UPDATES

കല

സിബിഐ എന്തിനാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ‘ ഇന്ദ്രാണി സ്റ്റോറി’ തടയുന്നത്?

ഷീന ബോറ കേസ് വീണ്ടും ശ്രദ്ധ നേടുമ്പോള്‍

                       

കോളിളക്കം സൃഷ്ടിച്ച ഷീന ബോറ കൊലപാതക കേസ് പ്രതിപാദിക്കുന്ന നെറ്റ്ഫ്‌ളിക്‌സ് ഡോക്യുസീരീസാണ് ‘ ദ ഇന്ദ്രാണി സ്റ്റോറി: ബറീഡ് ട്രൂത്ത്’. കേസ് പോലെ തന്നെ ഇപ്പോള്‍ സീരീസും വിവാദമായിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് പരമ്പര സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ ബോംബെ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ഇന്ദ്രാണി സ്‌റ്റോറി അതിന്റെ ആകാംക്ഷ കൂട്ടിയിരിക്കുന്നത്.

വിചാരണ നടന്നുകൊണ്ടിരിക്കുന്ന കേസിനെക്കുറിച്ച് മുന്‍വിധികള്‍ സൃഷ്ടിക്കാന്‍ സീരീസ് കാരണമാകുമെന്നാണ് സിബിഐ പറയുന്നത്. ഫെബ്രുവരി 29 വരെ ഷോ തങ്ങള്‍ എയര്‍ ചെയ്യില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് ഹൈക്കോടതിയെ ഫെബ്രുവരി 22 ന് അറിയിച്ചിട്ടുണ്ട്. അടുത്ത വാദം കേള്‍ക്കുന്ന ദിവസം സീരീസ് സിബിഐ ഉദ്യോഗസ്ഥര്‍ക്കും ജഡ്ജിമാര്‍ക്കും വേണ്ടി പ്രദര്‍ശിപ്പിക്കാനും നെറ്റ്ഫ്‌ളിക്‌സ് തയ്യാറായിട്ടുണ്ട്.

ഇതാദ്യമായല്ല, യഥാര്‍ത്ഥ സംഭവങ്ങളെയോ വ്യക്തികളെയോ അടിസ്ഥാനമാക്കിയുള്ള സിനിമകളും വെബ് സീരീസുകളും കോടതി കയറുന്നത്. അതിലേക്ക് വരുന്നതിനു മുമ്പ് എന്താണ് ഷീന ബോറ കേസ് എന്നു പരിശോധിക്കാം.

2015 ഓഗസ്റ്റ് 21 ന് മുബൈ പൊലീസ് ശ്യാവര്‍ റായ് എന്നയാളെ അറസ്റ്റ് ചെയ്യുന്നു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വച്ചതിനായിരുന്നു അറസ്റ്റ്. ശ്യാവറിന്റെ ചോദ്യം ചെയ്യലില്‍ അയാള്‍ പൊലീസിനോട് മറ്റൊരു കേസിലുള്ള തന്റെ പങ്കാളിത്തത്തെക്കുറിച്ച് വെളിപ്പെടുത്തി. ശ്യാംവറിന്റെ അറസ്റ്റിന് മൂന്നുവര്‍ഷം മുമ്പ് നടന്ന ആ കേസായിരുന്നു ഷീന ബോറ കൊലപാതകം.

മാധ്യമരംഗത്തെ അതിപ്രശസ്തരായ പീറ്ററിന്റെയും ഇന്ദ്രാണി മുഖര്‍ജിയുടെയും ഡ്രൈവറായിരുന്നു ശ്യാംവര്‍ റായി. ഇന്ദ്രാണിയുടെ മുന്‍ ബന്ധത്തില്‍ ഉണ്ടായ മകള്‍ ഷീന ബോറയെ, അവരും മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും ചേര്‍ന്ന് കൊലപ്പെടുത്തുമ്പോള്‍ താനും അവിടെയുണ്ടായിരുന്നുവെന്നായിരുന്നു ശ്യാവറിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. 25 കാരിയായ ഷീനയെ ബാന്ദ്രയില്‍ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം റായ്ഗഡില്‍ ഉപേക്ഷിക്കുകയായിരുന്നു.

2015 ഡിസംബറില്‍ പൊലീസ് ഇന്ദ്രാണിയെയും സഞ്ജയ് ഖന്നയെയും അറസ്റ്റ് ചെയ്തു. ഈ സമയത്ത് കേസ് സിബിഐക്ക് കൈമാറിയിരുന്നു. വൈകാതെ പീറ്ററും അറസ്റ്റിലായി.

കൊലപാതകത്തിനു കാരണമായി സിബിഐ പറഞ്ഞത്, പീറ്ററിന്റെ ആദ്യബന്ധത്തിലെ മകനായ രാഹുലുമായി ഷീന അടുപ്പത്തിലായത് ഇഷ്ടപ്പെടാതെയാണ് ഇന്ദ്രാണി മകളെ കൊലപ്പെടുത്തിയതെന്നാണ്.

എന്നാല്‍ ഇന്ദ്രാണി ഈ ആരോപണം തുടര്‍ച്ചയായി നിഷേധിച്ചു കൊണ്ടിരുന്നു. അവര്‍ പറഞ്ഞുകൊണ്ടിരുന്നത്, ഷീന കൊല്ലപ്പെട്ടിട്ടില്ലെന്നും അവള്‍ വിദേശത്ത് എവിടെയോ സുഖമായി ജീവിക്കുന്നുണ്ടെന്നുമായിരുന്നു.

ഇന്ദ്രാണി, ഖന്ന, പീറ്റര്‍ എന്നിവര്‍ പ്രതികളാക്കപ്പെട്ടിരിക്കുന്ന കേസ് ഇപ്പോഴും മുംബൈ സ്‌പെഷ്യല്‍ കോടതിയില്‍ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. ശ്യാംവര്‍ ആണ് പ്രോസിക്യൂഷന്റെ പ്രധാനസാക്ഷി. ഇവരെല്ലാവരും തന്നെ ഇപ്പോള്‍ ജാമ്യം നേടി പുറത്തുണ്ട്. കേസില്‍ മൊത്തം 237 സാക്ഷികളുണ്ട്. ഇതില്‍ 89 പേരെയാണ് ഇതുവരെ വിചാരണയ്ക്ക് വിളിപ്പിച്ചിട്ടുള്ളത്.

ഈയൊരു സാഹചര്യത്തിലാണ് നെറ്റ്ഫ്‌ളിക്‌സിന്റെ ഡോക്യുസീരിസിനെതിരേ സിബിഐ രംഗത്തുവന്നത്. അവര്‍ ആദ്യം സിരീസിനെതിരേ സമീപിച്ചത് വിചാരണ കോടതിയെയായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് സുപ്രിം കോടതിയോ ഹൈക്കോടതിയോ ആണെന്നു വിചാരണക്കോടതി അറിയിച്ചതോടെയാണ് ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുന്നത്.

ഫെബ്രുവരി 23 നായിരുന്നു നെറ്റ്ഫ്‌ളിക്‌സ് ഇന്ദ്രാണി സ്റ്റോറി റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇതിനു രണ്ടു ദിവസം മുമ്പ്(ഫെബ്രുവരി 21) സിബിഐ ഹൈക്കോടതിയിലെത്തി. ഡോക്യുസീരിസിന്റെ പോസ്റ്റര്‍ അവര്‍ കോടതിയെ കാണിച്ചു. ‘ പുതിയ വെളിപ്പെടുത്തലുകളും, മുന്‍പ് നടക്കാത്ത ചില പരിശോധനകളും’ എന്ന പരസ്യവാചകം സമൂഹത്തെയും സാക്ഷികളെയും തെറ്റായ രീതിയില്‍ സ്വാധീനിക്കുമെന്നായിരുന്നു സിബിഐയുടെ വാദം. ഈ ഡോക്യുസീരിസിന്റെ അണിയറക്കാര്‍ ശ്രമിക്കുന്നത് കുറ്റാരോപിതയായ ഇന്ദ്രാണി മുഖര്‍ജിയെ നിരപരാധിയായി മഹത്വവത്കരിക്കാനാണെന്നും, ഇത് കോടതിക്ക് മുമ്പില്‍ ഇനിയും വരാനിരിക്കുന്ന സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും കേന്ദ്ര ഏജന്‍സി ആശങ്കപ്പെട്ടു.

സീരീസില്‍ ഷീനയുടെ സഹോദരങ്ങളും ഇന്ദ്രാണിയുടെ മറ്റ് മക്കളുമായ മിഖായേലിനെയും വിധിയെയും ഉള്‍പ്പെടുത്തിയിരിക്കുന്നതും സിബിഐ ചോദ്യം ചെയ്യുന്നുണ്ട്. ഇരുവരും കേസിലെ സാക്ഷികളാണെന്നാണ് ഏജന്‍സി ചൂണ്ടിക്കാണിക്കുന്നത്. തെളിവുകള്‍ പൂര്‍ണമായി രേഖപ്പെടുത്തുന്നതുവരെ സാക്ഷികളുമായി ബന്ധപ്പെടരുതെന്നാണ് ഇന്ദ്രാണിയുടെ ജാമ്യവ്യവസ്ഥയില്‍ കര്‍ശനമായി പറഞ്ഞിരിക്കുന്നത്, അതിനാല്‍ ഈ സീരീസ് ഇന്ദ്രാണിയുടെ ജാമ്യവ്യവസ്ഥകളുടെ നഗ്നമായ ലംഘനമാണെന്നും സിബിഐ വാദിക്കുന്നു.

അവസാന നിമിഷമാണ് സിബിഐ ഇങ്ങനെയൊരു ഹര്‍ജിയുമായി വന്നതെന്നത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും സാക്ഷികളെ തങ്ങളൊരിക്കലും സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു അന്വേഷണ ഏജന്‍സിയുടെ ഹര്‍ജി എതിര്‍ത്തുകൊണ്ട് നെറ്റ്ഫ്‌ളിക്‌സ് കോടതിയില്‍ പറഞ്ഞത്. ഡോക്യുസീരീസിന് സ്‌റ്റേ അനുവദിച്ചാല്‍ അത് പ്രീ-സെന്‍സര്‍ഷിപ്പിന് തുല്യമാകുമെന്നും നെറ്റ്ഫ്‌ളിക്‌സ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ പിന്നീടവര്‍ റിലീസ് തീയതി മാറ്റാന്‍ തയ്യാറാവുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 19(1) (എ) പ്രകാരമുള്ള അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അടിസ്ഥാനമാക്കിയാണ് കോടതികള്‍ ഇത്തരം സെന്‍സര്‍ഷിപ്പ് പ്രശ്‌നങ്ങള്‍ പരിഗണിക്കുന്നത്. ഗൗരവതരമായ കാരണങ്ങള്‍ ഇല്ലാത്തപക്ഷം ഒരു കലാരൂപത്തിന് മുന്‍കൂര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താന്‍ കോടതികള്‍ തയ്യാറാകില്ല. എന്നിരുന്നാലും നിയമ നടപടികള്‍ തുടരുന്നതോ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളോ ആണെങ്കില്‍ ഒന്നിലധികം ഘടകങ്ങള്‍ നീതിപീഠം ആശ്രയിക്കാറുണ്ട്. നിയമങ്ങള്‍ ഒരിക്കലും പൗരന്റെ ജീവനോ വ്യക്തി സ്വാതന്ത്രത്തെയോ ഹനിക്കുന്ന തരത്തിലാകരുതെന്ന് നിര്‍ദേശിക്കുന്ന ആര്‍ട്ടിക്കിള്‍ 21 ഉം കോടതികള്‍ പരിഗണിക്കാറുണ്ടെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് എഴുതുന്നത്. ഈ ഭരണഘടന ചട്ടം ഏതൊരു പൗരനും നീതിയുക്തമനായൊരു വിചാരണയ്ക്ക് അവസരം ഒരുക്കുന്നുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന ഒരു പുസ്തകമോ, സിനിമയോ, പരമ്പരയോ നിഷ്പക്ഷമായ കോടതി നടപടികളെ ബാധിക്കുമോയെന്നതും കോടതി പരിഗണിക്കും.

ഇന്ദ്രാണി സ്‌റ്റോറിക്ക് മുമ്പും ചില സിനിമകളും സിരീസുകളും കോടതി കയറിയിട്ടുണ്ട്. അനുരാഗ് കശ്യപിന്റെ ‘ ബ്ലാക് ഫ്രൈഡേ’ അതിലൊന്നായിരുന്നു. 1993 മുംബൈ സ്‌ഫോടനത്തെ ആസ്പദമാക്കി നിര്‍മിക്കപ്പെട്ട സിനിമ. 2005 ലായിരുന്നു സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറ്റാരോപിതരിലൊരാള്‍ കോടതിയെ സമീപിച്ചതോടെ, 2006 ല്‍ സ്‌ഫോടനക്കേസിന്റെ അന്തിമ വിധി പുറപ്പെടുവിക്കുന്നതുവരെ റിലീസ് തടയപ്പെട്ടു. സിനിമ കുറ്റാരോപിതനെ മോശമായി ബാധിക്കാന്‍ സാധ്യതയുണ്ടെന്നും കോടതിക്ക് മുന്നില്‍ കുറ്റാരോപിതനെക്കുറിച്ച് മുന്‍ധാരണകള്‍ സൃഷ്ടിക്കാന്‍ സാചര്യമുണ്ടെന്നും കാണിച്ചായിരുന്നു കോടതി സിനിമ സ്‌റ്റേ ചെയ്തത്. 2007-ല്‍ ആണ് ബ്ലാക് ഫ്രൈഡേ റിലീസ് ചെയ്യുന്നത്.

കുപ്രസിദ്ധ ഗ്യങ്സ്റ്റര്‍ അബു സലേമിന്റെ ജീവചരിത്രം പുറത്തിറങ്ങുന്നത് തടണമെന്ന ആവശ്യം 2014-ല്‍ കോടതിക്ക് മുന്നിലെത്തിയിരുന്നു. മുംബൈ സ്വദേശിയായ ബില്‍ഡര്‍ പ്രദീപ് ജെയ്‌ന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സലേം അപ്പോള്‍ വിചാരണ നേരിടുകയായിരുന്നു. എന്നാല്‍ ബോംബെ ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല.

കോടതി കയറിയ മറ്റൊരു സീരീസായിരുന്നു സ്‌കാം 2003: ദ തെല്‍ഗി സ്‌റ്റോറി. അബ്ദുള്‍ കരീം തെല്‍ഹിയുടെ മകളാണ് കോടതിയെ സമീപിച്ചത്. സീരീസില്‍ തങ്ങളുടെ കുടുംബത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാരോപിച്ചായിരുന്നു ഹര്‍ജി. എന്നാല്‍ റിലീസ് തടയണമെന്ന ആവശ്യം കോടതി തള്ളി. ജേര്‍ണലിസ്റ്റ് ജെ ഡേ-യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് താന്‍ നിയമവിരുദ്ധമായി തടവിലാക്കപ്പെട്ടതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തക ജിഗ്ന വോറ എഴുതിയ പുസ്തകം ആസ്പദമാക്കി പുറത്തിറങ്ങിയ സ്‌കൂപ് എന്ന സീരീസിനെതിരേയും കോടതിയില്‍ ഹര്‍ജിയെത്തിയിരുന്നു. അധോലോക നായകനായിരുന്നു ഛോട്ട രാജനായിരുന്നു കോടതിയെ സമീപിച്ചത്. സീരീസിന്റെ റിലീസ് സ്റ്റേ ചെയ്യുക, തന്റെ പേരും ഫോട്ടോയും ഉപയോഗിക്കുന്നത് തടയുക എന്നീ ആവശ്യങ്ങളായിരുന്നു രാജന്. എന്നാല്‍ കോടതിയതും തള്ളി. അബ്ദുള്‍ കരീമും ഛോട്ട രാജനും അവരവരുടെ കേസുകളില്‍ കുറ്റക്കാരാണെന്ന് വിധിക്കപ്പെട്ടതിനു ശേഷമായിരുന്നു ഈ പരമ്പരകള്‍ പുറത്തു വന്നത്.

2019-ല്‍ കോടതി കയറി ശ്രദ്ധേയമായ ചിത്രമായിരുന്നു ജോണ്‍ എബ്രഹാം നായകനായ ബട്‌ല ഹൗസ്. ചിത്രം റിലീസ് ചെയ്യാന്‍ കോടതി അനുവദിച്ചെങ്കിലും കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികമാണെന്നും യഥാര്‍ത്ഥ സംഭവങ്ങളുമായി ബന്ധമില്ലെന്നും ഡിസ്‌ക്ലെയ്മര്‍ വയ്ക്കണമെന്നു കോടതി നിര്‍ദേശിച്ചു. തട്ടിപ്പ് നടത്തിയ ഇന്ത്യന്‍ ശതകോടീശ്വരന്മാരായ വിജയ് മല്യ, നീരവ് മോഡി, സുബ്രത റോയി, ബി രാമലിംഗ് രാജു എന്നിവരെ കുറിച്ചുള്ള നെറ്റ്ഫ്‌ളിക്‌സ് സീരീസ് ‘ബാഡ് ബോയ് ബില്യണയറേഴ്‌സ്-ഇന്ത്യ’യും പ്രദര്‍ശിപ്പിക്കാന്‍ കോടതി അനുവദിക്കുകയായിരുന്നു, അതില്‍ രാമലിംഗം രാജുവിനെ കുറിച്ചുള്ള എപ്പിസോഡ് ഒഴിവാക്കണമെന്നതു മാത്രമായിരുന്നു നിര്‍ദേശം.

Share on

മറ്റുവാര്‍ത്തകള്‍