UPDATES

പ്രഫുല്‍ പട്ടേലിനെ ‘ വിശുദ്ധനാക്കി’ സിബിഐ

എന്‍ഡിഎയില്‍ ചേര്‍ന്നു, അഴിമതി കേസുകളും അവസാനിച്ചു

                       

എയർ ഇന്ത്യ – ഇന്ത്യൻ എയർലൈൻസ് ലയന കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ. കേസിലെ മുഖ്യപ്രതികളിൽ ഒരാളായ മുൻ എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ബിജെപിയിൽ ചേർന്ന് മാസങ്ങൾ മാത്രം പിന്നിടുമ്പോഴാണ് കേസിൽ അന്വേഷണം നിലച്ചത്. എട്ടുമാസങ്ങൾക്കു മുമ്പാണ് പ്രഫുൽ പട്ടേലും അജിത് പവാറും മറ്റു നേതാക്കളും എൻഡിഎയിൽ ചേരുന്നത്.

എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ് ലയന കേസിൽ ക്ലോഷർ റിപ്പോർട്ടാണ് സിബിഐ സമർപ്പിച്ചിരിക്കുന്നത്. ലയന സമയത്ത് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി യായിരുന്ന പട്ടേൽ സിബിഐ ഫയൽ ചെയ്ത കേസിലെ പ്രധാന പ്രതിയാണ്. സിബിഐയും എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) പട്ടേലിനെ ചോദ്യം ചെയ്തിരുന്നു. 2008-09 കാലത്ത് ലാഭമുണ്ടാക്കിയ എയർ ഇന്ത്യ റൂട്ടുകൾ സ്വകാര്യ വിമാനക്കമ്പനികൾക്ക് വിതരണം ചെയ്യാൻ സഹായിച്ച ഇടനിലക്കാരൻ ദീപക് തൽവാറിൻ്റെ “പ്രഫുൽ പട്ടേൽ പ്രിയ സുഹൃത്താണ്” എന്ന് 2019 മെയ് മാസത്തിൽ ED പ്രത്യേക കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.

മാർച്ച് 19ന് റൂസ് അവന്യൂ കോടതിയിലെ പ്രത്യേക ജഡ്ജി (സിബിഐ) പ്രശാന്ത് കുമാറിൻ്റെ കോടതിയിലാണ് സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചിരുക്കുന്നത്. സിബിഐ സമർപ്പിച്ച ഹർജി പരിഗണിക്കാൻ കോടതി ഏപ്രിൽ 15 നായിരുന്നു സമയം അനുവദിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ എൻസിപി നേതാവ് ശരദ് പവാറിനൊപ്പം പട്‌നയിൽ നടന്ന പ്രതിപക്ഷ ബ്ലോക്ക് യോഗത്തിൽ പട്ടേൽ പങ്കെടുത്തിരുന്നു. പക്ഷെ, തൊട്ടടുത്ത മാസം തന്നെ പട്ടേലും, അജിത് പവാറും ഛഗൻ ഭുജ്ബൽ ഉൾപ്പെടെ പാർട്ടിയിലെ മറ്റ് ആറ് നേതാക്കൾക്കുമൊപ്പം എൻസിപി വിട്ട് എൻഡിഎയിൽ ചേർന്നു. എൻസിപിയുടെ അജിത് പവാർ വിഭാഗം ഇപ്പോൾ മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെ സർക്കാരിൻ്റെ ഭാഗമാണ്, അജിത് പവാർ ഉപമുഖ്യമന്ത്രിയാണ്.

എയർ ഇന്ത്യയും ഇന്ത്യൻ എയർലൈൻസും ലയിച്ച് നാഷണൽ ഏവിയേഷൻ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NACIL) രൂപീകരണവുമായി ബന്ധപ്പെട്ടതാണ് കേസ്. കൂടാതെ, വിദേശ നിക്ഷേപം ഉപയോഗിച്ച് പരിശീലന സ്ഥാപനങ്ങൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങളും ഉയർന്നു. 2019 ജനുവരിയിൽ ദുബായിൽ നിന്ന് നാടുകടത്തുകയും, ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്ത ലോബിയിസ്റ്റ് ദീപക് തൽവാറുമായി പട്ടേലിൻ്റെ ബന്ധം ആരോപണവിധേയമായിരുന്നു. ഈ ആരോപണങ്ങൾ അന്വേഷിക്കാൻ, ആ വർഷം ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് 2017 മേയിൽ സിബിഐ നാല് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. രജിസ്റ്റർ ചെയ്ത ആദ്യ എഫ്ഐആറിൽ ക്ലോഷർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. മറ്റ് കേസുകളിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

2017 മെയ് 29 ന് രജിസ്റ്റർ ചെയ്ത കേസിൻ്റെ ആദ്യ എഫ്ഐആറിൽ, കുറ്റാരോപിതരുടെ പട്ടികയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെ അജ്ഞാത ഉദ്യോഗസ്ഥരുടെ പേരുകൾക്കൊപ്പം പട്ടേലിൻ്റെ പേരും പരാമർശിച്ചിരുന്നു. അന്ന് സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ തന്റെ പദവി ദുരുപയോഗം ചെയ്തുവെന്ന് കാണിച്ച് സി.ബി.ഐ ആദ്യ എഫ്.ഐ.ആർ ഫയൽ ചെയ്തു. സ്വകാര്യ കക്ഷികളുമായും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിലെയും എയർ ഇന്ത്യ/ഇന്ത്യൻ എയർലൈൻസിലെയും മറ്റ് പൊതുപ്രവർത്തകരുമായി ഗൂഢാലോചന നടത്തി യെന്നും ആരോപണം ഉയർന്നിരുന്നു. പട്ടേലിൻ്റെ കീഴിൽ, ധാരാളം വിമാനങ്ങൾ പാട്ടത്തിനെടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെന്നും സിബിഐ ആരോപിച്ചിരുന്നു. NACIL വൻതോതിൽ വിമാനങ്ങൾ പാട്ടത്തിനെടുത്തതായി ഈ എഫ്ഐആർ ആരോപിക്കുന്നു

“ശരിയായ വഴിയുടെ പഠനം, വിപണനം, വില എന്നി ഘടകങ്ങൾ പരിഗണിക്കാതെ സത്യസന്ധതയില്ലാത്ത നടപടിയാണ് കാണാൻ കഴിഞ്ഞത്. കൂടാതെ, വിമാനം ഏറ്റെടുക്കൽ പരിപാടി നടക്കുമ്പോൾ പോലും, മറ്റ് അജ്ഞാതരായ വ്യക്തികളുമായി ഗൂഢാലോചന നടത്തിയിരുന്നു, സ്വകാര്യ കമ്പനികൾക്ക് ലാഭകരമായ നേട്ടമുണ്ടാക്കുകയും സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കുകയും ചെയ്തു, ”ആദ്യ എഫ്ഐആർ പറയുന്നു. ധാരാളം വിമാനങ്ങൾ സ്വന്തമാക്കിയതോടെ എയർലൈനുകൾ വളരെ കുറച്ച് യാത്രക്കാരുമായി മാത്രമേ പ്രവർത്തിക്കൂ എന്ന വസ്തുത ഉണ്ടായിരുന്നിട്ടും, പല വിമാനങ്ങളും, പ്രത്യേകിച്ച് അന്തർദ്ദേശീയ വിമാനങ്ങളിൽ മതിയായ യാത്രക്കർ ഉണ്ടായിരുന്നില്ല. ഇത് കാര്യമായ സാമ്പത്തിക നഷ്ടമുണ്ടാക്കി. NACIL ന് അവ പ്രവർത്തിപ്പിക്കാൻ മതിയായ പൈലറ്റുമാരില്ലെങ്കിലും, കുറഞ്ഞത് 15 വിലകൂടിയ വിമാനങ്ങളെങ്കിലും പാട്ടത്തിനെടുത്തതായും എഫ്ഐആറിൽ പരാമർശിക്കുന്നുണ്ട്.

കൃത്യമായ പഠനമോ വിപണന തന്ത്രമോ ഇല്ലാതെ വിമാനങ്ങളുടെ ഡ്രൈ ആൻഡ് വെറ്റ് പാട്ടത്തിന് 2006-ൽ മന്ത്രാലയം തീരുമാനമെടുത്തതായി അതിൽ പറയുന്നു. “സ്വകാര്യ കക്ഷികൾക്ക് പ്രയോജനം ചെയ്യുന്നതിനായി എയർ ഇന്ത്യ 2006 ൽ നാല് ബോയിംഗ് 777 വിമാനങ്ങൾ അഞ്ച് വർഷത്തേക്ക് ഡ്രൈ ലീസിന് എടുത്തു, അതേസമയം 2007 ജൂലൈ മുതൽ സ്വന്തം വിമാനങ്ങൾ ഡെലിവറി ചെയ്യുകയായിരുന്നു. തൽഫലമായി, അഞ്ച് ബോയിംഗ് 777 വിമാനങ്ങളും അഞ്ച് ബോയിംഗ് 737 വിമാനങ്ങളും 2007-09 കാലഘട്ടത്തിൽ 840 കോടി രൂപയുടെ നഷ്ടം കണക്കാക്കി നിലത്ത് നിഷ്‌ക്രിയമാക്കി,” എഫ്ഐആർ പറയുന്നു.

ദീപക് തൽവാറിൻ്റെ കാര്യങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു എഫ്ഐആറിൽ സിബിഐയും ഇഡിയും കുറ്റപത്രം സമർപ്പിച്ചത് ശ്രദ്ധേയമാണ്. ഗുണ്ടാ നേതാവ് ഇഖ്ബാൽ മിർച്ചിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പട്ടേലും ഇഡിയുടെ അന്വേഷണത്തിലാണ്. കേസിൽ 2019ലും 2021ലും മുൻ കേന്ദ്രമന്ത്രിയെ ഏജൻസി ചോദ്യം ചെയ്തിരുന്നു. വോർളിയിൽ സീജയ് ഹൗസ് എന്ന പേരിൽ കെട്ടിടം നിർമ്മിച്ച മിർച്ചിയിൽ നിന്ന് പട്ടേൽ വസ്തുവകകൾ വാങ്ങിയിരുന്നു. എന്നാൽ ഈ കേസുകളിൽ തനിക്ക് പങ്കില്ലെന്ന് വാദത്തിൽ പട്ടേൽ ഉറച്ചു നിന്നു.

Share on

മറ്റുവാര്‍ത്തകള്‍