December 10, 2024 |
Share on

എന്നിട്ടും എന്തിനാണ് സഞ്ജുവിനെ പുറത്തു നിര്‍ത്തുന്നത്?

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും മോശം രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട താരമായിരിക്കണം സഞ്ജു

ലോകകപ്പില്‍ നിന്നും ഒഴിവാക്കി, ഇപ്പോഴിതാ ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയില്‍ നിന്നും! സഞ്ജുവിനെ ഇനി വേണ്ടെന്നാണോ? ഇഷാനും ജീതേഷും സഞ്ജുവിനെക്കാള്‍ മിടുക്കന്മാരാണെന്നാണോ? പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കാത്തതെങ്കില്‍, പ്രകടനം മോശമായൊരു താരത്തിന് എങ്ങനെയാണ് ഏകദിനത്തില്‍ 55 ശതമാനം ബാറ്റിംഗ് ആവേറേജ് ഉണ്ടാവുക?

സൂര്യകുമാര്‍ യാദവിനു കീഴില്‍ യുവതാരങ്ങള്‍ക്കു പ്രാധാന്യം നല്‍കിയുള്ള ടീമിനെയാണ് ഓസ്ട്രേലിയക്കെതിരേ അഗാര്‍ക്കറും സംഘവും തെരഞ്ഞെടുത്തിരിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ ടി-20 പരമ്പരയില്‍ ഇഷാന്‍ കിഷന്‍ ടീമിലുണ്ടാകുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഇഷാന്‍ ലോകകപ്പ് സ്‌ക്വാഡിലും അംഗമായിരുന്നു. എങ്കിലും രണ്ടാമത്തെ വിക്കറ്റ് കീപ്പറായി സഞ്ജുവിനായിരിക്കും നറുക്ക് വീഴുക എന്ന പ്രതീക്ഷയിലായിരുന്നു ആരാധകര്‍. ആ പ്രതീക്ഷകളെ തച്ചുടച്ചുകൊണ്ടാണ് ജിതേഷ് ശര്‍മയ്ക്ക് വിളിയെത്തിയത്. ഐ പി എല്ലില്‍ കുറച്ചു വര്‍ഷത്തക്കു കൂടി സ്ഥാനം ഉറപ്പുണ്ടാകാം, ദേശീയ ടീമിലെ കാര്യം ഒട്ടും ഉറപ്പില്ല. സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിന്റെ ഭാവിയത്ര ശോഭനമല്ല എന്ന സൂചനയാണ് ഓസ്ട്രേലിയക്കെതിരേയും ഒഴിവാക്കപ്പെട്ടതോടെ അജിത് അഗാര്‍ക്കറിനു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്.

അയര്‍ലന്‍ഡിനെതിരെ കളിച്ച അവസാന ട്വി-20 മത്സരത്തില്‍ 26 ബോളില്‍ 40 റണ്‍സ് എടുക്കാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. അവസാനം കളിച്ച ഏക ദിനത്തിലും 41 ബോളില്‍ 51 റണ്‍സ് സ്‌കോര്‍ ചെയ്തു. എന്നിട്ടും ലോക കപ്പില്‍ ഇന്ത്യന്‍ ടീം ജേഴ്സി അണിയാന്‍ സഞ്ജുവിന് സാധിച്ചില്ല. ലോക കപ്പില്‍ സെലെക്ഷന്‍ കിട്ടിയില്ലെന്നതല്ല, സഞ്ജുവിന്റെതിനെക്കാള്‍ താഴ്ന്ന പ്രകടമായിരുന്ന പലര്‍ക്കും ടീമില്‍ സാധ്യത ലഭിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തില്‍ സഞ്ജുവിന്റെ മുന്നോട്ട് പോക്ക് എങ്ങനെയാകുമെന്നത് ചോദ്യമാണ്. ഐ പി എല്ലിലും ആഭ്യന്തര ടൂര്‍ണമെന്റുകളിലും സഞ്ജു മികച്ച പ്രകടനങ്ങള്‍ കാഴ്ചവെയ്ക്കുമ്പോഴാണ് ദേശീയടീമില്‍ ഇടം കിട്ടാതെ പോകുന്നത്. അതുകൊണ്ടാണ് ആരാധകര്‍ ചോദിക്കുന്നത്; സഞ്ജുവിന് അവസരം നിഷേധിക്കുകയാണോ?

‘അത് ഓസീസ് താരം ആദം സാംപയല്ല, ഒരു സ്ലോവാക്യക്കാരനാണ്’

‘കുറച്ച് നാളത്തേക്ക് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയാല്‍ സഞ്ജു തളര്‍ന്നു പോകുമെന്ന് തോന്നുന്നില്ല. വിജയ് ഹസാരെ ട്രോഫി വരുന്നുണ്ട്. അതില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷകള്‍, ആ പ്രകടനങ്ങള്‍ സഞ്ജുവിനെ വീണ്ടും ലൈം ലൈറ്റിലേക്ക് കൊണ്ടുവരാന്‍ പാകത്തില്‍ ഉള്ളതാകണം’; കേരള രഞ്ജി ടീം മുന്‍ ക്യാപ്റ്റന്‍ സോണി ചെറുവത്തൂരിന്റെ വാക്കുകളില്‍ പ്രതീക്ഷയുണ്ട്.

‘ടീമിലെ ഒരു എക്‌സ് ഫാക്ടര്‍ ആയിമാറാന്‍ സഞ്ജുവിന് സാധിക്കും, അതിനുള്ള ഒരു സ്‌പേസ് അദ്ദേഹത്തിന് നല്‍കണം. തന്നെക്കാള്‍ ഉപരി തന്റെ ടീമിന് വേണ്ടി കളിക്കുന്ന വ്യക്തിയാണ് സഞ്ജു. മുഴുവന്‍ ടീം അംഗങ്ങളും അത്തരത്തിലുള്ളതായാല്‍ ടീം നന്നാകണമെന്നില്ല, എങ്കിലും സഞ്ജുവിനെപ്പോലുള്ള കളിക്കാര്‍ ടീമിലുണ്ടാകേണ്ടത് ഒരു ആവശ്യകതയാണ്. വളരെ അഗ്രസീവ് ആയിട്ടുള്ള ബാറ്റിംഗ് രീതിയാണ് സഞ്ജുവിന്റേത്. അതിന് റിസ്‌ക് ഫാക്ടര്‍ കൂടുതല്‍ ആണെങ്കിലും അത്തരത്തിലുള്ള നീക്കങ്ങളാണ് പലപ്പോഴും വിജയത്തിലേക്കുള്ള വഴി വെട്ടുന്നത്’; സോണിയുടെ വിലയിരുത്തല്‍.

കഴിവ് തെളിയിച്ചിട്ടും എന്തുകൊണ്ട് സഞ്ജുവിനെ ടീമില്‍ എടുക്കുന്നില്ല എന്നത് ഒരു ചോദ്യം തന്നെയാണ്. വേറെ ഒരാള്‍ക്ക് അവസരം നല്‍കുന്നത് കൊണ്ടല്ല, സഞ്ജുവിനെ പോലെ കഴിവുള്ളൊരു താരത്തിനെ മാറ്റി നിര്‍ത്തുന്നതു പോലെ തന്നെയാണ് തോന്നുന്നത്. ലോക കപ്പ് ടീമില്‍ സഞ്ജുവിനെ പരിഗണിക്കാന്‍ പറ്റിയില്ല. ഓസീസിനെതിരായ പരമ്പരയ്ക്കും ടീമിലെടുത്തില്ല. ഇത് പോലുള്ള സാഹചര്യത്തില്‍ സഞ്ജുവിന്റെ മുന്നോട്ടുള്ള പോക്ക് എങ്ങനെയായിരിക്കും എന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഐ പി എല്ലിലും ആഭ്യന്തര ടൂര്‍ണമെന്റുകളിലും സഞ്ജു കാണും, എന്നിരുന്നാലും അയാള്‍ ദേശീയ ടീമിലും ഉള്‍പ്പെടേണ്ട കളിക്കാരന്‍ തന്നെയാണ്.

ബാറ്റര്‍ ആയും വിക്കറ്റ് കീപ്പറായും സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കുന്നുണ്ട്. ഏഷ്യാ കപ്പില്‍ ഇടമില്ല, ഏഷ്യന്‍ ഗെയിംസില്‍ ഇടമില്ല, ലോകകപ്പില്‍ ഇടമില്ല. ഓസ്ട്രേലിയയുമായുള്ള ട്വന്റി -ട്വന്റി പരമ്പരയിലേക്കും തെരഞ്ഞെടുക്കപ്പെട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരുപക്ഷെ ഏറ്റവും മോശം രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട താരം സഞ്ജു സാംസണ്‍ ആയിരിക്കണം.

23നു വ്യാഴാഴ്ച വിശാഖപട്ടണത്തിലാണ് ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. രണ്ടാം ടി-ട്വന്റി 26 നു തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. പിന്നീടുള്ള മത്സരങ്ങള്‍ 28നു ഗുവാഹത്തിയിലും ഡിസംബര്‍ ഒന്നിനു റായ്പൂരിലും മൂന്നിനു ബെംഗളൂരുവിലും വച്ചായിരിക്കും നടക്കുക. ഈ പരമ്പരയ്ക്കു ശേഷം സൗത്താഫ്രിക്കന്‍ പര്യടനമാണ് ടീം ഇന്ത്യയെ കാത്തിരിക്കുന്നത്.

×