December 09, 2024 |
Share on

‘വാര്‍ വീസ കേസി’ല്‍ ബിജെപി നേതാവിന്റെ മകനെതിരേയും സിബിഐ അന്വേഷണം

സ്റ്റുഡന്റ് വീസയില്‍ റഷ്യയിലിറങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ എത്തപ്പെടുന്നത് യുക്രെയ്ന്‍ യുദ്ധമുഖത്ത്

സ്റ്റുഡന്റ് വീസ ദുരുപയോഗപ്പെടുത്തി ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്തേക്ക് പറഞ്ഞുവിടുന്ന ‘വാര്‍ വീസ കേസില്‍’ പ്രമുഖ ബിജെപി നേതാവിന്റെ മകനെതിരേ സിബിഐ അന്വേഷണം നടക്കുന്നതായി വിവരം. മധ്യപ്രദേശിലെ ദാര്‍ മുന്‍സിപ്പല്‍ കണ്‍സില്‍ അംഗമായ അനിത മുക്തിന്റെ മകന്‍ സുയാഷ് മുക്ത് കേസില്‍ സിബിഐയുടെ നിരീക്ഷണത്തിലാണെന്നു ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മുന്‍സിപ്പല്‍ കൗണ്‍സിലറായി അനിതയുടെ ആദ്യ ടേം ആണെന്നാണ് ദാര്‍ ചീഫ് മുന്‍സിപ്പല്‍ ഓഫിസര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്. സുയാഷിന്റെ പിതാവ് രമാകാന്ത് മുക്ത് പ്രാദേശിക ആശുപത്രിയില്‍ ജനറല്‍ ഫിസിഷ്യനാണ്. മൂവരും തങ്ങളോട് പ്രതികരിക്കാന്‍ വിസമ്മതിച്ചെന്നാണ് പത്രം പറയുന്നത്.

സുയാഷിന്റെയും അനിതയുടെയും രമാകാന്തിന്റെയും സോഷ്യല്‍ മീഡിയ പേജുകളില്‍ ഇവര്‍ നിരവധി ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ഫോട്ടോകളുണ്ട്. സുയാഷിനെതിരേയുള്ള സിബിഐ കേസിനെക്കുറിച്ച് താന്‍ അറിഞ്ഞുവെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നുമാണ് ബിജെപി ദാര്‍ ജില്ല പ്രസിഡന്റ് മനോജ് സോമാനി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പ്രതികരിച്ചത്. അനിത നിലവില്‍ മുന്‍സിപ്പല്‍ കൗണ്‍സിലറാണെന്നും താന്‍ കഴിഞ്ഞ വര്‍ഷമാണ് ജില്ല പ്രസിഡന്റായി ചുമതലയെടുത്തതെന്നും സോമാനി പറയുന്നു.

ഫൈസല്‍ ഖാന്റെ ബാബ വ്‌ലോഗ്‌സ് ; ഇന്ത്യക്കാരെ എത്തിക്കുന്നത് റഷ്യ-യുക്രെയ്ന്‍ യുദ്ധമുഖത്ത്

സിബിഐ പറയുന്നത് അനുസരിച്ച് സുയാഷിന്റെ 24X7 ആര്‍എഎസ് ഓവര്‍സീസ് ഫൗണ്ടേഷന്‍ 180 പേരെ റഷ്യയിലേക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്റ്റുഡന്റ് വീസയിലാണ്. റഷ്യയിലെ വിവിധ സര്‍വകലാശാലകളില്‍ പ്രവേശനം നേടിക്കൊടുക്കാമെന്നു പറഞ്ഞ് ഏജന്റുമാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ പറയുന്നത്. എന്നാല്‍ ഏതൊക്കെ സര്‍വകലാശാലകളാണെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നുമില്ല. ഈ ചതിയില്‍ റഷ്യയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടെ പങ്കും സിബിഐ അന്വേഷിക്കുന്നുണ്ട്. ചില എംബസി ഉദ്യോഗസ്ഥരും കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണ പരിധിയിലുണ്ട്.

ആര്‍എഎസ് ഓവര്‍സീസിന്റെ വെബ്‌സൈറ്റ് ഇപ്പോള്‍ നിശ്ചലമാണെന്നാണ് സിബിഐ പറയുന്നത്. ഈ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന മൂന്നു ഫോണ്‍ നമ്പരുകളില്‍ ഒന്ന് സിബിഐ എഫ്‌ഐആറിലുള്ള ഹരിയാനയിലെ പല്‍വാളില്‍ നിന്നുള്ള തനുകാന്ത് ശര്‍മയുടെതാണ്. ഇയാള്‍ സുയാഷ് മുക്തിന്റെ സഹായിയാണ്. തനുകാന്ത് 2019 ല്‍ ട്വിറ്റര്‍(ഇപ്പോള്‍ എക്‌സ്) അകൗണ്ട് ആരംഭിച്ചിരുന്നു. ‘ ചൗകിദാര്‍ തനുകാന്ത് ശര്‍മ’ എന്നായിരുന്നു അകൗണ്ടിന്റെ പേര്. ഒരു ട്വീറ്റ് പോലും അകൗണ്ടില്‍ നിന്നുണ്ടായിട്ടില്ല. ആകെ നാല് ഫോളോവേഴ്‌സ് ആയിരുന്നു ഉണ്ടായിരുന്നത്, അതില്‍ ഒരാള്‍ സുയാഷ് മുക്തായിരുന്നു, രണ്ടു പേര്‍ റഷ്യയിലെ വൊറോനെഷ് സ്‌റ്റേറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളും. റഷ്യയിലെ മികച്ച മെഡിക്കല്‍ കോളേജുകളിലുടെ ആദ്യ 20 സ്ഥാനങ്ങളില്‍ ഉള്‍പ്പെടുന്നതാണ് വൊറോനേഷ് മെഡിക്കല്‍ കോളേജ് എന്നാണ് ഇതിന്റെ വെബൈസ്റ്റില്‍ അവകാശപ്പെടുന്നത്.

ചതിക്കപ്പെട്ട് കൊലക്കളത്തില്‍ എത്തുന്ന ഇന്ത്യന്‍ യുവാക്കള്‍

2023 ജനുവരിയില്‍ അംബാദീപ് ബില്‍ഡിംഗ് വിലാസത്തില്‍ സ്ഥാപിതമായ 24×7 ആര്‍എഎസ് ഓവര്‍സീസ് ഫൗണ്ടേഷന്റെ പേര് സിബി ഐയുടെ എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. അതേസമയം ആര്‍എഎസ് ഓവര്‍സീസ് ഫൗണ്ടേഷന്റെ രണ്ടാമത്തെ ഡയറക്ടറായ ഗരിമ ബലായന്റെ പേര് എഫ്‌ഐആറില്‍ ഇല്ല. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് റെക്കോര്‍ഡ്‌സ് പ്രകാരം ബലായന്റെ ഡി ഐ എന്‍ സ്റ്റാറ്റസ് നിര്‍ജ്ജീവമാണ്. അതായത് കമ്പനിക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിയില്ല. സുയാഷും സഹോദരന്‍ പാര്‍ത്ഥ് മുക്തും ചേര്‍ന്ന് 2022 ജൂണില്‍ 24x 7 ആര്‍എഎസ് ഓവര്‍സീസ് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ മറ്റൊരു കമ്പനിയും ആരംഭിച്ചിരുന്നു. ഈ കമ്പനിയെക്കുറിച്ച് സിബിഐ എഫ് ഐ ആറില്‍ പറയുന്നില്ല. രണ്ടാമത്തെ കമ്പനി ഡല്‍ഹിയിലെ സ്ഫ്ദര്‍ജംഗ് എന്‍ക്ലേവ് ബേസ്‌മെന്റ് വിലാസത്തിലാണ് രിജസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സ്ഥലത്ത് തങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇതൊരു റെസിഡന്‍ഷ്യല്‍ ബില്‍ഡിംഗ് ആണെന്നും ഇവിടെ ഓഫിസുകളൊന്നും പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബില്‍ഡിംഗിന്റെ ഉടമസ്ഥന് ഇങ്ങനെയൊരു ഓഫിസിനെക്കുറിച്ചോ സുയാഷിനെക്കുറിച്ചോ യാതൊരു അറിവുമില്ല.

×