April 19, 2025 |
Share on

‘ജാതിയും ദാരിദ്ര്യവും തുടച്ചു നീക്കപ്പെടുന്നതുവരെ എന്റെ കഥകളിലെ ഇതിവൃത്തം അത് തന്നെയായിരിക്കും’- പെരുമാൾ മുരുകൻ

പെരുമാൾ മുരുകൻ അഴിമുഖവുമായി സംസാരിക്കുന്നു.

“ഇത് എഴുത്തുകാരന്റെ മരണമാണ്. ഇനി എന്റെ പേന ചലിക്കില്ല. ഞാൻ എഴുത്തു നിർത്തുന്നു ” എഴുത്തുകാരൻ സമൂഹമാധ്യമങ്ങളിലൂടെ തന്റെ മരണം സ്വയം പ്രഖ്യാപിച്ചു. ഭാഷയുടെ അതിർ വരമ്പില്ലാത്ത എഴുത്തുകാരന്റെ എണ്ണിയാലൊടുങ്ങാത്ത വായനക്കാർ പരിഭ്രാന്തരായി. അവർ അയാൾക്ക് നിഷേധിക്കപ്പെട്ട നീതിയുടെ മുറവിളിയുമായി തെരുവിലിറങ്ങി. മറുപുറത്തു എഴുത്തുകാരനും പ്രതിഷേധത്തിലായിരുന്നു ; നീതിക്കു വേണ്ടിയും ഇനി എഴുത്തിലേക്കില്ലെന്ന തന്റെ തന്നെ തീരുമാനത്തോടും. കുട്ടികാലത്തെപ്പോഴോ കൂടെ കൂടിയ അക്ഷരങ്ങളുടെ ഗന്ധം ആ അധ്യാപകനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ അവഗണിക്കാവുന്നതായിരുന്നില്ല. ഈ സംഘർഷങ്ങൾക്കൊടുവിൽ കാലം അതിന്റെ കാവ്യ നീതി പുലർത്തുക തന്നെ ചെയ്തു. അയാൾ വീണ്ടും എഴുതി “ഒരു ഭീരു ആർക്കും ഒരു കഷ്ടപ്പാടുമുണ്ടാക്കുന്നില്ല. ഭീരുവിന്റെ സാന്നിധ്യം മൂലം ലഹളകൾ പൊട്ടിപ്പുറപ്പെടുന്നില്ല. ഒരു ഭീരുവിനാൽ ഒന്നും നശിപ്പിക്കപ്പെടുന്നുമില്ല.” മാതൊരുഭാഗനിലൂടെ മരണം പുൽകിയ എഴുത്തുകാരൻ ഭീരുവിന്റെ പാട്ടിലൂടെ പുനർജനിച്ചു.

3 വർഷത്തോളമാണ് പെരുമാൾ മുരുകൻ എന്ന തമിഴ് സാഹിത്യകാരൻ എഴുത്തിൽ നിന്ന് പൂർണമായും വിട്ടുനിന്നത്. പെരുമാൾ മുരുകൻ മലയാളി വായനക്കരെ സംബന്ധിച്ചു പുതിയ മുഖമല്ല. പൂനാച്ചി, കീഴാളൻ തുടങ്ങി അദ്ദേഹത്തിന്റെ ഒട്ടനവധി കൃതികളാണ് മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇന്ത്യൻ പ്രാദേശിക ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ജർമ്മൻ തുടങ്ങിയ ഭാഷകളിലേക്കും കൃതികൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മാതോരുഭാഗൻ (അര്‍ദ്ധനാരീശ്വരന്‍) എന്ന കൃതിക്കെതിരെ ഹിന്ദു സംഘടനകളുടെ പ്രതിഷേധം ശക്തമായിരുന്നു. പുസ്തകത്തിന്റെ പ്രതികൾ കത്തിച്ച സംഘടനകളുടെ ഭീഷണിയെത്തുടർന്ന്, പെരുമാൾ മുരുകൻ കുടുംബസമേതം നാടുവിട്ടു. ഇതിനു പിന്നാലെയാണ് താൻ എഴുത്തു നിർത്തുകയാണെന്ന് മുരുകൻ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിക്കുന്നത്. മുരുകനെതിരെയുള്ള ക്രിമിനൽ കേസ് 2016 ജൂലൈയിൽ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഈ സംഭവത്തിന്റെ നീറ്റൽ ഇപ്പോഴും തന്നിൽ നിന്ന് വിട്ടുമാറിയിട്ടില്ലെന്ന് മുരുകൻ അഴിമുഖത്തിനോട് പറയുന്നു. ”ഈ സംഘർഷത്തിന്റെ നാളുകളെ കുറിച്ച് ഓർക്കുന്നതും പോലും അത്രയും വേദന ജനകമാണ്. ഈ സംഭവങ്ങളെ കുറിച്ച് പിന്നീടെപ്പോഴെങ്കിലും ഞാൻ എഴുതിയെന്നിരിക്കും. എന്നാൽ ഇപ്പോഴില്ല” അദ്ദേഹം പറയുന്നു. എഴുത്തിലേക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരാനുള്ള തീരുമാനത്തോടൊപ്പം മുരുകൻ മറ്റു പല തീരുമാനങ്ങളും സ്വീകരിച്ചിരുന്നു. ജനിച്ചു വളർന്ന നാടിൻറെ കഥ പറഞ്ഞിരുന്ന മുരുകൻ ഒരു സമൂഹം ജാതിയുടെ പേരിൽ നേരിടേണ്ടി വരുന്ന മാനസിക വ്യഥയുടെ , പട്ടിണിയുടെ, തുടങ്ങി അനേകം വിവേചനകളുടെ,അടിച്ചമർത്തലിന്റെ നിസഹാഹായതാവസ്ഥയിൽ കൂടി വ്യതിചലിക്കാറുണ്ട്. ഈ കഠിനമായ യാഥാർഥ്യങ്ങൾ എഴുതാതിരിക്കാൻ മുരുകന് കഴിയില്ലെങ്കിലും അദ്ദേഹം പിന്നീട് തന്റെ കഥകളിൽ പരാമർശിക്കുന്ന സ്ഥലങ്ങളിലും കഥാപത്രങ്ങളുടെ പേരിൽ വരെ കാര്യമായ മാറ്റങ്ങൾ വന്നു തുടങ്ങി. ‘അസുരൻ’ എന്ന പേരിൽ കഥാപത്രങ്ങളെ ആവിഷ്‌ക്കരിക്കാൻ തുടങ്ങിയത് വിവാദങ്ങളെ ക്ഷണിച്ചു വരുത്താൻ താല്പര്യം ഇല്ലാത്തതുകൊണ്ട് കൂടിയാണ്.അദ്ദേഹം പറയുന്നു. പെരുമാൾ മുരുകൻ അഴിമുഖവുമായി സംസാരിക്കുന്നു.

”നമ്മൾ കടന്നുപോയികൊണ്ടിരിക്കുന്നത് ഒരു വ്യവസായിക ജീവിതത്തിലൂടെയാണ്. വ്യാവസായിക ജീവിതത്തിൽ മൃഗങ്ങൾക്ക് അഭേദ്യമായ പങ്കുണ്ട്. പട്ടി പൂച്ച ആടു തുടങ്ങി മൃഗങ്ങളുടെ ഒരു വലിയ നിര ഏതെങ്കിലും ഒരുതരത്തിൽ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള അഭേദ്യമായ ഈ ബന്ധം ആവാസ വ്യവസ്ഥയെ സംബന്ധിച്ച് അനിവാര്യമാണ് താനും. പൂനാച്ചി ഉൾപ്പെടെയുള്ള എന്റെ പല കൃതികളിലും മനുഷ്യർക്ക് തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളായി മൃഗങ്ങളെ അവതരിപ്പിക്കുന്നതിന്റെ പ്രധാന കാരണവും ഇതു തന്നെയാണ്. അവയുടെ ഭാഷ നമുക്ക് എളുപ്പം മനസ്സിലാകും. അതെന്റെ എഴുത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. മൃഗങ്ങൾക്കിടയിലാണ് ഞാൻ ജീവിച്ചത്. അവയെ കുറിച്ച് എനിക്ക് എഴുതാതിരിക്കാനാവില്ല. എരുമചീമട്ടി’ എന്ന പേരിൽ എരുമയെക്കുറിച്ചുള്ള ഒരു കഥ ഞാൻ എഴുതിയിട്ടുണ്ട്. അവരെ മാറ്റിനിർത്തികൊണ്ട് ജീവിതം സാധ്യമാകില്ലെന്ന പോലെ എനിക്ക് എഴുത്തും സാധ്യമാകില്ല. എന്നെ സംന്ധിച്ചു എഴുതാൻ ഇനിയും നിരവധി വിഷയങ്ങളുണ്ട്. ആ വിഷയങ്ങളെല്ലാം എഴുതി തീർക്കുമോ എന്ന് ചോദിച്ചാൽ  ഇല്ലായെന്ന് പറയേണ്ടി വരും. എഴുതുന്നതിന് എനിക്ക് ധാരാളം സമയം ആവിശ്യമുണ്ട്. എഴുതുന്നതിന് മനസ്സിൽ ഒരു രൂപം തെളിഞ്ഞുവരണം. ഇതെല്ലാം ഒത്തുവന്നാൽ മാത്രമേ എഴുത്തിലേക്ക് തിരിയാൻ പറ്റുകയുള്ളു. ഇന്നത്തെ കാലത്തു എഴുത്തുകാരന് പറയാനുള്ള വിഷയങ്ങൾ വായനക്കാരുമായി നേരിട്ട് സംവദിക്കുന്നതിനുള്ള അവസരങ്ങൾ നന്നേ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയമോ-സാമൂഹികമോ കലയിലൂടെ സംവദിക്കുന്നതിന് നിരവധി വെല്ലുവിളികൾ നേരിടേണ്ടിവരും. എന്നാൽ അതിനെ പരോക്ഷമായി സമീപിക്കേണ്ടിവരുന്ന അവസ്ഥയിലൂടെയാണ് നമ്മൾ കടന്നു പോയികൊണ്ടിരിക്കുന്നത്. ഒരു ഫിക്ഷൻ സൃഷ്ടിയെ എങ്ങനെ സമീപിക്കണമെന്നതിനെ കുറിച്ചുള്ള അവബോധം സമൂഹത്തിന് വളരെ കുറവാണ്. ആ കാരണം കൊണ്ട് തന്നെയാണ് ഫിക്ഷനെ ആളുകൾ  മതപരമായും രാഷ്ട്രീയപരമായും സമീപിക്കുന്നത്. അതിനെ അവർ രാഷ്ട്രീയപരമായി ഉപയോഗപ്പെടുത്തുകയാണ്.” മുരുകൻ പറയുന്നു. താൻ കഥയിലൂടെ പറയാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജാതി വർണ്ണ വിവേചനകളും, കൊടിയ ദാരിദ്ര്യവും തുടച്ചു നീക്കപ്പെടും വരെയും തന്റെ കഥകളിലെ ഇതിവൃത്തം അത് തന്നെയായിരിക്കുമെന്ന് പെരുമാൾ മുരുകൻ പറഞ്ഞവസാനിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

×