അഴിമുഖം ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ ‘മണിപ്പുര്‍ എഫ് ഐ ആറിന്റെ’ ഔദ്യോഗിക പ്രകാശനം നവംബര്‍ 12 (ഞായറാഴ്ച)എറണാകുളം ഗസ്റ്റ്ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ രമേശ് ചെന്നിത്തല ആദ്യ കോപ്പി ഏറ്റുവാങ്ങും.
വ്യവസായ മന്ത്രി പി. രാജീവ്, മുന്‍ കേന്ദ്രമന്ത്രിയും ഡല്‍ഹിയിലെ കേരള സര്‍ക്കാര്‍ പ്രതിനിധിയുമായ പ്രൊഫ. കെ. വി. തോമസ്, എംപിമാരായ ജോസ് കെ. മാണി, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, തോമസ് ചാഴികാടന്‍, ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, എംഎല്‍എമാര്‍, മേയര്‍ അടക്കം നിരവധി പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും. എറണാകുളം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ ഞായറാഴ്ച രാവിലെ 9.15നാണ് ചടങ്ങ്. ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും നീണ്ട കലാപത്തെക്കുറിച്ച് സമ്മേളനത്തില്‍ ചര്‍ച്ച നടക്കും.
2023-ല്‍ പൊട്ടിപ്പുറപ്പെട്ട മണിപ്പൂര്‍ കലാപത്തെ കുറിച്ചുള്ള സൂക്ഷ്മ അന്വേഷണമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോര്‍ജ് കള്ളിവയലില്‍ എഴുതിയ മണിപ്പൂര്‍ എഫ് ഐ ആര്‍. മണിപ്പൂരിന്റെ ചരിത്രം, കലാപത്തിന്റെ പശ്ചാത്തലം, സങ്കീര്‍ണമായ സാഹചര്യങ്ങള്‍, അധികമാരും അറിയാത്ത പിന്നാമ്പുറക്കഥകള്‍, അതിക്രൂരമായ വേട്ടയ്ക്ക് പ്രേരകമായ പക, അക്രമ പരമ്പരകളുടെ നാള്‍വഴികള്‍, മാസങ്ങള്‍ നീണ്ട അക്രമങ്ങള്‍ക്കും പ്രതിരോധത്തിനുമുള്ള തയ്യാറെടുപ്പുകള്‍ എന്നിവ തുടങ്ങി അനേകരുടെ മരണത്തിലേക്ക് നയിച്ച ഏറ്റുമുട്ടലുകളുടെ ബാക്കിപത്രവും ഇനിയുള്ള വെല്ലുവിളികളും സമാധനത്തിനുള്ള അനിവാര്യതകളും വിവരിക്കുന്ന സമഗ്രമായൊരു വിവരണമാണ് ദേശീയ-അന്തര്‍ദേശീയ റിപ്പോര്‍ട്ടിംഗില്‍ മൂന്നര പതിറ്റാണ്ടു നീണ്ട അനുഭവങ്ങളുടെ ഉടമയായ ജോര്‍ജ് കള്ളിവയലില്‍ രചിച്ച ഈ പുസ്തകം.
അഴിമുഖം ബുക്ക് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്തകമാണ് മണിപ്പൂര്‍ എഫ് ഐ ആര്‍. വിഖ്യാത അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍ ജോസി ജോസഫിന്റെ ‘ കഴുകന്മാരുടെ വിരുന്ന്’, ‘നിശബ്ദ അട്ടിമറി’ എന്നീ പുസ്തകങ്ങള്‍ക്ക് പിന്നാലെയാണ് അഴിമുഖത്തിന്റെ ‘ജേര്‍ണലിസം സീരീസിലെ’ അടുത്ത പുസ്തകമായി മണിപ്പൂര്‍ എഫ് ഐ ആര്‍ വായനക്കാരിലെത്തുന്നത്. ജനാധിപത്യം പ്രതിസന്ധി നേരിടുന്ന വര്‍ത്തമാന കാലത്ത് കൂടുതല്‍ ശക്തവും സ്വതന്ത്രവുമായ മാധ്യമപ്രവര്‍ത്തനത്തിന് പ്രസക്തി വര്‍ദ്ധിക്കുന്നു എന്ന തിരിച്ചറിവോടെയാണ് ജേര്‍ണലിസ്റ്റുകളുടെ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ ‘അഴിമുഖം’ തീരുമാനിച്ചിരിക്കുന്നത്.