December 10, 2024 |
Share on

‘അത് ഓസീസ് താരം ആദം സാംപയല്ല, ഒരു സ്ലോവാക്യക്കാരനാണ്’

‘ വിശ്വകീരീടം’ നഷ്ടമായതിന്റെ കലി തീര്‍ക്കുന്ന ദേശ സ്‌നേഹികള്‍

ക്രിക്കറ്റിനെ ഒരു മതമായും, കളിക്കാരെ ദൈവങ്ങളായും കാണുന്ന ഒരേയൊരു രാജ്യം ഇന്ത്യയാണ്. കളി ജയിക്കുമ്പോള്‍ താരങ്ങളെ അവര്‍ തോളിലേറ്റുന്നു, തോല്‍ക്കുമ്പോള്‍ കോലം കത്തിക്കുകയും വീടിന് കല്ലെറിയുകയും ചെയ്യുന്നു. സ്വന്തം താരങ്ങളുടമേല്‍ കാണിക്കുന്ന അമിത സ്‌നേഹവും അതേ അളവിലുള്ള രോഷവും കാലങ്ങളായി തുടരുന്നതാണ്. എന്നാല്‍, എതിര്‍ ടീമുകളിലെ കളിക്കാരെ പിന്തുടര്‍ന്ന് അവരെയും കുടുംബത്തെയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പ്രവണത, ഇന്ത്യന്‍ ആരാധകര്‍ക്ക് ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍, പുതിയകാലത്തെ ‘ ദേശസ്‌നേഹികളായ’ ക്രിക്കറ്റ് ആരാധകര്‍ ആ പതിവ് തുടങ്ങിവച്ചിട്ടുണ്ട്. സ്റ്റേഡിയത്തില്‍ ജയ് ശ്രീറാം വിളിക്കുകയും, എതിര്‍ കളിക്കാരോട് മതവൈര്യത്തോടെ പെരുമാറുകയും, കളിക്കാരുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കുമെതിരേ ബലാത്സംഗ ഭീഷണി ഉയര്‍ത്തുകയുമൊക്കെ ചെയ്യുന്നവരാണ് ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള കായിക വിനോദത്തിന്റെ പുതിയ ആരാധകര്‍.

ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ ചാമ്പ്യന്മാരായതിനു പിന്നാലെ ഓസീസ് താരങ്ങളെയും കുടുംബങ്ങളെയും സോഷ്യല്‍ മീഡിയ വഴി അപമാനിക്കുകയാണ്. ഫൈനല്‍ വിജയത്തില്‍ നിര്‍ണായകമായ ട്രാവിസ് ഹെഡ്ഡിനെതിരേ രൂക്ഷമായ അധിക്ഷേപങ്ങള്‍ അന്നു തന്നെ ഉയര്‍ന്നു. ഹെഡിന്റെ ഭാര്യയെയും പിഞ്ചു കുഞ്ഞിനെയും വരെ ഭീഷണിപ്പെടുത്തുകയും ലൈംഗികമായി അധിക്ഷേപിക്കുകയും ചെയ്തു.

ഓസ്‌ട്രേലയിന്‍ താരങ്ങളോടുള്ള വൈര്യം എത്രത്തോളം അന്ധമായിട്ടുള്ളതാണെന്ന് മനസിലാക്കാന്‍ ‘ സോ കോള്‍ഡ്’ ഇന്ത്യന്‍ ദേശസ്‌നേഹികള്‍ക്കു സംഭവിച്ചിരിക്കുന്ന അബദ്ധത്തില്‍ നിന്നു മനസിലാക്കാം. ഒരു സ്ലോവാക്യക്കാരന്‍ സ്‌കീ റേസര്‍ ആദം സാംപയുടെ ഇന്‍സ്റ്റഗ്രാം പേജ് മുഴുവന്‍ ഹിന്ദിയിലുള്ള അധിക്ഷേപങ്ങളാണ്. ഓസീസ് സ്റ്റാര്‍ സ്പിന്നര്‍ ആദം സാംപയാണ് ഈ സാംപയെന്ന് കരുതിയാണ് തെറിവിളികള്‍. ലോകകപ്പില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ മൊഹമ്മദ് ഷമിക്ക് പിന്നില്‍ നില്‍ക്കുന്ന ബൗളറാണ് സാംപ. 11 മാച്ചുകളില്‍ നിന്നായി 23 വിക്കറ്റുകളാണ് ഈ ലെഗ്‌സ്പിന്നര്‍ നേടിയത്. ഫൈനല്‍ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിനെ പുറത്താക്കിയ ക്യാച്ച് എടുത്തതും സാംപയായിരുന്നു. ഇതിന്റെയൊക്കെ പേരിലാണ് ഓസീസ് ലെഗ് സ്പിന്നറെ ചീത്തവിളിക്കുന്നത്. എന്നാല്‍ ലോകത്തിലെ ക്രിക്കറ്റ് ആസ്വാദകര്‍ക്കെല്ലാം പരിചിതനായ കണ്ണാടിക്കാരന്‍ സാംപയെ തിരിച്ചറിയാതെയാണ് സ്ലോവാക്യക്കാരന്‍ സാംപയെ ഇന്ത്യയില്‍ നിന്നുള്ള ‘ ആരാധകര്‍’ അധിക്ഷേപിക്കുന്നത്. ഈ ഇന്‍സ്റ്റ പേജില്‍ ക്രിക്കറ്റ് താരമല്ലാത്ത സാംപ ഒരു ചെറു വിമാനം പറത്തുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ വീഡിയോക്കും അദ്ദേഹത്തിന്റെ മറ്റ് ചില ചിത്രങ്ങള്‍ക്കുമെല്ലാം താഴെവന്നാണ് ചീത്തവിളികള്‍.

ശുഭ്മാന്‍ ഗില്‍ എന്ന പേര് പോലും കേള്‍ക്കാന്‍ വഴയില്ലാത്ത സ്ലോവാക്യക്കാരന്‍, എന്തിനാണ് അറിയാത്ത ഭാഷയില്‍ നിന്ന് താനീ ചീത്തവിളി കേള്‍ക്കുന്നതെന്ന അമ്പരപ്പിലായിരിക്കും. ‘സുഹൃത്തുക്കളെ, ശാന്തരാകൂ, ഇദ്ദേഹം ക്രിക്കറ്റ് കളിക്കാരനല്ല, നിങ്ങള്‍ക്ക് ആളുതെറ്റി’ എന്ന് ഒരു ഇന്‍സ്റ്റ ഉപഭോക്താവ് കമന്റില്‍ വ്യക്തമായി പറഞ്ഞിട്ടും, അതൊന്നും ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല എന്ന മട്ടില്‍ അധിക്ഷേപങ്ങള്‍ തുടരുകയാണ്. നിന്നെയും നിന്റെ ടീമിനെയും ഞങ്ങള്‍ പാഠം പഠിപ്പിച്ചിരിക്കും എന്നൊക്കെയാണ് വെല്ലുവിളികള്‍!

 

View this post on Instagram

 

A post shared by Adam Zampa (@adamzampa13)

ദേശസ്‌നേഹം മുറ്റിയ ഇന്ത്യന്‍ ആരാധകരുടെ പ്രവര്‍ത്തിയില്‍ സ്ലോവാക്യക്കാരന്‍ സാംപയോട് പലരും ക്ഷമ ചോദിക്കുന്നുണ്ട്. ‘ ഹായ് ആദം. ഈ കാണുന്നതിനെല്ലാം നിങ്ങളോടു ക്ഷമ ചോദിക്കുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആദം സാംപയുടെ പേരിലാണ് ഇതെല്ലാം. വിദ്യാഭ്യാസമില്ലാത്ത ചില വിഡ്ഡികള്‍ നിങ്ങളെ ക്രിക്കറ്റ് കളിക്കാരനായി തെറ്റിദ്ധരിച്ചിരിക്കുകയാണ്, എങ്ങനെയെന്ന് ചോദിക്കരുത്. ചുമ്മാ ഇതങ്ങ് ആസ്വദിക്കൂ, അവരുപയോഗിക്കുന്ന ഭാഷയുടെ പേരില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു, നിറഞ്ഞ സ്‌നേഹം, ടേക് കെയര്‍’ എന്നാണ് ഒരു ഇന്‍സ്റ്റ യൂസര്‍ എഴുതിയിരിക്കുന്നത്. ഇതര രാജ്യങ്ങളില്‍ നിന്നുള്ള ഇന്‍സ്റ്റ ഉപഭോക്താക്കള്‍ ഇന്ത്യക്കാരുടെ ഈ ‘വിവരക്കേടി’നെ വലിയ രീതിയില്‍ പരിഹസിക്കുന്നുണ്ട്.

ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ ഭാര്യയും ദക്ഷിണേന്ത്യന്‍ വേരുകളുമുള്ള വിനി രാമനു നേരെയും അശ്ലീല അധിക്ഷേപങ്ങള്‍ ഇന്ത്യന്‍ ആരാധകരില്‍ നിന്നുണ്ടായി. തന്നെയും ഭര്‍ത്താവിനെയും അധിക്ഷേപിക്കുന്നവരെ ‘തലച്ചോര്‍’ ഇല്ലാത്തവരെന്നാണ് വിനി വിലയിരുത്തിയത്. ലോകത്ത് കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നും അതില്‍ കാണിക്കൂ നിങ്ങളുടെ രോഷമെന്നുമാണ് വിനി ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്.

ഫൈനലില്‍ സെഞ്ച്വറി നേടി ഓസീസ് വിജയം അനായാസമാക്കിയ ട്രാവിസ് ഹെഡ് നവംബര്‍ 19 രാത്രി മുതല്‍ ഓണ്‍ലൈന്‍ അധിക്ഷേപങ്ങള്‍ക്ക് ഇരയാകുന്നതാണ്. എന്നാല്‍ അതിലെ നിര്‍ഭാഗ്യകരമായ വസ്തുത, അദ്ദേഹത്തിന്റെ ഭാര്യയെയും ഒരു വയസുകാരി മകളെയും അവര്‍ വെറുതെ വിട്ടില്ലെന്നതാണ്. ബലാത്സംഗ ഭീഷണിയായിരുന്നു ആ പെണ്‍കുഞ്ഞിനും സ്ത്രീക്കും നേരെയുണ്ടായത്.

ഇതൊക്കെയും ഇന്ത്യയുടെ പുതിയ സ്വഭാവങ്ങളാണ്.

×