UPDATES

സയന്‍സ്/ടെക്നോളജി

ഇതെന്റെ ശബ്ദമല്ലേ…!

ഓപ്പൺ ഐക്കെതിരെ സ്കാർലെറ്റ് ജോഹാന്‍സണ്‍

                       

ഓപ്പൺ ഐക്കെതിരെ  സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ രംഗത്ത്. ഓപ്പൺഎഐയുടെ പുതിയ ചാറ്റ്ജിപിടി ഉത്പ്പന്നത്തിനു സ്കാർലറ്റിന്റേതിന് സാമ്യമുള്ള ശബ്ധം ഉപയോഗിച്ചതിനെതിരെയാണ് സ്‌കാര്‍ലെറ്റ് രംഗത്തത്തിയിരിക്കുന്നത്. Scarlett Johansson

ഒൻപത് മാസം മുമ്പ് ഓപ്പൺ എഐയുടെ, സിസ്റ്റത്തിന് ശബ്ദം നൽകാൻ തന്നെ സമീപിച്ചിരുന്നുവെങ്കിലും വ്യക്തിപരമായ കാരണങ്ങളാൽ നിരസിച്ചതായി താരം തന്റെ പ്രസ്താവനയിൽ പറഞ്ഞിട്ടുണ്ട്. പുതിയ എഐ സിസ്റ്റത്തിന്റെ ശബ്ദം കേട്ടപ്പോൾ താൻ അത്ഭുതപ്പെട്ടുവെന്നും  തന്റെ അടുത്ത സുഹൃത്തുക്കൾക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധമാണ് സാമ്യം എന്നും സ്കാർലറ്റ് പറഞ്ഞു. സ്‌കാര്‍ലെറ്റ് ജോഹാൻസൻ്റെ ശബ്ദവുമായി സാമ്യമുണ്ടെന്ന വ്യാപക വിമർശനങ്ങൾ നേരിട്ടതിനാൽ ചാറ്റ്ജിപിടിയിൽ നിന്ന് വോയ്‌സ് ഓപ്ഷൻ നീക്കം ചെയ്യാൻ ഓപ്പൺ എഐ തീരുമാനിക്കുകയും ചെയ്തു.

“സ്കൈ” എന്നാണ് ശബ്ദത്തിന് ഓപ്പൺ എ ഐ നൽകിയിരുന്ന പേര്. ഹെർ എന്ന സിനിമയിലെ സ്കാർലെറ്റ് ജോഹാൻസൻ്റെ കഥാപാത്രവുമായി എഐ സ്കൈയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഓപ്പൺഎഐയുടെ സിഇഒ, സാം ആൾട്ട്മാൻ വോയ്‌സ് ഡിസൈൻ സ്‌കാര്‍ലെറ്റ് ജോഹാൻസൻ്റെ കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ളതാണെന്ന സൂചന തന്റെ പോസ്റ്റിലൂടെ നൽകിയിരുന്നു.

സ്കൈ അവതരിപ്പിച്ച ശേഷം ‘ഹെർ’  എന്നാണ് സാം ആൾട്ട്മാൻ എക്‌സിൽ കുറിച്ചത്. പക്ഷെ, സ്കൈ സ്‌കാര്‍ലെറ്റ് ജോഹാൻസനെ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് ഓപ്പൺ എഐ വ്യക്തമാക്കിയിരുന്നു. സ്കൈയുടെ ശബ്ദം സ്‌കാര്‍ലെറ്റ് ജോഹാൻസന്റേത് അല്ലെന്നും, മറ്റൊരു പ്രൊഫഷണൽ നടിയുടേതാണെന്നും ഓപ്പൺ എഐയുടെ ബ്ലോഗ് പോസ്റ്റ് വ്യക്തമാക്കുന്നുണ്ട്. സ്വകാര്യത പ്രശ്‍നങ്ങളുള്ളതിനാൽ നടിയുടെ പേര് വെളിപ്പെടുത്താൻ ആകില്ലെന്നുമാണ് ഓപ്പൺ എഐയുടെ വിശദീകരണം.

സ്കൈയുടെ ശബ്ദം “ഹെർ” എന്ന സിനിമയിലെ സ്കാർലറ്റ് ജോഹാൻസൻ്റെ ശബ്ദവുമായി സാമ്യതയുണ്ടെന്ന് പലരും ചൂണ്ടികാണിച്ചിരുന്നു. സ്‌കാര്‍ലെറ്റ് ജോഹാൻസൻ്റെ ഭർത്താവ് കോളിൻ ജോസ്റ്റ് പോലും ശനിയാഴ്ച നൈറ്റ് ലൈവിൽ ഇക്കാര്യം പരാമർശിച്ചിരുന്നു. സ്കൈയുടെ ശബ്ദം അമിതമായി മുഖസ്തുതി പറയുന്നതിനൊപ്പം സ്റ്റീരിയോടൈപ്പ് രീതിയിലാണെന്നും ചിലർ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

കാലാതീതവും വിശ്വസനീയവുമായ ഗുണങ്ങളെ അടിസ്ഥാനമാക്കിയാണ് ചാറ്റ്ജിപിടിയുടെ ശബ്ദം തെരഞ്ഞെടുത്തതെന്ന് ഓപ്പൺ എഐ അവകാശപ്പെടുന്നുണ്ട്. 2023 ൽ അഞ്ച് മാസത്തിനിടെ നൂറുകണക്കിന് ശബ്ദ സാമ്പിളുകൾ അവലോകനം ചെയ്ത ശേഷം ഓപ്പൺ എഐ സെപ്റ്റംബറിൽ അഞ്ച് വ്യത്യസ്ത വോയ്‌സ് ഓപ്ഷനുകൾ പുറത്തിറക്കിയിരുന്നു. അതോടൊപ്പം, തെരഞ്ഞെടുത്ത വോയ്‌സ് ആർട്ടിസ്റ്റുകളെ റെക്കോർഡിങ്ങിനായി സാൻ ഫ്രാൻസിസ്കോയിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഓപ്പൺഎഐയ്ക്ക് ആവശ്യമായ രീതിയിലുളള പരിശീലനം നൽകുന്നതിനായാണ് ഇവരെ സാൻ ഫ്രാൻസിസ്കോയിലേക്ക് അയച്ചത്.

ഓപ്പൺ എഐയുടെ ബ്ലോഗ് പോസ്‌റ്റിൽ, സിനിമയിൽ നിന്നുള്ള ആളുകളുമായുള്ള പ്രവർത്തന രീതിയും ചാറ്റ്ജിപിടി വോയ്‌സുകളിലേക്ക് എങ്ങനെ ഉൾപ്പെടുത്തിയെന്നും  വ്യക്തമാക്കുന്നു. അതോടപ്പം, വോയ്‌സ് ആർട്ടിസ്റ്റുകൾക്ക് നൽകിയ പ്രതിഫലത്തെക്കുറിച്ചും പരാമർശിക്കുന്നു.

ഓപ്പൺഎഐ പോലുള്ള കമ്പനികൾ നടത്താനിടയുള്ള പകർപ്പവകാശ ലംഘനങ്ങളെക്കുറിച്ചും, മനുഷ്യരുട സ്ഥാനം ഏറ്റെടുക്കുമെന്ന ആശങ്കകളും ശക്തമാണ്. തന്മൂലം വിനോദ രംഗത്തുള്ളവർ, എഴുത്തുകാർ, മീഡിയ കമ്പനികൾ തുടങ്ങിയവർ വലിയ രീതിയിലുള്ള  വിമർശനങ്ങൾ ഉന്നയിക്കുകയും  പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തത്തുകയും ചെയ്തിട്ടുണ്ട്.

തന്റെ അനുമതിയില്ലാതെ എ ഐ ആപ്പ് ഉപയോഗിച്ച് പരസ്യം നിർമ്മിച്ചതിന് Lisa AI: 90’s Yearbook & Avatar എന്ന ഇമേജ് ജനറേറ്റിംഗ് ആപ്പിനെതിരെ സ്കാർലെറ്റ് ഇതിന് മുൻപും രംഗത്തത്തിയിരുന്നു.

അഭിനേത്രി, മോഡല്‍, ഗായിക എന്ന നിലകളില്‍ പ്രശസ്തിയാര്‍ജ്ജിച്ച താരമാണ് സ്‌കാര്‍ലെറ്റ് ജൊഹാന്‍സന്‍. 1994 -ല്‍ പുറത്തിറങ്ങിയ നോര്‍ത്ത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം. ബ്ലാക്ക് വിഡോ, ദി അവേഞ്ചേഴ്സ് എന്നിവയിലെ മികച്ച പ്രകടങ്ങളിലൂടെ കൂടുതല്‍ ആരാധകരെ നേടിയെടുക്കാന്‍ സ്‌കാര്‍ലെറ്റിന് സാധിച്ചിട്ടുണ്ട്.

 

Content summary; Scarlett Johansson alleged that OpenAI used a voice for ChatGPT that eerily resembled her own voice.

Share on

മറ്റുവാര്‍ത്തകള്‍