UPDATES

‘ഞാന്‍ വിക്രാന്ത്, എന്റെ സഹോദരന്‍ മൊയീന്‍, എന്റെ അമ്മ സിഖ്, അച്ഛന്‍ ക്രിസ്ത്യന്‍, ഭാര്യ ഹിന്ദു’

മതം മനുഷ്യ നിര്‍മിതമായ ഒന്നുമാത്രമാണെന്ന് 12th Fail ആക്ടര്‍ വിക്രാന്ത് മസ്സേ

                       

12th Fail എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെമ്പാടും ആരാധാകരെ സൃഷ്ടിച്ചിരിക്കുകയാണ് വിക്രാന്ത് മസ്സേ. സിനിമയുടെ വിജയം വിക്രാന്തിന്റെ കരിയര്‍ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഇപ്പോള്‍ താരം തന്റെ കുടുംബത്തെ കുറിച്ച് പങ്കുവച്ചിരിക്കുന്ന ചില കാര്യങ്ങളാണ് ആരാധകരെ വീണ്ടും സന്തോഷിപ്പിച്ചിരിക്കുന്നത്. രാജ്യം മതത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവ് കൂടുതലായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നൊരു കാലത്ത് വിക്രാന്ത് മസ്സേ മുന്നോട്ടുവയ്ക്കുന്ന തന്റെ കുടുംബ കഥ ഒരു മതേതതരത്വ രാജ്യമായി ഇന്ത്യ നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കെല്ലാം ആഹ്ലാദവും പ്രതീക്ഷകളും നല്‍കുന്നത്.

‘ നാനാത്വത്തിലെ ഏകത്വം എന്ന ആപ്തവാക്യം പ്രതിഫലിക്കുന്നൊരു കുടുബം ചിത്രമാണ് വിക്രാന്തിന്റെത്. സിഖുകാരിയായ അമ്മ, ക്രിസ്ത്യാനിയായ അച്ഛന്‍, തന്റെ കൗമാരകാലത്ത് ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത സഹോദരന്‍, ഹിന്ദുവായ ഭാര്യ, പിന്നെ താനും അടങ്ങുന്നതാണ് തന്റെ കുടുംബം എന്നാണ് വിക്രാന്ത് പരിചയപ്പെടുത്തുന്നത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ അണ്‍ഫില്‍റ്റേര്‍ഡ് ബൈ സാംദിഷ്-ന്റെ ഏറ്റവും പുതിയ എപ്പിസോഡ് വിക്രാന്ത് മസ്സേയുടെ അഭിമുഖമാണ്. ഈ പരിപാടിയിലാണ് വിക്രാന്ത് തന്റെ മതേതരത്വ കാഴ്ച്ചപ്പാടുകള്‍ പങ്കുവയ്ക്കുന്നത്. വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ മതവും ആത്മീയതവുമായി ബന്ധപ്പെട്ട പലതരം വിവാദങ്ങള്‍ക്ക് താന്‍ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്.

വിക്രാന്ത് മസ്സേയുടെ വാക്കുകള്‍: എന്റെ സഹോദരന്റെ പേര് മൊയീന്‍ എന്നാണ്. ഞാന്‍ വിക്രാന്തും. എന്തുകൊണ്ടാണ് മൊയീന്‍ എന്ന പേര് എന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടോ? അദ്ദേഹം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്തു. എന്റെ കുടുംബം മതപരിവര്‍ത്തനത്തിന് അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. എന്റെ മാതാപിതാക്കള്‍ പറഞ്ഞത്, മകനേ നിനക്ക് സംതൃപ്തി കണ്ടെത്താന്‍ കഴിയുന്നുണ്ടെങ്കില്‍ മുന്നോട്ട് പോകൂ എന്നായിരുന്നു. 17മത്തെ വയസിലാണ് ചേട്ടന്‍ ഇസ്ലാമായത്. അതൊരു വലിയ കാര്യം തന്നെയായിരുന്നു. എന്റെ അമ്മയൊരു സിഖുകാരിയാണ്. പള്ളിയില്‍ പോകുന്നൊരു ക്രിസ്ത്യാനിയാണ് എന്റെ അച്ഛന്‍. ആഴ്ച്ചയില്‍ രണ്ടു ദവസമെങ്കിലും അദ്ദേഹം പള്ളിയില്‍ പോകും. ചെറിയ പ്രായത്തില്‍ തന്നെ മതവും ആത്മീയതുമായി ബന്ധപ്പെട്ട ഒട്ടനവധി വാദപ്രതിവാദങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്’ .

തന്റെ സഹോദരന്‍ ഇസ്ലാം മതം സ്വീകരിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ അച്ഛനെ ചോദ്യം ചെയ്തിരുന്നുവെന്ന് വിക്രാന്ത് പറയുന്നു. ‘എന്തിനാണ് അതിന് അനുവദിച്ചതെന്നായിരുന്നു ബന്ധുക്കളുടെ ചോദ്യം. നിങ്ങള്‍ നിങ്ങളുടെ കാര്യം തിരക്കൂ എന്നായിരുന്നു അവരോടുള്ള അച്ഛന്റെ മറുപടി. അവന്‍ എന്റെ മകനാണ്, അവന് എന്നെ മാത്രം കാര്യങ്ങള്‍ ബോധ്യമാക്കിയാല്‍ മതിയായിരുന്നു, അവന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവുമുണ്ട്, ഇതായിരുന്നു അച്ഛനുണ്ടായിരുന്ന വിശദീകരണം. ഈ സംഭവത്തിനുശേഷമാണ് ഞാന്‍ എന്നോട് സ്വയം ചില ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചത്, എന്താണ് മതം? അത് മനുഷ്യ നിര്‍മിതമായ ഒന്നുമാത്രമാണ്’.

ശീതള്‍ താക്കൂറിനെയാണ് വിക്രാന്ത് മാസ്സേ വിവാഹം കഴിച്ചിരിക്കുന്നത്. അടുത്തിടെയാണ് ഇരുവര്‍ക്കുമൊരു ആണ്‍കുഞ്ഞു പിറന്നത്. മകനെ യുക്തിവാദം പഠിപ്പിക്കുകയെന്നത് മാതാപിതാക്കള്‍ എന്ന നിലയില്‍ തങ്ങളുടെ ലക്ഷ്യമാണെന്നാണ് വിക്രാന്ത് പറയുന്നത്. എന്നാല്‍ ഭാരതീയമായ ചില കാര്യങ്ങള്‍ ബഹുമാനിക്കേണ്ടതായുമുണ്ട്. പ്രത്യേകിച്ച് ഹിന്ദു സംസ്‌കാരവുമായി ബന്ധപ്പെട്ട്, ഞാന്‍ അവയില്‍ വിശ്വസിക്കുന്നു എന്നും വിക്രാന്ത് പറയുന്നു. അത് സംസ്‌കാരവുമായി ബന്ധപ്പെട്ടതാണെന്നും ഒരിക്കലും മതപരമല്ലെന്നും വിക്രാന്ത് വ്യക്തമാക്കുന്നുണ്ട്. ഈ സംസ്‌കാരം ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും പിന്തുടരുന്നതാണ്. ദീപാവലി ഇന്ത്യയില്‍ മാത്രം ആഘോഷിക്കുന്ന ഒന്നാണ്, ഞാനുമത് ആഘോഷിക്കുന്നു. അതെന്റെ ബാല്യകാല ഓര്‍മകളുമായി ബന്ധപ്പെട്ടു കിടക്കുന്നതുമാണ്- മാസ്സേ പറയുന്നു.

എല്ലാം മതപരമായിരിക്കേണ്ട ആവശ്യമില്ല. ലക്ഷ്മി പൂജ ചെയ്താല്‍ ഐശ്വര്യം ലഭിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഞാനത് ചെയ്യുന്നുണ്ടെങ്കില്‍, ഞാനത് കണ്ടുവളര്‍ന്നൊരാളായതുകൊണ്ടാണ്, അതിപ്പോളെന്റെ ജീവിതത്തിന്റെ ഭാഗമാണ്. എന്റെ അച്ഛനും ലക്ഷ്മി പൂജയുടെ ഭാഗമാകാറുണ്ട്. അച്ഛന്‍ ആഴ്ച്ചയില്‍ രണ്ടു ദിവസം പള്ളിയില്‍ പോകുന്നയാളാണ്. അതേയാള്‍ തന്നെ എന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ലക്ഷ്മിപൂജയിലും കൂടും. ഇതെല്ലാം കൊണ്ടുതന്നെ, മനോഹരമായൊരു കുടുംബമാണ് എന്റെത്’- വിക്രാന്ത് മസ്സേ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍