പാലക്കാട് നടക്കുന്ന മാതൃഭൂമി മെഗാ ബുക്ക് ഫെയറില്‍ പുസ്തക പ്രേമികളുടെ ഒഴുക്ക്. വായനയുടെ വൈവിധ്യം ഒരുക്കിയിരിക്കുന്ന ബുക്ക് ഫെയറില്‍ നോണ്‍-ഫിക്ഷന്‍ വിഭാഗത്തില്‍ വായനക്കാരുടെ പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുകയാണ് അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങള്‍. ഇന്ത്യയിലെ മുന്‍നിര അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകനും മലയാളിയുമായ ജോസി ജോസഫ് രചിച്ച ഫീസ്റ്റ് ഓഫ് വള്‍ച്ചേഴ്‌സ്, സൈലന്റ് കൂ എന്നീ പുസ്തകങ്ങളുടെ മലയാളം പതിപ്പുകളായ കഴുകന്മാരുടെ വിരുന്ന്, നിശബ്ദ അട്ടിമറി, പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ രചിച്ച മണിപ്പൂര്‍ എഫ് ഐ ആര്‍ എന്നീ പുസ്തകങ്ങളാണ് മെഗാ ബുക്ക് ഫെയറില്‍ നോണ്‍-ഫിക്ഷകന്‍ വിഭാഗത്തില്‍ വായനക്കാരുടെ ഇഷ്ടപുസ്തകങ്ങളാകുന്നത്.
ജോസി ജോസഫിന്റെ ആദ്യ പുസ്തകമായ ‘കഴുകന്മാരുടെ വിരുന്ന്’ ഇന്ത്യന്‍ ജേര്‍ണലിസത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലുകളിലൊന്നാണ്. അതിന്റെ പുറകിലുള്ള ഗവേഷണവും അതിന്റെ അവതരണ ശൈലിയും വലിയ ചര്‍ച്ചയായി. ഏറ്റവും പാവപ്പെട്ട മനുഷ്യരുടെ കഥയില്‍ നിന്ന് ഏറ്റവും ധനികരായ മനുഷ്യരിലേയ്ക്ക് സഞ്ചരിച്ചെത്തുന്ന, സൂക്ഷ്മ ന്യൂനപക്ഷമായ അതിസമ്പന്നര്‍ക്ക് വേണ്ടി നിത്യവും ദരിദ്രരാക്കപ്പെടുന്ന ബഹുഭൂരിപക്ഷം മനുഷ്യരെ സൃഷ്ടിക്കുന്ന, നമ്മുടെ വ്യവസ്ഥയെ തെളിച്ചത്തോടെ അടയാളപ്പെടുത്തുന്ന ‘കഴുകന്മാരുടെ വിരുന്ന്’ ഇന്ന് ജേണലിസം ഗൗരവത്തോടെ ചെയ്യാനാഗ്രഹിക്കുന്ന സര്‍വ്വരുടേയും അടിസ്ഥാന പാഠപുസ്തകങ്ങളിലൊന്നാണ്.
ജോസി ജോസഫിന്റെ രണ്ടാമത്തെ പുസ്തകമായ നിശബ്ദ അട്ടിമറി, അനുദിനം നമ്മള്‍ അനുഭവിക്കുന്ന, സാക്ഷ്യം വഹിക്കുന്ന അനീതികളുടെ ഉറവിടമാണ് അനാവരണം ചെയ്യുന്നത്. നൂറുകണക്കിന്, ആയിരക്കണക്കിന്, ലക്ഷക്കണക്കിന് മനുഷ്യരെ ഇരയാക്കി മാറ്റിക്കൊണ്ട് എങ്ങനെയാണ് ഇന്ത്യന്‍ ഭരണകൂടങ്ങളെ നിയന്ത്രിച്ച് പോരുന്ന ഒരു രഹസ്യസംഘം പ്രവര്‍ത്തിച്ച് പോരുന്നത് എന്ന് മനുഷ്യരുടെ അനുഭവങ്ങളിലൂടെ, വാര്‍ത്തകളിലൂടെ, വാര്‍ത്തകള്‍ക്ക് പിന്നിലെ നാമറിയാത്ത കഥകളിലൂടെ, ചരിത്രത്തിലൂടെ, നിയമങ്ങളിലൂടെ, നിയമ നിര്‍മ്മാണങ്ങളിലൂടെ, അതിന്റെ ദുരുപയോഗത്തിന്റെ ചരിത്രത്തിലൂടെ, കശ്മീരും ശ്രീലങ്കയും മണിപ്പൂരും പഞ്ചാബും ഗുജറാത്തും അടങ്ങിയ ദേശങ്ങളില്‍ ഒരോ കാലങ്ങളില്‍ ഉണ്ടായ ദുരന്തങ്ങളിലൂടെ, അനീതി പേമാരി പോലെ പെയ്ത കാലഘട്ടങ്ങളുടെ വിവരണങ്ങളിലൂടെ, ജോസി രേഖപ്പെടുത്തുന്നു.
ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ ‘മണിപ്പുര്‍ എഫ്ഐആര്‍’ അഴിമുഖം ബുക്‌സിന്റെ മൂന്നാമത്തെ പുസ്തകമാണ്. ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുള്ള ജോര്‍ജ് കള്ളിവയലില്‍ രചിച്ച പുസ്തകത്തില്‍ മണിപ്പുരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയാറെടുപ്പുകള്‍, അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രം, ഇനിയുള്ള വെല്ലുവിളികള്‍, സമാധാന ശ്രമങ്ങള്‍ എന്നിവ സമഗ്രമായി വിവരിക്കുന്നുണ്ട്.
അഴിമുഖം ബുക്‌സിന്റെ ‘ജേര്‍ണലിസം സീരീസിലെ’ മൂന്നു പുസ്തകങ്ങളായാണ് കഴുകന്മാരുടെ വിരുന്നും, നിശബ്ദ അട്ടിമറിയും, മണിപ്പൂര്‍ എഫ് ഐ ആറും പുറത്തിറങ്ങിയത്. ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചിരിക്കുന്നത്.
ജനുവരി 14 വരെ മാതൃഭൂമി മെഗാ ബുക്ക് ഫെയര്‍ തുടരും. രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയാണ് പരിപാടി. പ്രവേശനം സൗജന്യമാണ്. ആകര്‍ഷകമായ വിലക്കുറവോടെയാണ് ബുക്ക് ഫെയറില്‍ പുസ്തക വില്‍പ്പന നടക്കുന്നത്. വായനശാലകള്‍ക്കും സ്‌കൂള്‍, കോളേജ് ലൈബ്രറികള്‍ക്കും പ്രത്യേക വിലക്കിഴിവും ലഭിക്കും.