UPDATES

‘നമ്മള്‍ സ്‌നേഹിച്ചിരുന്ന, നിങ്ങള്‍ അര്‍ഹിക്കുന്ന ആ ഇന്ത്യയെ നമ്മള്‍ തിരിച്ചു പിടിക്കും’; പ്രിയപ്പെട്ട അച്ഛന് ആശംസകളുമായി ആകാശിയും ശന്തനുവും

സഞ്ജീവ് ഭട്ടിന് ഇന്ന് 60 ആം പിറന്നാള്‍, തടവറയില്‍ അടച്ചിട്ട് 5 വര്‍ഷവും 3 മാസവും 17 ദിവസവും

                       

ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഓഫീസറായിരുന്ന സഞ്ജീവ് ഭട്ടിന്റെ 60-മത് ജന്മദിനത്തില്‍ മക്കളായ ആകാശിയും ശന്തനവും സമൂഹമാധ്യമത്തില്‍ വൈകാരികമായൊരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

ഗുജറാത്ത് വംശഹത്യയില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് മൊഴി നല്‍കുകയും കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ചെയ്ത ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. 32 വര്‍ഷം മുന്‍പ് നടന്ന ഒരു കസ്റ്റഡി മരണം, മയക്കുമരുന്ന് കേസ് എന്നിവ ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട സഞ്ജീവ് ഭട്ട് ജാമ്യം നിഷേധിക്കപ്പെട്ട് അഞ്ചു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്. പിതാവ് തടവറയില്‍ കഴിയുമ്പോഴും, തങ്ങള്‍ക്ക് അദ്ദേഹത്തിനു മേലുള്ള വിശ്വാസവും സ്‌നേഹവും വ്യക്തമാക്കുന്നതാണ് ആകാശിയുടെയും ശന്തനവിന്റെ പിറന്നാള്‍ ആശംസകള്‍. ആ കുറിപ്പിന്റെ മലയാള വിവര്‍ത്തനമാണ് താഴെ നല്‍കിയിരിക്കുന്നത്;

പ്രിയപ്പെട്ട അച്ഛന്,

അച്ഛന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ 60 വര്‍ഷങ്ങളാണ് കടന്നുപോയിരിക്കുന്നത്. ഞങ്ങളുടെ സ്‌നേഹത്തില്‍ പൊതിഞ്ഞ സമ്മാനങ്ങള്‍ക്കും, പിറന്നാള്‍ ആശംസകള്‍ക്കും ഇടയില്‍ അച്ഛനീ പിറന്നാള്‍ നമ്മുടെ കുടുംബത്തോടൊപ്പം ആഘോഷിച്ചിരുന്നേനെ, ഞങ്ങളുടെ ആലിംഗനത്തില്‍ മറ്റെങ്ങും പോകാന്‍ അനുവദിക്കാതെ ഞങ്ങള്‍ അച്ഛനെ വീട്ടില്‍ ബന്ധിച്ചേനെ. ഈ കഴിഞ്ഞ കാലം വരെ നമ്മള്‍ അച്ഛന്റെ പിറന്നാള്‍ ഈ വിധമായിരുന്നു ആഘോഷിച്ചിരുന്നത്. അത്രയും ആഹ്ലാദത്തോടെയാണ് നമ്മള്‍ ആഘോഷിക്കാറുള്ളതും പുതിയ പിറന്നാളിനെ കാത്തിരിക്കാറുള്ളതും. എന്നാല്‍ ദുരുദ്ദേശ്യപരമായി അങ്ങയെ തടവിലാക്കിയിട്ട് അഞ്ചു വര്‍ഷവും മൂന്നു മാസവും 17 ദിവസവും പിന്നിടുകയാണ്. ഒരു വലിയ വേലിയേറ്റത്തിലൂടെ കാര്യങ്ങളെല്ലാം മാറി മറിയുന്നത് ശുഭപ്രതീക്ഷയോടെ ഞങ്ങള്‍ ഉറ്റുനോക്കുകയാണ്. അടുത്ത വര്‍ഷം ഈ സമയം, നമ്മുടെ വീടിന്റെ ഊഷ്മളതയിലും സന്തോഷത്തിലും ഞങ്ങള്‍ ഒരുമിച്ച് നിങ്ങളുടെ ജന്മദിനം ആഘോഷിക്കും. അച്ഛാ, ഈ ലോകം നിങ്ങളെ അര്‍ഹിക്കുന്നുണ്ട്. നിങ്ങളെ പ്രതി ഞങ്ങള്‍ എത്രമാത്രം അഭിമാനിക്കുന്നുണ്ടെന്നു പറയാന്‍ ഈ വാക്കുകള്‍ക്ക് സാധിക്കില്ല. നിങ്ങളുടെ ധൈര്യവും ശക്തിയും ദൃഢനിശ്ചയവും ഞങ്ങളെ പോലെ ലോകമെമ്പാടുമുള്ള പതിനായിരങ്ങളെയും പ്രചോദിപ്പിക്കുന്നുണ്ട്. കഴിഞ്ഞ പോയ ഈ അഞ്ചു വര്‍ഷങ്ങള്‍ ഞങ്ങള്‍ക്ക് അതികഠിനമായിരുന്നു. പക്ഷെ അച്ഛന്‍ എല്ലായ്‌പ്പോഴും പറയാറുള്ളതുപോലെ നമ്മളെ ഇല്ലാതാക്കാന്‍ കഴിയാത്തതിന് നമ്മളെ ശക്തരാക്കാന്‍ കഴിയും. ഈ നിര്‍ദ്ദയന്മാരായ ഭരണകൂടം നിങ്ങളെ തകര്‍ക്കാന്‍ കഴിയുമെന്ന് മൂഢ വിചാരത്തിലായിരുന്നു. എന്നാല്‍ അവര്‍ക്കറിയില്ലായിരുന്നു, അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പോലും കഴിയാത്ത ഉരുക്ക് കൊണ്ടാണ് നിങ്ങളെ നിര്‍മ്മിച്ചിരിക്കുന്നതെന്ന്.

അച്ഛാ, ഞങ്ങള്‍ അങ്ങയെ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. ഞങ്ങള്‍ അച്ഛന് സ്‌നേഹം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നു. ഇത് അങ്ങേയറ്റം ശ്രമകരമായ സമയങ്ങളാണ്, പക്ഷേ, ഈ ക്രൂരമായ ഭരണകൂടത്തിന്റെ കൈകളില്‍ നമുക്ക് നഷ്ടപ്പെട്ട സമയം നികത്തപ്പെടുമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.

ഈ പുതുവര്‍ഷം അജ്ഞതയുടെയും നിസ്സംഗതയുടെയും ഗാഢനിദ്രയില്‍ നിന്ന് ഇന്ത്യയിലെ ജനങ്ങളെ ഉണര്‍ത്തുകയും, നമ്മള്‍ സ്‌നേഹിച്ചിരുന്ന ആ ഇന്ത്യയെ നിങ്ങള്‍ അര്‍ഹിക്കുന്ന ആ ഇന്ത്യയെ പോരാടി തിരിച്ചുപിടിക്കുകയും ചെയ്യട്ടെ എന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

Share on

മറ്റുവാര്‍ത്തകള്‍