളിക്കാർക്കും ഒരു ലക്ഷം വീതം ലഭിച്ചു. ഒരു ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരന് ബോർഡിൽ നിന്ന് ഇത്രയും വലിയ തുക ലഭിക്കുന്നത് ഇതാദ്യമായാണ്. വർഷങ്ങൾക്ക് ശേഷം ലോഡ്‌സിൽ നടന്ന മത്സരത്തിന്റെ തലേന്ന് ഫൈനലിൽ എത്തിയതിന് ടീമിന് 25,000 രൂപ ക്യാഷ് പ്രൈസ് BCCI പ്രഖ്യാപിച്ചത് ശ്രീകാന്ത് വെളിപ്പെടുത്തി.
ഫൈനൽസിന്റെ തലേന്ന് ബോർഡിലെ എല്ലാ ഉന്നത ഉദ്യോഗസ്ഥരും ജോയിന്റ് സെക്രട്ടറിയും, ഒരു ചെറിയ മീറ്റിംഗ് നടത്തി. അവർ പറഞ്ഞു- “നാളത്തെ ഫൈനലിനെക്കുറിച്ച് വിഷമിക്കേണ്ട, നിങ്ങൾ ഇതുവരെ എത്തിയിരിക്കുന്നു, അത് തന്നെ അതിശയകരമാണെന്ന് അവർ പറഞ്ഞു. നാളെ നിങ്ങൾ ജയിച്ചാലും തോറ്റാലും അത് ലഭിക്കും.” “ഞങ്ങൾ അത് കേട്ട് സന്തോഷിച്ചു” -ശ്രീകാന്ത് പറഞ്ഞു. “സത്യസന്ധമായി പറഞ്ഞാൽ, ഞങ്ങൾ അത്ര സമ്മർദ്ദത്തിലായിരുന്നില്ല. നഷ്ടപ്പെടാൻ ഒന്നുമില്ലാത്ത ഒരു സാഹചര്യമായിരുന്നു അത്. ആധിപത്യം വെസ്റ്റ് ഇൻഡീസായിരുന്നതിനാൽ, അവർ 1975, 1979 ചാമ്പ്യന്മാരും ലോക ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നിലനിർത്തുന്ന ടീമുമായിരുന്നു. അതിനാൽ ഫൈനലിൽ എത്തിയത് തന്നെ വലിയ കാര്യമാണെന്ന് ഞങ്ങൾ കരുതി.”

‘കപിലിൻ്റെ ഡെവിൾസ്’ എന്ന് വിശേഷിക്കപ്പെട്ട ഇന്ത്യൻ ടീമിൻ്റെ 1983- ലെ ചരിത്ര വിജയം തുടങ്ങിവെച്ച ഇന്ത്യൻ ക്രിക്കറ്റ് വസന്തം കൂടുതൽ മനോഹരമായി, 43 വർഷത്തിനു ശേഷവും തുടരുന്നു. ഇന്ന് ക്രിക്കറ്റ് കളിക്കാർക്ക് ഏറ്റവും ഉയർന്ന ശമ്പളവും പ്രതിഫലവും നൽകുന്നത് ഇന്ത്യൻ ക്രിക്കറ്റ് ബോർഡാണ്. വൻതോതിലുള്ള മാധ്യമ അവകാശങ്ങളും വളരെ ലാഭകരമായ ഇന്ത്യൻ പ്രീമിയർ ലീഗും (ഐപിഎൽ) വഴി മറ്റ് എല്ലാ ക്രിക്കറ്റ് ബോർഡുകളേക്കാളും പണം വാരുന്നു.
ചരിത്ര പരാജയത്തിൻ്റെ പിറ്റേനാൾ വെസ്റ്റ് ഇൻഡീസിൽ ജമൈക്കയിലെ പ്രശസ്ത ദിനപത്രമായ ഡെയ്‌ലി ഗ്ലെനർ, ലോകകപ്പ് ഫൈനൽ ഇന്ത്യ വിജയിച്ചുവെന്നോ വെസ്റ്റ് ഇൻഡീസ് തോറ്റുവെന്നോ തലക്കെട്ട് എഴുതിയില്ല . അവർ എഴുതി- “ക്ലൈവ് ലോയ്ഡ് രാജിവച്ചു”. വെസ്‌റ്റ് ഇൻഡീസ് ക്രിക്കറ്റ് വസന്തം അവസാനിക്കുന്നതിൻ്റെ ആരംഭം അതായിരുന്നു.
Content summary: On June 25, 1983, India defeated the West Indies to win their first Cricket World Cup, marking a turning point for both Indian cricket and the nation’s sporting identity. That victory transformed cricket into a glamorous, lucrative industry in India, paving the way for the rise of the IPL and establishing the country as the world’s biggest cricket powerhouse.