UPDATES

മണിപ്പൂര്‍ കത്തുമ്പോള്‍ അമേരിക്കയ്ക്കു പോയ മോദി

മന്‍ കി ബാത്ത് അല്ല, മണിപ്പൂര്‍ കി ബാത്ത് നടത്താന്‍ മോദിയോട് പ്രതിപക്ഷം

                       

‘യാതൊരു വിലയും ഞങ്ങള്‍ക്കില്ലെന്ന് തോന്നുകയാണ്. ഞങ്ങളെന്തെങ്കിലും യാചിച്ചു വന്നവരല്ല, ഞങ്ങള്‍ യാചകരുമല്ല. ഞങ്ങളുടെ ആളുകള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്, ഞങ്ങളുടെ നാട് കത്തിയെരിയുകയാണ്. ഞങ്ങള്‍ക്ക് സമാധാനം വേണം, പക്ഷേ ഞങ്ങള്‍ക്കു വേണ്ടി പ്രധാനമന്ത്രിക്ക് അഞ്ചു മിനിട്ട് സമയം പോലുമില്ല…’

മണിപ്പൂരിന്റെ ദുരിതം പേറുന്നൊരു മനുഷ്യന്റെ എല്ലാ വേദനയും നിരാശയുമുണ്ട് ഒക്രം ഇബോബി സിംഗിന്റെ വാക്കുകളില്‍. 40 ലേറെ ദിവസങ്ങളായി കലാപബാധിതമാണ് മണിപ്പൂര്‍. സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം 100 ല്‍ അധികം മനുഷ്യര്‍ കൊല്ലപ്പെട്ടു. 60,000 ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു. ഇന്നലെ(ചൊവ്വാഴ്ച്ച) രാത്രിയും അവിടെ മണിക്കൂറുകളോളം വെടിവയ്പ്പ് നടന്നു. ഒരു ഇന്ത്യന്‍ സംസ്ഥാനത്തിന്റെ ഇത്തരത്തിലുള്ള ദുര്‍ഗതിയില്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. മണിപ്പൂരില്‍ നിന്നുള്ള പത്തംഗ പ്രതിനിധി സംഘത്തെ കാണാനും തയ്യാറായില്ല. അദ്ദേഹം ചൊവ്വാഴ്ച്ച വിദേശ പര്യടനത്തിനു പോയി. ആ അവഗണനയ്‌ക്കെതിരെയാണ് മണിപ്പൂരിന്റെ മുന്‍ മുഖ്യമന്ത്രി കൂടിയായ സിംഗ് വേദനയോടെ പറഞ്ഞത്, ‘ ഞങ്ങള്‍ യാചിക്കാന്‍ വന്നതല്ലെന്നും യാചകരാണെന്നു കരുതേണ്ടെന്നും.

മണിപ്പൂര്‍ കലാപം തുടങ്ങി രണ്ടു മാസമാകുമ്പോഴും, സമാധാനാഹ്വാനത്തിനായി തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഒരു വരി പോലും കുറിച്ചിട്ടില്ല മോദി. ഇപ്പോഴിതാ ആ നാടിന്റെ സമാധാനകാംക്ഷികളായവരെ കാണാനോ കേള്‍ക്കാനോ തയ്യാറാകാതെ വിദേശത്തേക്ക് പോയി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള, സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, ശിവസേന(യുബിടി), എന്‍സിപി, ഫോര്‍വേര്‍ഡ് ബ്ലോക്ക്, ആര്‍എസ്പി അംഗങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിപക്ഷത്തെ പത്തംഗ പ്രതിനിധി സംഘം ജൂണ്‍ പത്തു മുതല്‍ സംഘം ഡല്‍ഹിയിലുണ്ട്. ജൂണ്‍ 10 ന് സന്ദര്‍ശനാനുമതി ചോദിച്ച് പ്രധാനമന്ത്രിയുടെ ഓഫിസിന് അവര്‍ അപേക്ഷ സമര്‍പ്പിച്ചു. ജൂണ്‍ 12 ന് പ്രധാനമന്ത്രിയെ കണ്ടു സംസാരിക്കാന്‍ ആഗ്രഹിച്ചു. എന്നാലവര്‍ക്ക് സമയം അനുവദിച്ച് കിട്ടിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഏതെങ്കിലും തരത്തിലുള്ള പ്രതികരണത്തിനു പോലും തയ്യാറായില്ല. മോദി ചൊവ്വാഴ്ച്ച അമേരിക്കയ്ക്കു പോയി. സംസ്ഥാനത്ത് സാധാരണ നില പുനഃസ്ഥാപിച്ചു കിട്ടുക മാത്രമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും, അതിനോട് ഇത്തരത്തില്‍ നിസ്സംഗത കാണിക്കാന്‍ വിധം തങ്ങള്‍ എന്തെങ്കിലും യാചിക്കാന്‍ വന്നവരാണെന്ന തോന്നല്‍ പ്രധാനമന്ത്രിക്ക് വേണ്ടെന്നുമാണ് പ്രതിനിധി സംഘാംഗങ്ങള്‍ പഞ്ഞത്. വിദേശനേതാക്കള്‍ ആരെങ്കിലും മണിപ്പൂരിനെ കുറിച്ച് ചോദിച്ചാല്‍ എന്തു മറുപടി ഇന്ത്യന്‍ പ്രധാനമന്ത്രി പറയുമെന്നും അവര്‍ ചോദിക്കുന്നു.

പ്രധാനമന്ത്രി വിചാരിച്ചാല്‍ 24 മണിക്കൂറില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാമെന്നിരിക്കേ മൗനം തുടരുന്നതാണ് അത്ഭുതമെന്നു കോണ്‍ഗ്രസ് വക്താവ് അജോയ് കുമാര്‍ പറയുന്നു. എന്തു രഹസ്യ അജണ്ടയാണ് ഇതിനു പിന്നിലുള്ളതെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം. ഓസ്‌ട്രേലിയയിലോ കാനഡയിലോ ഒരു ക്ഷേത്രത്തിനു നേരെ ആക്രമണം ഉണ്ടായാല്‍ പ്രതികരിക്കുന്ന ഇന്ത്യന്‍ സര്‍ക്കാര്‍, മണിപ്പൂരില്‍ 600 ലേറേ ആരാധനാലയങ്ങള്‍ ചുട്ടെരിച്ചിട്ടും തച്ചുതകര്‍ത്തിട്ടും ഒന്നും മിണ്ടാത്തതെന്താണെന്നും അജോയ് കുമാര്‍ ചോദിക്കുന്നു. 1949 ല്‍ ഇന്ത്യയില്‍ ലയിച്ച സംസ്ഥാനമാണ് മണിപ്പൂര്‍, ഇപ്പോള്‍ അവിടുത്തെ യുവാക്കള്‍ ചോദിക്കുന്നത്, മണിപ്പൂരിനെ ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നില്ലേയെന്നാണ്. ‘ ആദിപുരുഷിന്റെ സംഭാഷണ രചയിതാവ് മനോജ് മുന്‍താഷിറിനെ കാണാന്‍ സമയം അനുവദിച്ച മോദിക്ക് മണിപ്പൂരില്‍ നിന്നുള്ള സമാധനകാംക്ഷികളെ കാണാന്‍ സമയമില്ലെന്നും അദ്ദേഹം പരിഹസിക്കുന്നു.

കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം നടത്തുന്ന ബിജെപി സര്‍ക്കാരുകളെയാണ് മണിപ്പൂര്‍ കലാപത്തില്‍ പ്രതിനിധി സംഘം കുറ്റപ്പെടുത്തുന്നത്. കലാപം അവസാനിപ്പിക്കുന്നതില്‍ ഭരണനേതൃത്വങ്ങള്‍ പരാജയപ്പെട്ടുവെന്ന് അവര്‍ ആരോപിക്കുന്നു. മണിപ്പൂര്‍ ഇന്ത്യയിലാണെന്നും, അതൊരു ദേശീയ വിഷയമാണെന്നും മോദിയെ പ്രതിപക്ഷം ഓര്‍മിപ്പിക്കുന്നു. മണിപ്പൂരിന്റെ തെരുവുകള്‍ ആയുധധാരികളായ കലാപകാരികള്‍ കൈയടക്കിയിരിക്കുന്നു. മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംസ്ഥാനത്ത് അശാന്തി പരത്തിയത്, അതിപ്പോഴും നാള്‍ക്കുനാള്‍ മോശമാവുകയാണ്. മുഖ്യമന്ത്രി ബിരേന്‍ സിംഗ് പൂര്‍ണ പരാജയമാണെന്ന് പ്രതിപക്ഷം മാത്രമല്ല, സിവില്‍ സമൂഹവും കുറ്റപ്പെടുത്തുന്നു. ക്രമസമാധാന നില ആകെ തകര്‍ന്നു കിടക്കുന്നു. മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തര വകുപ്പും കൈകാര്യം ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരോ പ്രധാനമന്ത്രിയോ ഒന്നും ചെയ്യുന്നില്ല. പ്രധാനമന്ത്രിയെ ‘ കാണാനില്ലെന്ന പോസ്റ്ററും വ്യാപിക്കുന്നുണ്ട്! പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, മണിപ്പൂരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുടെ രണ്ടു സംഘങ്ങളും പ്രധാനമന്ത്രിയെ കാണാന്‍ ജൂണ്‍ 15 മുതല്‍ ഡല്‍ഹിയില്‍ തമ്പടിച്ചിരുന്നു. അവര്‍ക്കും പക്ഷേ മോദിയെ കാണാന്‍ സാധിച്ചില്ല. ഈ ഒമ്പതംഗ സംഘം ബിരേന്‍ സിംഗിന്റെ പാര്‍ട്ടിയിലെ എതിരാളികളാണെന്നാണ് പറയുന്നത്.

മണിപ്പൂരിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി വാജ്‌പേയി കാണിച്ച ഉത്തരവാദിത്തം മോദിയെ ഓര്‍മിപ്പിക്കുന്നുണ്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ്. 2001 ജൂണ്‍ 18 ന് സമാന സാഹചര്യം മണിപ്പൂരില്‍ ഉടലെടുത്തിരുന്നു. ഈ സമയത്ത് പ്രധാനമന്ത്രിയായിരുന്ന വാജ്‌പേയ് ആ സ്ഥാനത്തിന്റെ ഉത്തരവാദിത്തം കാണിച്ചു. വെറും ആറ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് കലാപം അവസാനിപ്പിച്ചു. സംസ്ഥാനത്ത് നിന്നുള്ള സര്‍വകക്ഷി സംഘവുമായി 2002 ജൂണ്‍ 24 ന് വാജ്‌പേയ് കൂടിക്കാഴ്ച്ച നടത്തി. ജൂലൈ എട്ടിന് അന്നത്തെ ആഭ്യന്തര മന്ത്രിയായ എല്‍ കെ അദ്വാനിയും സര്‍വകക്ഷി സംഘവുമായി ചര്‍ച്ച നടത്തി. രണ്ട് ഘട്ടത്തിലും മണിപ്പൂരില്‍ സാധാരണ നില പുനഃസ്ഥാപിക്കാന്‍ ഭരണകൂടവുമായി സഹകരിക്കാനും എല്ലാവരും ശാന്തത പാലിക്കാനും പ്രധാനമന്ത്രി വാജ്‌പേയ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ഇത്തവണ പത്ത് പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങള്‍ ദിവസങ്ങള്‍ കാത്തിരുന്നിട്ടും ഇപ്പോഴത്തെ പ്രധാനമന്ത്രി അവരെ കാണാന്‍ തയ്യാറായില്ല. മന്‍ കി ബാത്തിനു പകരം മണിപ്പൂര്‍ കി ബാത്തിന് മോദി തയ്യാറകണമെന്നാണ് ജയറാം രമേഷ് ആവശ്യപ്പെട്ടത്.

ഗുജറാത്തിലുണ്ടായ ചുഴലിക്കാറ്റിനെ കുറിച്ചും 40 വര്‍ഷം മുന്‍പുള്ള അടിയന്തരാവസ്ഥയെക്കുറിച്ചും സംസാരിക്കാന്‍ സമയം കണ്ടെത്തിയിട്ടും ഞായറാഴ്ചത്തെ ‘മന്‍ കി ബാത്തില്‍’ മണിപ്പൂരിനെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി മോദി തയ്യാറാകാതിരുന്നതിനെ മണിപ്പൂരിലെ ഏറ്റവും ആദരണീയനായ നാടകകൃത്തും സംവിധായകനുമായ രത്തന്‍ തിയാമും വിമര്‍ശിക്കുന്നുണ്ട്. ദി വയറിനുവേണ്ടി കരണ്‍ ഥാപ്പര്‍ നടത്തിയ അരമണിക്കൂര്‍ വീഡിയോ അഭിമുഖത്തില്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ മുന്‍ ചെയര്‍പേഴ്‌സണും ഡയറക്ടറുമായ തിയാം പറയുന്നത്, മണിപ്പൂരിന്റെ ദുരിതം കണ്ട് തന്റെ ഹൃദയം തകര്‍ന്നിരിക്കുകയാണെന്നാണ്. മെയ്‌തേയ്-കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത അനുരഞ്ജനത്തിലൂടെ അവസാനിപ്പിക്കാന്‍ കഴിയാത്തതെന്തുകൊണ്ടാണെന്ന ചോദ്യമാണ് അദ്ദേഹം ഭരണകൂടത്തിനോടായി ചോദിക്കുന്നത്. ഏറ്റവും ആവശ്യമുള്ള സമയത്ത് പ്രധാനമന്ത്രി മണിപ്പൂരിനോട് മുഖംതിരിച്ചു നില്‍ക്കുകയാണ്. ഒന്നുകില്‍ പ്രധാനമന്ത്രി പ്രതിസന്ധിയുടെ ഗൗരവം മനസിലാക്കുന്നില്ല, അല്ലെങ്കിലത് കാര്യമാക്കുന്നില്ല’ എന്നാണു തിയാം പറയുന്നത്. ‘ ഞങ്ങള്‍ എവിടെ പോകണം, എന്തു ചെയ്യണം എന്ന അസ്തിത്വവാദപരമായ ചോദ്യങ്ങളാണ് മണിപ്പൂര്‍ ജനത ഇപ്പോള്‍ ഉയര്‍ത്തുന്നത്. രാജ്യവും മാധ്യമങ്ങളും തങ്ങളെ അവഗണിച്ചും പുറംതിരിഞ്ഞും നില്‍ക്കുകയാണെന്ന തോന്നലാണ് മണിപ്പൂര്‍ ജനതയ്ക്ക് ഇപ്പോഴുള്ളതെന്നും രത്തന്‍ തിയോം പറയുന്നു. ഞായറാഴ്ച്ചത്തെ മന്‍ കി ബാത്തില്‍ മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി എന്തെങ്കിലും പറയുമെന്ന് മണിപ്പൂരിലെ ജനങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, അതുണ്ടാകാതിരുന്നതിന്റെ ദേഷ്യത്തില്‍ ആളുകള്‍ റേഡിയോ സെറ്റുകള്‍ റോഡില്‍ എറിഞ്ഞുടച്ചുവെന്നാണ് പ്രതിപക്ഷ കക്ഷികള്‍ പറയുന്നത്.

Share on

മറ്റുവാര്‍ത്തകള്‍